പെരിങ്ങത്തൂര്‍ ബോട്ട് ജെട്ടി-പുല്ലൂക്കര തീരദേശ റോഡിന് 50 ലക്ഷം അനുവദിച്ചു
പാനൂര്‍: പെരിങ്ങത്തൂര്‍ ബോട്ട് ജെട്ടി-പുല്ലൂക്കര തീരദേശ റോഡിന് 50 ലക്ഷത്തിന്റെ ഭരണാനുമതി ലഭിച്ചതായി കെ.പി മോഹനന്‍ എം. എല്‍. എ പാനൂര്‍ എം. എല്‍. എ ഓഫീസില്‍ അറിയിച്ചു സര്‍ക്കാര്‍ തലത്തില്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് മീന്‍പിടിത്ത തുറമുഖ എന്‍ജിനിയറിങ് വകുപ്പിനായി തുക അനുവദിച്ചത്.2.78 കോടി രൂപയുടെ ഭരണാനുമതിക്ക് സംസ്ഥാന തുറമുഖ വകുപ്പ് ചീഫ് എന്‍ജിനിയര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ 50 ലക്ഷത്തിന്റെ അനുമതി നല്‍കിയത്.
തുടര്‍ നടപടികള്‍ക്കായി പെരിങ്ങത്തൂര്‍ കടവ് ഭാഗത്ത് തുറമുഖവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തിയിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു. പാനൂര്‍ നഗരസഭയിലെ 18, 17 വാര്‍ഡുകളില്‍ മയ്യഴിപ്പുഴയോട് ചേര്‍ന്നാണ് തീരദേശ റോഡ് നിര്‍മിക്കുക. ചെറുപുല്ലൂക്കരയുടെയും പെരിങ്ങത്തൂരിന്റെയും വികസനത്തിന് വഴിയൊരുക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി വണ്ണാത്തിത്തോട് തുടങ്ങുന്ന ഭാഗത്ത് പാലം നിര്‍മിക്കേണ്ടി വരുമെന്നും എം.എല്‍.എ പറഞ്ഞു.

നിലവില്‍ ഇവിടെ ഒരു ജലസേചന തടയണയുണ്ട്. വെള്ളപ്പൊക്ക ബാധിത പ്രദേശമായ ചെറുപുല്ലൂക്കരക്ക് ഈ തീരദേശ റോഡ് ഗുണകരമാകും.പദ്ധതിക്കായി പുഴയോരത്തെ ഭൂമി അഞ്ചര മീറ്ററിലെങ്കിലും ഉടമകള്‍ സ്വമേധയാ വിട്ടുനല്‍കേണ്ടിവരും. നിര്‍ദിഷ്ട റോഡിന് വേണ്ടിയുള്ള ഭൂരിഭാഗം ഭൂവുടമകളുടെയും സമ്മതപത്രം പാനൂര്‍ നഗരസഭ നേരത്തേ ലഭ്യമാക്കിയിരുന്നു. പുഴയോരത്തെ സംരക്ഷണഭിത്തി കെട്ടാന്‍ ജലസേചനവകുപ്പും മുന്‍കൈയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും എം. എല്‍. എ പറഞ്ഞു.
മയ്യഴിപ്പുഴയിലെ നിര്‍ദിഷ്ട മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം പദ്ധതിയുടെ സുപ്രധാന ഭാഗമായി ഈ തീരദേശ റോഡ് മാറുമെന്നാണ് പ്രതീക്ഷ. നിര്‍ദിഷ്ട റോഡിന് പുഴക്ക് അക്കരെ ഒരു പുതിയ ബോട്ട് ജെട്ടിയുടെ നിര്‍മാണവും അന്തിമഘട്ടത്തിലാണ്.തീരദേശ റോഡുകള്‍ വഴി ഗ്രാമീണ പുഴയോര ഗതാഗതവും വിനോദസഞ്ചാരസാധ്യതകളും തൊഴില്‍വികസനവും സാധ്യമാവുമെന്നാണ് കണക്കുകൂട്ടല്‍. വെള്ളപ്പൊക്കത്തില്‍ സഞ്ചാരം വഴിമുട്ടുന്നതും ഒറ്റപ്പെടുന്നതുമായ പ്രദേശങ്ങളില്‍ തീരദേശ റോഡുകള്‍ ഏറെ സഹായകരമാകും. വന്‍തോതിലുണ്ടാവാറുള്ള കരയിടിച്ചല്‍ ഒരുപരിധിവരെ പ്രതിരോധിക്കാനും തീരദേശ റോഡുകള്‍ക്ക് കഴിയുമെന്നാണ് കണക്കാക്കുന്നത്.












Click it and Unblock the Notifications