കിണറ്റില്‍ വീണ പൂച്ചയെ എടുക്കാനിറങ്ങിയ മധ്യവയസ്‌കന്‍ കയര്‍ പൊട്ടി വീണു മരിച്ചു
കയര്‍ കെട്ടി കിണറ്റിലിറങ്ങി പൂച്ചയുമായി മുകളിലേക്ക് കയറുകയായിരുന്നു ഷാജി. കിണറിന്റെ അവസാനത്തെ പടവിലെത്തുന്നതിനു തൊട്ടുമുമ്പ് കയര്‍ പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു

കണ്ണൂര്‍: പേരാവൂരില്‍ കിണറ്റില്‍ വീണ പൂച്ചയെ രക്ഷപ്പെടുത്തുന്നതിനിടെ ഗൃഹനാഥന്‍ കിണറ്റിലേക്ക് വീണു മരിച്ചു. പേരാവൂര്‍ ചാണപ്പാറയില്‍ കാക്കശേരി ഷാജി (48) യാണ് ദാരുണമായി മരിച്ചത്. കിണറ്റില്‍ നിന്നെടുത്ത പൂച്ചയുമായി മുകളിലേക്ക് കയറുന്നതിനിടെ കയര്‍ പൊട്ടി താഴേക്ക് വീഴുകയായിരുന്നു.
ഞായറാഴ്ച്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. കയര്‍ കെട്ടി കിണറ്റിലിറങ്ങി പൂച്ചയുമായി മുകളിലേക്ക് കയറുകയായിരുന്നു. കിണറിന്റെ അവസാനത്തെ പടവിലെത്തുന്നതിനു തൊട്ടുമുമ്പ് കയര്‍ പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു.ഭാര്യയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ ഷാജിയെ കിണറ്റില്‍ നിന്നും പുറത്തെടുത്ത് ഉടന്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാധയാണ് ഷാജിയുടെ ഭാര്യ.
പേരാവൂര്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി.തലയ്ക്കേറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണമായതെന്നാണ് വിവരം.വീടിന് തൊട്ടുചേര്‍ന്ന കിണറ്റിലാണ് കഴിഞ്ഞ ദിവസം പൂച്ചവീണത്. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് കാണാതായ പൂച്ചയെ ഷാജി തെരയുന്നത്. കിണറ്റില്‍ നിന്നും കരച്ചില്‍ കേട്ടതിനെ തുടര്‍ന്നാണ് പൂച്ച കിണറ്റിലുണ്ടെന്ന് വ്യക്തമായത്.
ഇതേ തുടര്‍ന്ന് കിണറ്റില്‍ വെളളമെടുക്കാന്‍ ഉപയോഗിക്കുന്ന കയര്‍ ഉപയോഗിച്ചു ഷാജി കിണറ്റിലേക്ക് ഇറങ്ങുകയായിരുന്നു. ഇതിന്റെ ബലക്ഷയമാണ് അപകടത്തിന് ഇടയാക്കിയത്. സംഭവസമയം ഷാജിയുടെഭാര്യ രാധമാത്രമേ വീട്ടിലുണ്ടായിരുന്നുളളൂ. ഇവരുടെ നിലവിളി കേട്ടാണ് അയല്‍വാസികള്‍ എത്തുന്നത്്. ഇവരില്‍ ചിലരിറങ്ങിയാണ് ഷാജിയെ ഏറെസമയത്തെ പ്രയത്നത്തിനൊടുവില്‍ പുറത്ത് എത്തിച്ചത്. ഇതിനുശേഷം വാഹനത്തില്‍ പേരാവൂര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും വഴിമധ്യേ മരണമടയുകയായിരുന്നു.












Click it and Unblock the Notifications