ട്രംപുമായി തെറ്റിപ്പിരിഞ്ഞ് നേരെ ലണ്ടനിലേക്ക്; സെലന്‍സ്‌കിയെ ആലിംഗനം ചെയ്ത് യുകെ പ്രധാനമന്ത്രി

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ചൂടേറിയ വാക്‌പോരിനു ശേഷം യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി യു.എസില്‍ നിന്ന് നേരെ പോയത് ലണ്ടനിലേക്ക്. വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച എങ്ങുമെത്താതെ അലസിപ്പിരിഞ്ഞതിനു പിന്നാലൊണ് സെലന്‍സ്‌കി ലണ്ടനില്‍ എത്തിയത്. അമേരിക്കയില്‍ സെലന്‍സ്‌കിക്ക് ട്രംപിന്റെ മേധാവിത്വമാണ് കാണേണ്ടി വന്നതെങ്കില്‍ യു.കെയില്‍ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ആലിംഗനം ചെയ്താണ് സെലന്‍സ്‌കിയെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ വരവേറ്റത്. റഷ്യക്കെതിരേയുള്ള യുദ്ധത്തില്‍ യുക്രൈന് പൂര്‍ണ പിന്തുണയും കെയര്‍ സ്റ്റാര്‍മര്‍ വാഗ്ദാനം ചെയ്തു.

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിങ് സ്ട്രീറ്റിനു മുന്നിലെത്തിയ സെലന്‍സ്‌കിയെ ആര്‍പ്പുവിളികളോടെയാണ് സ്വീകരിച്ചത്. തുടര്‍ന്ന് ഇരുവരും കൂടിക്കാഴ്ച നടത്തി. യുകെയ്ക്കു പുറമേ നാറ്റോ അംഗ രാജ്യങ്ങളും ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ സഖ്യരാജ്യങ്ങളും യുക്രൈന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Zelenskyy-Keir Starmer

'പുറത്തെ തെരുവില്‍ നിങ്ങള്‍ കേട്ട ആരവങ്ങള്‍ പോലെ, യുകെയിലുടനീളം നിങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുണ്ട്' - ഇതാണ് സെലന്‍സ്‌കിയോട് സ്റ്റാര്‍മര്‍ പറഞ്ഞത്. എത്ര കാലം വേണമെങ്കിലും ഞങ്ങള്‍ യുക്രൈനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍മറിനും യുകെയിലെ ജനങ്ങള്‍ക്കും അവരുടെ പിന്തുണയ്ക്കും സെലന്‍സ്‌കി നന്ദി പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ച്ചയില്‍ ട്രംപിന്റെ സെലന്‍സ്‌കിയോടുള്ള പെരുമാറ്റത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. 2022-ല്‍ ആരംഭിച്ച റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും സ്വീകരിച്ചുവന്നിരുന്ന യുക്രൈന്‍ അനുകൂല നിലപാടിനു മേലാണ് ട്രംപ് കോടാലി വച്ചത്. യുദ്ധത്തില്‍ യുഎസ് നല്‍കിയ സഹായത്തിന് നന്ദി പ്രകടിപ്പിക്കാത്തതിന് ട്രംപും യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും സെലന്‍സ്‌കിയെ പരസ്യമായി വിമര്‍ശിച്ചു. തത്സമയ സംപ്രേക്ഷണമായി ഇത് ലോകം മുഴുവന്‍ കാണുകയും ചെയ്തു.

റഷ്യയുമായുള്ള യുദ്ധം ചര്‍ച്ചയിലൂടെ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി യുക്രൈന്റെ ധാതുസമ്പത്തില്‍ യുഎസിന് പ്രവേശനം നല്‍കുന്ന ഒരു കരാറില്‍ ഒപ്പിടാന്‍ ട്രംപ് സമ്മര്‍ദം ചെലുത്തുകയും സെലന്‍സ്‌കി ഒപ്പിടാന്‍ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വൈറ്റ് ഹൗസില്‍ നടന്ന നാടകീയ സംഭവങ്ങളോടെ കരാറില്‍ അന്തിമ തീരുമാനമെടുക്കാതെ സെലന്‍സ്‌കി യുഎസ് വിടുകയായിരുന്നു.

ഞായറാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ മറ്റ് യൂറോപ്യന്‍ നേതാക്കളുമായി ഉച്ചകോടി സംഘടിപ്പിക്കുന്നുണ്ട്. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ യുക്രൈനെ എങ്ങനെ പിന്തുണയ്ക്കാമെന്ന് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും. ഫ്രാന്‍സ്, ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, ഇറ്റലി, നെതര്‍ലന്‍ഡ്സ്, നോര്‍വേ, പോളണ്ട്, സ്പെയിന്‍, തുര്‍ക്കി, ഫിന്‍ലാന്‍ഡ്, സ്വീഡന്‍, ചെക്കിയ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളും നാറ്റോ സെക്രട്ടറി ജനറല്‍, യൂറോപ്യന്‍ കമ്മീഷന്‍, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റുമാരും ഉച്ചകോടിയില്‍ പങ്കെടുക്കും.

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും യുക്രൈന് നല്‍കുന്ന പിന്തുണ സംബന്ധിച്ചും യൂറോപ്യന്‍ നേതാക്കള്‍ ഉച്ചകോടിയില്‍ ചര്‍ച്ച നടത്തും. അതിനു മുന്നോടിയായി യുദ്ധത്തില്‍ യുക്രൈന്റെ പ്രതിരോധത്തിനായി 2.84 ബില്യണ്‍ ഡോളര്‍ വായ്പ നല്‍കുമെന്ന് സ്റ്റാമര്‍ അറിയിച്ചു. ചാള്‍സ് മൂന്നാമന്‍ രാജാവുമായും സെലന്‍സ്‌കി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

സെലന്‍സ്‌കിയല്ല, പുടിനാണ് മൂന്നാം ലോകമഹായുദ്ധത്തിനായി കളമൊരുക്കുന്നത് എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചത്. ട്രംപിന്റെ പെരുമാറ്റത്തെ ജര്‍മ്മന്‍ പ്രസിഡന്റ് ഫ്രാങ്ക്-വാള്‍ട്ടര്‍ സ്റ്റെയ്ന്‍മിയറും വിമര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+