കണ്ണൂർ കോർപ്പറേഷ് കനത്ത തിരിച്ചടി: വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കരുതെന്ന് കോടതി
കണ്ണൂർ: കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ കണ്ണൂർ നഗരത്തിലെ വഴിയോര കച്ചവടക്കാരെ കൂട്ടത്തോടെ ഒഴിപ്പിക്കാനുള്ള കണ്ണുർ കോർപറേഷൻ്റെ നീക്കത്തിന് കനത്ത തിരിച്ചടി. നഗരത്തിലെ വഴിയോരകച്ചവടക്കാരെ ഒഴിപ്പിക്കുന്നത് സ്റ്റേ ചെയ്തു കൊണ്ടുള്ള കോടതി ഉത്തരവാണ് കോർപറേഷൻ അധികൃതരുടെ നീക്കങ്ങൾക്ക് തിരിച്ചടിയായത്.
കണ്ണൂർ കോർപ്പറേഷൻ അനുവദിച്ച തിരിച്ചറിയൽ കാർഡുള്ള നഗരത്തിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള കോർപ്പറേഷൻ അധികൃതരുടെ ശ്രമത്തെ തുടർന്ന് കേനനൂർ ഫുട്പാത്ത് മർച്ചന്റ് അസോസിയേഷൻ (എഐടിയുസി) സെക്രട്ടറി എസ് രാജു തുടങ്ങിയവർ സമർപ്പിച്ച ഹർജിയിലാണ് സ്റ്റേ അനുവദിച്ചത്. കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ സെക്രട്ടറി, മേയർ എന്നിവരെ എതിർകക്ഷികളാക്കിയാണ് യൂണിയൻ നേതാവ് കോടതിയെ സമീപിച്ചത്.
വഴിയോര കച്ചവടത്തെ തടസ്സപ്പെടുത്തരുതെന്നും, വർഷങ്ങളായി കച്ചവടം ചെയ്തുവരുന്ന ഇപ്പോഴത്തെ സ്ഥലത്തു നിന്നും ഒഴിപ്പിക്കരുതെന്നും കാണിച്ചുള്ള ഹർജിയിലാണ് സ്റ്റേ അനുവദിച്ചത്.

വഴിയോരകച്ചവടക്കാരുടെ സംരക്ഷണവും, ജീവനോപാധികളുടെ സംരക്ഷണവും സംബന്ധിച്ച നിയമം 2014 കേന്ദ്ര ഗവർമ്മെണ്ട് പാർലിമെൻറിൽ പാസ്സാക്കിയതിനെത്തുടർന്ന് കേരള സർക്കാർ രൂപീകരിച്ച ചട്ട പ്രകാരം പരാതിയും തർക്കവും കേൾക്കുന്നതിന് രൂപീകരിച്ച കമ്മിറ്റിയുടെ അദ്ധ്യക്ഷൻ റിട്ട: ജില്ലാ ജഡ്ജി എം എ നിസാർ ആണ് മേൽ ഹരജിയിൽ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത്പ്രകാരം ഇവരെ ഒഴിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് താൽക്കാലിക സ്റ്റേ ഉത്തരവ് നൽകുകയും കോർപ്പറേഷൻ സെക്രട്ടറി കമ്മിറ്റി മുമ്പാകെ ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ കോൺഗ്രസ് അനുകൂല ട്രേഡ് യൂനിയനായ ഐഎൻടിയുസിയും പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു സംസ്ഥാന സർക്കാരിൻ്റെ ചട്ടുകമായി പ്രവർത്തിക്കുകയാണ് കണ്ണൂർ കോർപറേഷനെന്ന് ഐഎൻടിയുസി ജില്ലാ നേതൃത്വം ആരോപിച്ചിരുന്നു. ഒരാഴ്ച്ച മുൻപാണ് കൊവിഡ്നിയന്ത്രണങ്ങളുടെ ഭാഗമായി കണ്ണുർ നഗരത്തിലെ തെരുവ് കച്ചവടക്കാർ ഒഴിഞ്ഞു പോകണമെന്ന് കോർപറേഷൻ അധികൃതർ ആവശ്യപ്പെട്ടത്.












Click it and Unblock the Notifications