നിയന്ത്രണംവിട്ട വാഹനമിടിച്ചു; വഴിയാത്രക്കാരിയായ നഴ്സിന് ദാരുണാന്ത്യം
ശ്രീകണ്ഠാപുരം: കണ്ണൂരിന്റെ മലയോര മേഖലയെ നടുക്കിവീണ്ടും വാഹനാപകടത്തില്‍ ഒരുജീവന്‍കൂടി പൊലിഞ്ഞു. കരുവഞ്ചാല്‍ മലയോര ഹൈവേയില്‍ വായാട്ടുപറമ്പിന് സമീപം ഹണിഹൗസിനു സമീപം അമിതവേഗതയിലെത്തിയ വാഹനമിടിച്ചു കാല്‍നനടയാത്രക്കാരിയായ നഴ്സ് ദാരുണമായി മരിച്ചത്.
പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ നഴ്സായ നമ്പൂരിക്കല്‍ വീട്ടില്‍ പിആര്‍ രമ്യയാ(38)ണ് മരിച്ചത്. ശനിയാഴ്ച്ച വൈകുന്നേരം നാലരമണിക്കാണ് അപകടം. ഡ്യൂട്ടി കഴിഞ്ഞു വായാട്ടുപറമ്പിലെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ അമിതവേഗതയിലെത്തിയ കാസര്‍കോട് രജിസ്ട്രേഷനുളള ഫോര്‍ച്യൂണര്‍ കാര്‍ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

നാട്ടുകാര്‍ ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂര്‍ റൂറല്‍ എസ്. പി ഓഫീസിലെ ജീവനക്കാരന്‍ ബിജുവിന്റെ ഭാര്യയാണ് മരിച്ച രമ്യ. മക്കള്‍: നിരൂപ്കൃഷ്ണ(12)നിധിലക്ഷ്മി(ആറ്) സഹോദരി: രശ്മി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച്ച നടക്കും. സംഭവത്തില്‍ പൊലിസ് കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
വാഹനത്തിന്റെ അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ ആഡംബര കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലിസ് കാര്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒരാഴ്ച്ചയ്ക്കിടെ തുടര്‍ച്ചയായ വാഹനാപകടങ്ങളിലുണ്ടാവുന്ന ദുരന്തങ്ങള്‍ കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയെ നടുക്കിയിരിക്കുകയാണ്.
കല്‍പ്പറ്റയില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു ഇരിട്ടി ഡോണ്‍ബോസ്‌കോ കോളേജിലെ വിദ്യാര്‍ത്ഥികളായ മൂന്നു പേര്‍ മരിച്ചിരുന്നു.ആലക്കോട് മലയോര ഹൈവയിലെ റോഡുകളിലൂടെ വാഹനങ്ങള്‍ അമിത വേഗതയിലാണ് സഞ്ചരിക്കുന്നതെന്നു പ്രദേശവാസികള്‍ക്ക് പരാതിയുണ്ട്.
റോഡരികിലൂടെ നടന്നു പോകുന്ന യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു വാഹനങ്ങള്‍ കടന്നു പോകുന്നത് പതിവ് സംഭവമായിട്ടുണ്ട്. അപകടമുണ്ടാക്കിയിട്ടു കടന്നുകളയുന്ന വാഹനങ്ങളെ പിടികൂടാന്‍ പൊലിസിന് കഴിയാറില്ല. മലയോര പ്രദേശമായതിനാല്‍ റോഡരികില്‍ പലയിടങ്ങളിലും ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ല. ഇത് അപകടമുണ്ടാക്കുന്നവരെ പിടികൂടുന്നതിന് തടസ്സമുണ്ടാക്കുന്നുണ്ട്.












Click it and Unblock the Notifications