കണ്ണൂരില്‍ പനിബാധിച്ചു ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരണമടഞ്ഞു
കണ്ണൂര്‍: കണ്ണൂരില്‍ പനിബാധിച്ചു ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. ഏര്യം വിദ്യാമിത്രം സ്‌കൂളിന് സമീപം താമസിക്കുന്ന മാലിക്കന്റകത്ത് മുഹമ്മദ് ഷഫീഖ് അസ് അദിയുടെ മകള്‍ അസ്വാ ആമിനയാണ് മരിച്ചത്. കഴിഞ്ഞ പതിനാലുദിവസമായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
പനിബാധിച്ച ബാലിക പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ നേരത്തെ ചികിത്സയിലായിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ച ബാലിക ബുധനാഴ്ച്ച പുലര്‍ച്ചെയാണ് മരിച്ചത്.കഴിഞ്ഞ ദിവസം പനി ബാധിച്ച് നാലുവയസ്സുകാരി ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചിരുന്നു. ഇതില്‍ നാലുപേരുടെ മരണം ഡെങ്കിപ്പനി ബാധിച്ചും ഒരാളുടേത് എച്ച്1എന്‍1 ബാധിച്ചുമാണെന്നാണ് ആരോഗ്യവകുപ്പിന്റെ സംശയം.

12,776 പേരാണ് പനി ബാധിച്ച് ഇന്നലെ ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം 138 പേര്‍ക്ക് ഡെങ്കിയും 13 പേര്‍ക്ക് എലിപ്പനിയും നാലുപേര്‍ക്ക് എച്ച്1എന്‍1ഉം സ്ഥിരീകരിച്ചു. മലപ്പുറത്ത് 2201 പേരും കോഴിക്കോട്ട് 1353 പേരും എറണാകുളത്ത് 1152 പേരും തിരുവനന്തപുരത്ത് 1049 പേരും ചികിത്സ തേടിയിട്ടുണ്ട്. കണ്ണൂരിലെ തന്നെ പിലാത്തറയില്‍ ദിവസങ്ങള്‍ക്കു മുന്‍പ് നാലുവയസുകാരിയും പനി ബാധിച്ചു മരിച്ചിരുന്നു.
മഴക്കാലത്ത് ഡെങ്കിപ്പനി, എലിപ്പനി പോലുള്ള മാരകമായ സാംക്രമിക രോഗങ്ങള്‍ക്കും ജലജന്യ രോഗങ്ങള്‍ക്കും എതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഡെങ്കിപ്പനി, എലിപ്പനി ഉള്‍പ്പെടെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഡെപ്യൂട്ടി ഡിഎംഒ ഡോ. എംപി ജീജ ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അറിയിച്ചു. തുടര്‍ച്ചയായ പനി വരുമ്പോള്‍ സ്വയംചികിത്സ നടത്താതെ കൃത്യമായ വൈദ്യസഹായം തേടുകയും പരിശോധനകള്‍ നടത്തുകയും ചെയ്യുക. ജലജന്യ രോഗങ്ങളായ ഹെപ്പറ്റൈറ്റിസ്, ടൈഫോയ്ഡ് എന്നിവ പകരാതിരിക്കാന്‍ ജലസ്രോതസ്സുകള്‍ മലിനമാവുന്നത് തടയുക. കോവിഡ് കേസുകള്‍ വളരെ കുറഞ്ഞുവന്നിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഡെങ്കിപ്പനി കേസുകള്‍ ഇതുവരെ കുറവാണ് കാണുന്നത്. എങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് മലയോര ഭാഗങ്ങളിലും കോര്‍പറേഷനിലും മുനിസിപ്പാലിറ്റി പ്രദേശങ്ങളിലുമാണ് ഡെങ്കിപ്പനി കേസുകള്‍ കുടുതല്‍. 14 തദ്ദേശ സ്ഥാപനങ്ങള്‍ ഡെങ്കിപ്പനിയുടെ ഹോട്ട്‌സ്‌പോട്ടുകളായി തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ രോഗബാധയുടെയും ഈ വര്‍ഷത്തെ കേസുകളുടെയും അടിസ്ഥാനത്തിലാണിത്. റബ്ബര്‍ പ്ലാന്റേഷനുകള്‍ ഉള്ള സ്ഥലങ്ങളിലാണ് കൂടുതല്‍ കേസുകള്‍. റബ്ബര്‍ പ്ലാന്റേഷനുകളില്‍ ഉപയോഗിക്കാത്ത ചിരട്ടകള്‍ കമിഴ്ത്തി വെക്കാന്‍ ശ്രദ്ധിക്കുക. കൊതുകു നശീകരണത്തിന് കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.












Click it and Unblock the Notifications