കൊട്ടിയൂര്‍ വൈശാഖോത്സവം ഒരുക്കങ്ങൾ തയ്യാർ: ഇക്കുറി വന്‍ഭക്ത ജനപ്രവാഹം
കൊട്ടിയൂര്‍: ദക്ഷിണ കാശിയെന്ന് അറിയപ്പെടുന്ന കൊട്ടിയൂര്‍ വൈശാഖോത്സവത്തിന്റെ നാളുകുറിക്കുന്ന പ്രക്കൂഴം ചടങ്ങുകള്‍ ഏപ്രില്‍ 18ന് നടക്കും. ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്ര സന്നിധിയിലെ കുത്തോട് മണ്ഡപത്തിലാണ് ഉത്സവ നാളുകളും സമയ ക്രമങ്ങളും കുറിക്കുക.
ക്ഷേത്ര അടിയന്തരക്കാരായ ഊരാളന്മാര്‍, കണക്കപിള്ള, സമുദായി എന്നിവരുടെ സാന്നിധ്യത്തിലാണ് മഹോത്സവനാളുകള്‍ കുറിക്കുന്നത്. തണ്ണീര്‍കുടി, നെല്ലളവ്, അവില്‍ അളവ്, ആയില്യാര്‍ കാവില്‍ ഗൂഢപൂജ എന്നിവയാണ് പ്രക്കൂഴത്തിലെ പ്രധാന ചടങ്ങുകള്‍.

പ്രക്കൂഴത്തിനു വിളക്ക് തെളിക്കാനുള്ള പശുവിന്‍നെയ്യ് മാലൂര്‍പടി ക്ഷേത്രത്തില്‍നിന്ന് സ്ഥാനികനായ കൂട്ടേരി നമ്പ്യാരും അവില്‍ കാക്കയങ്ങാട് പാലാ നരസിംഹ ക്ഷേത്രത്തില്‍നിന്ന് മേല്‍ശാന്തിയുമാണ് എഴുന്നള്ളിക്കുന്നത്.
ക്ഷേത്ര അടിയന്തരക്കാരായ ഒറ്റപ്പിലാന്‍, പുറംകലയന്‍, ജന്മാശാരി, പെരുവണ്ണാന്‍ തുടങ്ങിയവരാണ് തണ്ണീര്‍കുടി ചടങ്ങ് നടത്തുക.അര്‍ധരാത്രി ആയില്യാര്‍ക്കാവില്‍ ക്ഷേത്രം ജന്മശാന്തി പടിഞ്ഞീറ്റ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഗൂഢപൂജ നടക്കും. പ്രക്കൂഴം കഴിയുന്നതോടെ നെയ്യമൃത് സംഘങ്ങളും ഇളനീര്‍മഠങ്ങളും സജീവമാകും.
നെയ്യമൃത്, ഇളനീര്‍സംഘങ്ങള്‍ മഠങ്ങളില്‍ പ്രവേശിച്ച് വ്രതാനുഷ്ഠാനങ്ങള്‍ തുടങ്ങും.കഴിഞ്ഞ രണ്ടുവര്‍ഷം കടുത്ത നിയന്ത്രണങ്ങളോടെയാണ് കൊട്ടിയൂര്‍ വൈശാഖമഹോത്സവം നടത്തിയിരുന്നത്. അതുകൊണ്ടു തന്നെ ഇക്കുറി വന്‍ജനസഞ്ചയമുണ്ടാകുമെന്നാണ് ക്ഷേത്രംഭാരവാഹികള്‍ പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications