സ്മാര്‍ട്ടായി കണ്ണൂര്‍ കോര്‍പ്പറേഷന്‍: നഗരം തൂത്തുവാരാന്‍ സ്വീപ്പര്‍ വാഹനമിറങ്ങി
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ സ്വീപ്പര്‍ വാഹനമിറങ്ങി. തൃശൂരിന് ശേഷം ക്ളീന്‍ നഗരമാവാന്‍ കണ്ണൂര്‍ കോര്‍പറേഷന്‍ സജ്ജമായി.
കണ്ണൂരിന്റെ നഗരവീഥികള്‍ മാലിന്യമുക്തമാക്കുന്നതിനും വൃത്തിയുള്ള നഗരമാക്കി കണ്ണൂരിനെ മാറ്റുന്നതിനും വേണ്ടി കണ്ണൂര്‍ കോര്‍പ്പറേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാങ്ങിയ അത്യാധുനിക റോഡ് ശുചീകരണ വാഹനത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റിന് സമീപം മേയര്‍ അഡ്വ.ടി.ഒ മോഹനന്‍ നിര്‍വ്വഹിച്ചു.

ബസ് സ്റ്റാന്‍ഡ് പരിസരത്തെ മാലിന്യങ്ങളും, പൊടിപടലങ്ങളും നീക്കം ചെയ്തുകൊണ്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ആറ് ടണ്‍ മാലിന്യം സംഭരിക്കുന്നതിന് ശേഷിയുള്ള ടാങ്ക് ഈ വാഹനത്തിലുണ്ട്. ഈ യന്ത്രം ഉപയോഗിച്ച് കുറഞ്ഞ ചെലവില്‍ ഒരു പ്രദേശം മുഴുവനായി വൃത്തിയാക്കുന്നതിന് സാധിക്കും.
ഏത് പ്രതലത്തിലും പ്രവര്‍ത്തിക്കുന്നതിന് സാധിക്കും. ഒരു മണിക്കൂര്‍ കൊണ്ട് 4 മുതല്‍ 10 വരെ കിലോമീറ്റര്‍ പ്രദേശം വൃത്തിയാക്കാന്‍ കഴിയും. റോഡിന്റെയും ഫുട്പാത്തിന്റെയും വശങ്ങളിലുള്ള മണല്‍ പോലും വലിച്ചെടുക്കുന്നതിന് ഈ യന്ത്രത്തിന്റെ പ്രവര്‍ത്തനം വഴി സാധിക്കും.
മെട്രോ നഗരങ്ങളിലും, വിമാനത്താവളങ്ങളിലും ഈ വാഹനം ഉപയോഗിച്ചാണ് ശുചീകരണം നടത്തുന്നത്. നിലവില്‍ തൃശൂര്‍ കോര്‍പ്പറേഷനില്‍ ഇത്തരം വാഹനം ശുചീകരണത്തിന് ഉപയോഗിക്കുന്നുണ്ട്. മലബാര്‍ മേഖലയില്‍ ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഈ യന്ത്രം സ്വന്തമാക്കുന്നത്.
75 ലക്ഷം രൂപ വില വരുന്ന ഈ വാഹനം കോയമ്പത്തൂര്‍ ആസ്ഥാനമായ സ്ഥാപനമാണ് നിര്‍മ്മിച്ചു വിതരണം ചെയ്യുന്നത്. ഒരു വര്‍ഷമാണ് വാറണ്ടി. ഇത് പ്രവര്‍ത്തിപ്പിക്കുന്നതിന് കേവലം ഒരു ജീവനക്കാരന്‍ മാത്രം മതിയാകും. അവര്‍ക്കാവശ്യമായ പരിശീലനം നിര്‍മ്മാണ കമ്പനി തന്നെ നല്‍കും.
പരിപാടിയില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം പി രാജേഷ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാരായ പി ഷമീമ ടീച്ചര്‍, അഡ്വ. പി ഇന്ദിര, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍ കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, എ കുഞ്ഞമ്പു, എന്‍.ഉഷ,സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബൈജു, പി പി കൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications