തട്ടകം മെഗാ കളരിപ്പയറ്റില്‍ കണ്ണൂരില്‍ അണിനിരന്നത് 501 കളരി അഭ്യാസികള്‍
കണ്ണൂര്‍: അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള കേരളത്തിന്റെ ആയോധന കലയായ കളരിപ്പയറ്റിന് അര്‍ഹിക്കുന്ന അംഗീകാരം നേടിയെടുക്കണമെന്ന ലക്ഷ്യവുമായി 501 കളരി അഭ്യാസികളുടെ തട്ടകമെന്ന പേരില്‍ കണ്ണൂര്‍ പോലീസ് മൈതാനത്തില്‍ കളരിപ്പയറ്റ് പ്രദര്‍ശനം നടത്തി. മലബാറിലെ ടൂറിസം വികസനത്തിന്റെ ഭാഗമായാണ് നോര്‍ത്ത് മലബാര്‍ ടൂറിസം ഓര്‍ഗസൈഷനാണ് (നോമ്റ്റോ) ഇന്ത്യയിലെ ഏറ്റവും വലിയ മെഗാ ഷോ നടത്തിയത്. വിദേശികളടക്കം നൂറുകണക്കിനാളുകളാണ് കളരിപ്പയറ്റ് പ്രദര്‍ശനം കാണാനെത്തിയത്.
വന്‍ജനാവലിയാണ് കേരളത്തിന്റെ പാരമ്പര്യംഅയോധനകലാഭ്യാസ പ്രകടനം കാണാനായി എത്തിയത്. കണ്ണൂരിലെ നൂറ്റിഅന്‍പതോളം കളരിയിലെ അഭ്യാസികളാണ് മെഗാകളരിപ്പയറ്റില്‍ പങ്കെടുത്തത്.ശനിയാഴ്ച്ച വൈകുന്നേരം അഞ്ചുമണി മുതല്‍ ഒരുമണിക്കൂറോളമാണ് കാണികളെ മുള്‍മുനയില്‍ നിര്‍ത്തി വിവിധ അഭ്യാസ പ്രകടനങ്ങള്‍ നടത്തിയത്.

വടിപ്പയറ്റ്, ഉറുമിപ്പയറ്റ് ,വാളും പരിചയും, കൈപ്പിടിത്തം, മലക്കം തുടങ്ങി ഒട്ടേറെ അഭ്യാസങ്ങള്‍ മെഗാ ഷോയില്‍ അവതരിപ്പിച്ചു. പെണ്‍കുട്ടികളും യുവതികളുമടക്കം നൂറുകണക്കിനു പേര്‍ വിവിധ കളരികളില്‍ നിന്നും അഭ്യാസപ്രകടനത്തിനായി എത്തിയത്. കളരിയുടെ പാരമ്പര്യ ചികിത്സയെ കുറിച്ചും വിവിധ മര്‍മമുറകളെ കുറിച്ചുമുള്ള സോദോഹാരണ പ്രകടനങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു.
പത്മശ്രീ എസ്. ആര്‍ഡി പ്രസാദ് , ഡോ. വി.ശിവദാസന്‍ എം.പി, കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ, ഒകെ. വിനീഷ്, കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് പ്രസിഡന്റ് ടി.കെ. രമേഷ് കുമാര്‍, സെക്രട്ടറി കെ.അനില്‍കുമാര്‍, ഒകെ വിനീഷ് എന്നിവര്‍ കളരി ഗുരുക്കന്‍മാര്‍ക്ക് വാളും പരിചയും നല്‍കി മെഗാ ഷോ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയില്‍ ആദ്യമായാണ് ഇത്രയും വലിയ മെഗാ കളരിപ്പയറ്റ് പ്രദര്‍ശനം നടന്നത് വിദേശികള്‍ ഉള്‍പ്പെടെ കേരളീയ വേഷത്തില്‍ തട്ടകം മെഗാ ഷോ വീക്ഷിക്കാനെത്തിയിരുന്നു.വിദേശ മാധ്യമപ്രവര്‍ത്തകരും യൂട്യൂബ് വ്‌ളോഗര്‍മാരും പരിപാടിയില്‍ പങ്കെടുത്തു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് പ്രസിഡന്റ് ടി.കെ രമേഷ്‌കുമാര്‍ നോട്ടോ വൈസ് പ്രസിഡന്റ് ടി.വി മധുകുമാര്‍, നോംട്ടോ ഓണററി സെക്രട്ടറി സി. അനില്‍കുമാര്‍, ദിനേശന്‍ ഗുരുക്കള്‍, കെ.എസ് സദാശിവന്‍ ഗുരുക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കി.












Click it and Unblock the Notifications