കണ്ണൂര്‍ നഗരത്തില്‍ അഞ്ചുകിലോ കഞ്ചാവുമായി പിടിയിലായ ഒഡീഷ സ്വദേശി റിമാന്‍ഡില്‍

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ പഴയ ബസ്‌സ്റ്റാന്‍ഡില്‍ വീണ്ടും വന്‍കഞ്ചാവ് വേട്ട. ഇതരസംസ്ഥാന തൊഴിലാളിയായ ഒഡീഷ സ്വദേശിയെ എക്‌സൈസ് പിടികൂടി. ഒഡീഷയിലെ ജാജ്പൂര്‍ സ്വദേശി വികാസ് മല്ലിക്കിനെയാണ് കണ്ണൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യത്തു സംഘവും അറസ്റ്റു ചെയ്തത്.
കണ്ണൂര്‍ പഴയബസ് സ്റ്റാന്‍ഡ് പരിസരത്ത് കഞ്ചാവ് കൈമാറാനുളള ശ്രമത്തിനിടെയാണ് പ്രതിയെ എക്‌സൈസ് പിടികൂടുന്നത്. രഹസ്യവിവരമനുസരിച്ചാണ് എക്‌സൈസ് റെയ്ഡ് നടത്തിയത്. ഇതരസംസ്ഥാന തൊഴിലാളികള്‍ മുഖേനെയാണ് ഇയാള്‍ കഞ്ചാവ് വില്‍പന നടത്തിവരുന്നതെന്നാണ് എക്‌സൈസ് പറയുന്നത്. ഒഡീഷയില്‍ നിന്നും കഞ്ചാവ് വന്‍തോതില്‍ ട്രെയിന്‍മാര്‍ഗം എത്തിക്കുകയും അതുപിന്നീട് ചില്ലറയായി വില്‍പന നടത്തിവരികയുമായിരുന്നു. ഇതരസംസ്ഥാന തൊഴിലാളിയെന്ന വ്യാജെനെയാണ് വികാസ് മല്ലിക്ക് കഞ്ചാവ് വ്യാപാരം നടത്തിവന്നിരുന്നത്. ഇയാളില്‍നിന്നും കഞ്ചാവ് കൂടുതല്‍ വാങ്ങിയിരുന്നത് ഇതരസംസ്ഥാന തൊഴിലാളികളാണെന്നാണ് എക്‌സൈസ്പറയുന്നത്.
തദ്ദേശിയരായ ആളുകള്‍ക്കും ഇയാള്‍ കഞ്ചാവ് വില്‍പന നടത്താറുണ്ട്. കണ്ണൂര്‍ ജില്ലയിലെ ചെറുകിട കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയിരുന്നത് താനാണെന്ന് വികാസ് എക്‌സൈസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ഇയാള്‍ കണ്ണൂര്‍ നഗരത്തില്‍ താമസിച്ചുവരികയാണ്. പ്രതിയെ ചോദ്യം ചെയ്തതിനു ശേഷം ചൊവ്വാഴ്ച്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ എന്‍.ഡി.പി. എസ് ആക്ടു പ്രകാരം കേസെടുത്തിട്ടുണ്ട്.
കണ്ണൂരിലെ മലയോര മേഖലയില്‍ ചെങ്കല്‍,കരിങ്കല്‍ ക്വാറികളിലായി പതിനായിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നത് ഒഡീഷയില്‍ നിന്നുളള സംഘങ്ങളാണെന്നാണ് എക്‌സൈസ് പറയുന്നത്. ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ നിന്നും കഞ്ചാവ്പിടികൂടുന്നത് പതിവു സംഭവമാണ്. ട്രെയിന്‍മാര്‍ഗം ഇവിടേക്ക് കഞ്ചാവ് എത്തിക്കുന്ന ഒഡീഷ സ്വദേശികള്‍ കൂടിയവിലയ്ക്കു മറ്റുളളവര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്.












Click it and Unblock the Notifications