ടാങ്കർ ലോറിയിലെ ആസിഡ് ചോർച്ച: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 10 വിദ്യാർത്ഥികൾ ചികിത്സ തേടി
പഴയങ്ങാടി: ടാങ്കർ ലോറിയിൽ നിന്നും ആസിഡ് ചോർന്നതിനെ തുടർന്ന് പഴയങ്ങാടി ക്രസന്റ് നഴ്സിംഗ് കോളേജിലെ നിരവധി വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. ശനിയാഴ്ച്ച രാവിലെയാണ് സംഭവം. ഇതേ തുടർന്ന് ഒരു കിലോമീറ്റർചുറ്റളവിലെ വീടുകളിൽ നിന്ന് ആളുകളെ അധികൃതർ മാറ്റിയിട്ടുണ്ട്. എട്ടു വിദ്യാർത്ഥികളെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിൽ സാരമായി അവശത അനുഭവപ്പെട്ട രണ്ടു പേരെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് ടാങ്കർ ലോറിയിൽ നിന്ന് ഹൈഡ്രോക്ലോറിക് ആസിഡ് ചോർന്നത്.
കർണാടകയിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറി പിലാത്തറ – പാപ്പിനിശേരി കെ.എസ്. ടി. പി റോഡിൽ പഴയങ്ങാടി രാമപുരം ഭാഗത്തു എത്തിയപ്പോഴാണ് ആസിഡ് ചോർച്ച ഉണ്ടായത്. ഇതേ തുടർന്ന് അപകടാവസ്ഥ ഒഴിവാക്കുന്നതിനായി ടാങ്കർ ലോറി സമീപത്തെ ഒഴിഞ്ഞ സ്ഥലത്തേക്ക് എത്തിച്ച് ഹൈഡ്രോ ക്ലോറിക്ക് ആസിഡ് ഒഴുക്കി കളയുകയായിരുന്നു. എന്നാൽ ഇതു ഫലപ്രദമല്ലാത്തതിനെ തുടർന്ന് ശനിയാഴ്ച്ച രാവിലെ പത്തുമണിയോടെ മറ്റൊരു ടാങ്കർ ലോറി എത്തിച്ച് അതിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടെയാണ് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥികളെ നാട്ടുകാരുടെ സഹായത്തോടെ സ്‌കൂൾ അധികൃതർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വിവരമറിഞ്ഞ് പയ്യന്നൂരിൽ നിന്നും ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയിരുന്നു.












Click it and Unblock the Notifications