ടൂറിസം വികസനത്തിനൊരുങ്ങി ഇരിട്ടി; പെരുമ്പറമ്പ് ഇക്കോ പാര്‍ക്കില്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കമായി
ഇരിട്ടി: മലയോര നഗരവും കണ്ണൂര്‍ ജില്ലയിലെ വാണിജ്യകേന്ദ്രവുമായ ഇരിട്ടിയില്‍ ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. പായം പഞ്ചായത്തിലെ പെരുമ്പറമ്പില്‍ സ്ഥിതി ചെയ്യുന്ന ഇരിട്ടി ഇക്കോ പാര്‍ക്കില്‍ 90 ലക്ഷം രൂപ മുതല്‍ മുടക്കില്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കമായി. പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി. ദിവ്യ നിര്‍വഹിച്ചു
കേരള ടൂറിസം ഡെസ്റ്റിനേഷന്‍ ചലഞ്ചില്‍ ഉള്‍പ്പെടുത്തി ഒരു പഞ്ചായത്തില്‍ ഒരു വിനോദസഞ്ചാര കേന്ദ്രം എന്ന ഗവണ്‍മെന്റിന്റെയും, ടൂറിസം വകുപ്പിന്റെയും ഭാഗമായിട്ട് ത്രിതല പഞ്ചായത്തുകളുടെയും കേരള ടൂറിസം വകുപ്പിന്റെയും സംയുക്ത ഫണ്ടുകള്‍ ഉപയോഗിച്ചാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തലത്തില്‍ 40 ലക്ഷം രൂപയും ടൂറിസം വകുപ്പ് 50 ലക്ഷം രൂപയുമാണ് പദ്ധതി വിനിയോഗത്തിനായി നല്‍കുന്നത്.

കോമ്പൗണ്ട് ഫെന്‍സിംഗ്, കവാടം, ആധുനിക രീതിയിലുള്ള ശുചി മുറികള്‍, വിശ്രമ മുറികള്‍, ഓപ്പണ്‍ ഓഡിറ്റോറിയം, വാച്ച് ടവര്‍, കുട്ടികളുടെ പാര്‍ക്ക്, ലൈറ്റിംഗ് സിസ്റ്റം, നടപ്പാത, കുടിവെള്ള സംവിധാനം തുടങ്ങിയ പ്രവൃത്തികളാണ് ഇതിന്റെ ഭാഗമായി നടക്കുക. പായം ഇക്കോ ടൂറിസം പദ്ധതി ഇരിട്ടിയുടെ ടൂറിസം വികസനത്തിന് വന്‍കുതിപ്പേകുമെന്നാണ് പ്രതീക്ഷ. മലയോര നഗരമായ ഇരിട്ടി കര്‍ണാടകവുമായി അടുത്ത് കിടക്കുന്ന കണ്ണൂര്‍ ജില്ലയിലെ സ്ഥലങ്ങളിലൊന്നാണ്.
പരിപാടിയില്‍ പായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. രജനി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയി കുര്യന്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ഹമീദ്, പായം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. എം. വിനോദ് കുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എന്‍. ജെസി, വി. പ്രമീള, മുജീബ് കുഞ്ഞികണ്ടി, ഷൈജന്‍ ജേക്കബ്, പി. വി. രമാവതി, മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. മോഹനന്‍, സക്കീര്‍ ഹുസൈന്‍, ഗ്രാമ ഹരിത സമിതി പ്രസിഡണ്ട് സുശീല്‍ ബാബു, വി. കെ. സുനീഷ് , അസിസ്റ്റന്റ് എഞ്ചീനിയര്‍ ബെന്നി ജോസഫ് , പി. അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.












Click it and Unblock the Notifications