ഉളിക്കലിലെ ജോസിന്റെ മരണം കാട്ടാനയുടെ ചവിട്ടേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
ഇരിട്ടി: ഉളിക്കലിലെ ജോസിന്റെ മരണം കാട്ടാനയുടെ ചവിട്ടേറ്റെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മരണ കാരണം നെഞ്ചിന് ചവിട്ടേറ്റതാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തില്‍ ആന ചവിട്ടിയ പാടുകളുണ്ടെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ആന ഓടിയ വഴിയില്‍ വ്യാഴാഴ്ച്ച രാവിലെയാണ് ജോസിന്റെ മൃതദേഹം കണ്ടെത്തിയത്. ഉളിക്കല്‍ ടൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്ച്ച രാവിലെ ആറുമണിയോടെ നാട്ടിലിറങ്ങിയ ആനയെ കാണാനെത്തിയ ആളുകളുടെ കൂട്ടത്തില്‍ ജോസുമുണ്ടായിരുന്നു. ഇദ്ദേഹം കൊല്ലപ്പെടുന്നതിന് തൊട്ട് മുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉളിക്കല്‍ ലത്തീന്‍ പള്ളിയുടെ സമീപത്താണ് ആനയെ ആദ്യം കണ്ടത്. ഇതിന് സമീപത്തുള്ള കശുമാവിന്‍ തോട്ടത്തിലാണ് ജോസിന്റെ മൃതദേഹം കണ്ടെത്തിയത്. തോട്ടത്തിലൂടെയാണ് അടുത്തുള്ള സ്‌കൂളിലേക്ക് ആന പോയത്.

പ്രദേശത്തിറങ്ങിയ കാട്ടാന രാത്രി തന്നെ വനത്തില്‍ പ്രവേശിച്ചതായി വനം വകുപ്പ് അറിയിച്ചിരുന്നു. ഇതോടെ നാശനഷ്ടങ്ങളൊന്നുമുണ്ടായില്ലെന്ന ആശ്വാസത്തിലായിരുന്നു ജനങ്ങള്‍. എന്നാല്‍ അതിനിടയിലാണ് മരണവിവരം പുറത്തുവന്നത്. കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലകളില്‍ നിരന്തരമുണ്ടാകുന്ന കാട്ടാന ഭീഷണിക്ക് ശാശ്വത പരിഹാരം കാണണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു
ഉളിക്കല്‍ ടൗണില്‍ ഒരു ദിവസം മുഴുവന്‍ ആളുകളെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് കാട്ടാനയെ കര്‍ണാടക വനത്തിലേക്ക് തുരത്താന്‍ സാധിച്ചത് ജനവാസമേഖലകളില്‍ ഇതു പോലെ അപ്രതീക്ഷിതമായി കാട്ടാനയിറങ്ങുന്നത് വലിയ മുന്നറിയിപ്പാണ്. വനാതിര്‍ത്തിയില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെ സ്‌കൂളും കോളേജും പൊതു സ്ഥാപനങ്ങളുമുള്ള ജനവാസ മേഖലയില്‍ പോലും കാട്ടാന എത്തുന്നുവെന്നത് കാര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുകയാണ്.
കര്‍ണാടക വനത്തോട് ചേര്‍ന്നു കിടക്കുന്ന മലയോര ടൗണുകളില്‍ ഇതു പോലെ കാട്ടാനകള്‍ ഇറങ്ങിയാല്‍ അത് വലിയ ഭീഷണി തന്നെയാണ്. കര്‍ണാടക വനാതിര്‍ത്തികളിലെല്ലാം ആനകളിറങ്ങുന്നത് പ്രതിരോധിക്കാന്‍ ശാസ്ത്രീയ സംവിധാനമുണ്ടാക്കണം. എപ്പോഴും നാട്ടിലിറങ്ങുന്ന കാട്ടാനകളെ ആപത്തൊന്നും കൂടാതെ തുരത്തിയോടിക്കാന്‍ സാധിച്ചെന്നു വരില്ല.
ഉളിക്കലില്‍ ആനയുടെ ചവിട്ടേറ്റ് ഒരു ജീവന്‍ നഷ്ടമായി. ഉളിക്കലില്‍ കൂടുതല്‍ ജീവാപായമോ നാശനഷ്ടങ്ങളോ കൂടാതെ കാട്ടാനയെ തുരത്താന്‍ ഫലപ്രദമായി പ്രവര്‍ത്തിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കിയ ജനപ്രതിനിധികളും നാട്ടുകാരും പ്രശംസനീയമായ പ്രവര്‍ത്തനമാണ് നടത്തിയത്. ജനവാസമേഖലകളില്‍ കാട്ടാനയിറങ്ങിയാല്‍ ഏതു രീതിയില്‍ മുന്‍കരുതലെടുക്കണമെന്നത് സംബന്ധിച്ച കൃത്യമായ അവബോധം ജനങ്ങളിലുണ്ടാക്കാന്‍ ആവശ്യമായ ബോധവത്കരണം നടത്താന്‍ നടപടി ഉണ്ടാകണം.
ഉളിക്കലില്‍ കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച ജോസിന്റെ കുടുംബത്തിന് അടിയന്തിര നഷ്ടപരിഹാരം നല്‍കണമെന്ന് ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ജോസിന്റെ സംസ്‌കാര ചടങ്ങില്‍ സംബന്ധിച്ച് അന്ത്യാഞ്ജലി അര്‍പ്പിച്ചു.












Click it and Unblock the Notifications