കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ വീട്ടിലെത്തി വോട്ടിംഗ്; ആദ്യദിനം 1308 പേര്‍ പോസ്റ്റല്‍ വോട്ട് ചെയ്തു
കണ്ണൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ വീട്ടിലെത്തി വോട്ട് ചെയ്യിപ്പിക്കലിന് തുടക്കമായി. ഏഴു നിയമസഭ മണ്ഡലങ്ങളിലായി ആദ്യദിനം 1308 പേര്‍ പോസ്റ്റലില്‍ വോട്ട് രേഖപ്പെടുത്തി. ഭിന്നശേഷിക്കാരുടെയും 85 വയസ്സ് കഴിഞ്ഞവരുടെയുമാണ് വോട്ട് രേഖപ്പെടുത്തുന്നത്. ആദ്യദിനം 85 വയസ് കഴിഞ്ഞ 1008 പേരും 300 ഭിന്നശേഷിക്കാരുമാണ് പോസ്റ്റല്‍ വോട്ടിങ് സൗകര്യം പ്രയോജനപ്പെടുത്തിയത്.
വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകള്‍ തിങ്കളാഴ്ച രാത്രി തന്നെ ഉപവരണാധികാരിക്ക് കൈമാറി സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ അതാത് നിയമസഭ മണ്ഡലത്തിലെ വിതരണ കേന്ദ്രത്തില്‍ നിന്ന് പോസ്റ്റല്‍ ബാലറ്റുകള്‍ ഉപവരണാധികാരിയില്‍ നിന്നു സ്വീകരിച്ചാണ് അര്‍ഹരായവരുടെ വീടുകളിലെത്തി വോട്ട് ചെയ്യിപ്പിക്കലിന് തുടക്കമായത്. ആദ്യദിവസം വോട്ടര്‍ വീട്ടിലില്ലെങ്കില്‍ ടീം വേറൊരു ദിവസം ആ വോട്ടറുടെ വീട്ടില്‍ വരികയും വോട്ടു ചെയ്യാനുള്ള സൗകര്യം ഒരുക്കുകയും ചെയ്യും.

രണ്ടാമത്തെ സന്ദര്‍ശനത്തിന്റെ തീയതി ആദ്യ സന്ദര്‍ശന വേളയില്‍ തന്നെ വോട്ടറുടെ വീട്ടുകാരെ അറിയിക്കുന്നുണ്ട്. ഇത് ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ പിന്നീട് മറ്റൊരവസരം ലഭിക്കില്ല. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴു നിയമസഭ മണ്ഡലങ്ങളിലായി 10960 പേരാണ് പോസ്റ്റല്‍ ബാലറ്റിന് അര്‍ഹരായിട്ടുള്ളത്. ഏഴ് നിയമസഭ മണ്ഡലങ്ങളിലായി 149 ടീമുകളായാണ് വോട്ട് ചെയ്യിപ്പിക്കുന്നത്.
ഒരു ടീമില്‍ രണ്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, ഒരു വീഡിയോഗ്രാഫര്‍, പൊലീസ്, സൂക്ഷ്മ നിരീക്ഷകന്‍ എന്നിവരുണ്ട്. കൂടാതെ സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍ക്കും ഇവര്‍ക്കൊപ്പം പോകാം. ഇതിനിടെ മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ പോസ്റ്റല്‍ വോട്ടിങ് ക്രമീകരണം ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ വിലയിരുത്തി. നിയമസഭ മണ്ഡലം സ്‌ട്രോങ്ങ് റൂമുകളിലേക്ക് വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകള്‍ മാറ്റുന്നതാണ് കലക്ടര്‍ എത്തി വിലയിരുത്തിയത്.
കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ മുന്‍സിപ്പല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, അഴീക്കോട് മണ്ഡലത്തിലെ പള്ളിക്കുന്ന് ഗവ. വനിത കോളേജ്, തളിപ്പറമ്പ് മണ്ഡലത്തിലെ ടാഗോര്‍ വിദ്യാനികേതന്‍ എന്നിവിടങ്ങളിലെ സ്ട്രോങ്ങ് റൂമുകളിലാണ് കലക്ടര്‍ പരിശോധന നടത്തിയത്. നിയമസഭ മണ്ഡലത്തിലെ വിതരണ കേന്ദ്രത്തില്‍ നിന്ന് പോസ്റ്റല്‍ ബാലറ്റുകള്‍ ഉപവരണാധികാരിയില്‍ നിന്നു സ്വീകരിച്ചാണ് അര്‍ഹരായവരുടെ വീടുകളിലെത്തി വോട്ട് ചെയ്യിപ്പിക്കുന്നത്.
വോട്ട് ചെയ്യിപ്പിച്ച ശേഷം പോസ്റ്റല്‍ ബാലറ്റുകള്‍ ഉപവരണാധികാരിക്ക് കൈമാറി അവ ക്രോഡീകരിച്ച് റിട്ടേങ്ങിങ്ങ് ഓഫീസറുടെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റുന്ന പ്രവര്‍ത്തനമാണ് വിലയിരുത്തിയത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇവ എണ്ണി തിട്ടപ്പെടുത്തി സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയത്. ബുധനാഴ്ച കമ്മീഷനിങ്ങ് നടത്താനിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച നിയമസഭ മണ്ഡലങ്ങളിലെ സ്ട്രോങ്ങ് റൂമുകള്‍, ഇവിഎം കമ്മീഷനിങ്ങ് ഹാള്‍ എന്നിവയുടെ സുരക്ഷയും കലക്ടര്‍ വിലയിരുത്തി.












Click it and Unblock the Notifications