ഓരോ കുട്ടിയുടെ ജന്മദിനത്തിലും ഒരു മരം നടുന്നു; സ്നേഹാരണ്യം പദ്ധതിയുമായി മൊകേരി രാജീവ് ഗാന്ധി സ്‌കൂൾ
കണ്ണൂർ: സ്കൂളിലെ ഓരോ കുട്ടിയുടെയും പിറന്നാളിന് സ്കൂൾ പരിസരത്ത് ഓരോ മരം നട്ട് മിയാവക്കി മോഡലിൽ ചെറുവനം സൃഷ്ടിക്കാനുള്ള പദ്ധതിയുമായി കണ്ണൂർ ജില്ലയിലെ ഒരു സ്കൂൾ. 'പഠനത്തിലും പഠനേതര പ്രവർത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന മൊകേരി രാജീവ് ഗാന്ധി സ്മാരകഹയർ സെക്കൻഡറി സ്കൂളാണ് സംസ്ഥാനത്തിന് തന്നെ മാതൃകയായ ചെറുവനം പദ്ധതിയാരംഭിച്ചത്.
സ്കൂൾ പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ പരിസരത്ത് സ്വാഭാവിക വനം വളർത്തി എടുക്കുന്നതിനുള്ള കർമ്മപദ്ധതി എഴുത്തുകാരിയും പരിസ്ഥിതി പ്രവർത്തകയുമായ സി.കെ രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു.
മിയാവാക്കി എന്ന ജാപ്പനീസ് രീതിയിൽ ഫലവൃക്ഷത്തൈകൾ നട്ടുവളർത്തി മൂന്നു വർഷം പരിചരിച്ച് പത്തു വർഷം കൊണ്ട് സ്വാഭാവിക വനം രൂപപ്പെടുത്തുക എന്നതാണ് പദ്ധതി. വിദ്യാർത്ഥികൾ അവരുടെ ജന്മദിനത്തിൽ സ്കൂൾ പരിസരത്ത് ഫല വൃക്ഷത്തൈകൾ നട്ടുവളർത്തി പരിസ്ഥിതിസംരക്ഷണ യജ്ഞത്തിൽ പങ്കാളികളാവുകയും അതുവഴി സ്കൂൾ പരിസരത്ത് കൂടുതൽ പച്ചത്തുരുത്തുകൾ സൃഷ്ടിക്കുകയും എന്ന ലക്ഷ്യത്തോടെയാണ് "സ്നേഹാരണ്യം"പദ്ധതിക്ക് രൂപം നൽകിയത്.

2022 ജൂണിൽ പരിസ്ഥിതി ക്ലബ്ബിൻ്റെയും സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച പ്രസ്തുത പദ്ധതിയുടെ വിജയം നൽകിയ പ്രചോദനം ഉൾക്കൊണ്ടു കൊണ്ടാണ് രണ്ടാം ഘട്ടം പ്രവർത്തി ആരംഭിച്ചത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്കനോളജി ഏൻ്റ് എൻവയോൺമെൻറിൻ്റെ ഇ. ഇ.പി സ്കൂൾ പ്രെജക്ടിൻ്റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാർത്ഥികളിൽ പ്രകൃതി സംരക്ഷണത്തിൻ്റെ പ്രാധാന്യം എത്തിക്കുകയും അതുവഴി അവരുടെ വീട്ടുപറമ്പിൽ ഫലവൃക്ഷ തോട്ടം നിർമ്മിക്കാനുള്ള പ്രേരണ നൽകാനും പദ്ധതി ലക്ഷ്യമിടുന്നു.
മാവ് പ്ലാവ്, പേര ,സപ്പോട്ട, പീനട്ട് ബട്ടർ ചാമ്പക്ക ,നെല്ലി ,ഉറു മാമ്പഴം, മൾബറി, ഞാവൽ, വിലിമ്പിക്ക, ഓറഞ്ച്, സാന്തൂൽ തുടങ്ങിയ അൻപതോളം ഇനങ്ങൾ ഉൾപ്പെട്ടതാണ് ഈ ഫലവൃക്ഷ തോട്ടം. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സുധീന്ദ്രൻ. സി.പി. അധ്യക്ഷത വഹിച്ചു. സ്കൂൾ ഹരിതകം പദ്ധതി കോ ഓഡിനേറ്റർ ഡോ. ദിലീപ് പി സ്വാഗതം പറഞ്ഞു.
പ്രിൻസിപ്പൽ അനിൽകുമാർ. കെ, പി.ടി.എ പ്രസിഡണ്ട് ജി.വി രാകേഷ്, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഷാജിൽ ടി.കെ, സ്റ്റാഫ് സെക്രട്ടറി വിജിത്ത് പി , എസ് ആർ. ജി. കൺീനർ സുലീഷ്.കെ.പി, സി.പി. ഒ. രാജീവൻ എം.കെ,പരിസ്ഥിതി ക്ലബ്ബ് ജോയിൻ്റ് കൺവീനർ ഉണ്ണി. കെ. എം എന്നിവർ ആശംസയർപ്പിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ വി.വി അജേഷ് നന്ദി അറിയിച്ചു.












Click it and Unblock the Notifications