കണ്ണൂരില്‍ നാല്‍പതുലക്ഷത്തിന്റെ എം.ഡി. എം.എയുമായി ബദിയഡുക്ക സ്വദേശിയായ യുവാവ് അറസ്റ്റില്‍
കണ്ണൂര്‍: സര്‍ക്കാരും എക്‌സൈസും മയക്കുമരുന്നിനെതിരെ ബോധവല്‍ക്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കിയിരിക്കെ കണ്ണൂരില്‍ വീണ്ടും വന്‍മയക്കുമരുന്ന് വേട്ട. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും നാല്‍പതുലക്ഷത്തിന്റെ എം.ഡി. എം. എ ശേഖരവുമായി കാസര്‍കോട് ജില്ലയിലെ ബദിയഡുക്ക സ്വദേശിയായ യുവാവ് അറസ്റ്റിലായി.
ബദിയഡുക്കയിലെ സ്വദേശി മുഹമ്മദ് ഹാരിസി(24)ല്‍ നിന്നാണ് 204-ഗ്രാം എം.ഡി. എം. എ പിടികൂടിയത്. വെളളിയാഴ്ച്ച വൈകുന്നേരം നാലുമണിയോടെ എഗ്‌മോര്‍ എക്‌സ് പ്രസില്‍ നിന്നും കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിറങ്ങിയ ഈയാളെ സംശയം തോന്നി ആര്‍. പി. എഫ് ഇന്‍സ് പെക്ടര്‍ ബിനോയ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കവെയാണ് ബാഗില്‍ നിന്നും എം. ഡി. എം. എ പായ്ക്കറ്റുകളിലായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

ബംഗ്‌ളൂരില്‍ നിന്നും എം. ഡി. എം. എ വാങ്ങി കോയമ്പത്തൂര്‍ വഴിയാണ് ഇയാള്‍ എഗ്‌മോറില്‍ കയറി കണ്ണൂരിലെത്തിയത്. കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനിലിറങ്ങിയ ഇയാള്‍ ആര്‍. പി. എഫും എക്‌സൈസ് ഇന്റലിജന്‍സും നടത്തിയ സംയുക്ത പരിശോധനയില്‍ കുടുങ്ങുകയായിരുന്നു. കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ വില്‍പന നടത്താനായാണ് എം.ഡി. എം. എ കൊണ്ടുവന്നതെന്നാണ് എക്‌സൈസ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്.
പിടിയിലായ യുവാവ് അന്തര്‍ജില്ലാ മയക്കുമരുന്ന് സംഘത്തിന്റെ കണ്ണിയാണെന്നു സംശയിക്കുന്നതായി . കണ്ണൂര്‍ റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനുകൊയില്യത്ത് പറഞ്ഞു. പിടിയിലായ ഹാരിസില്‍ നിന്നും എ.ടി. എം കാര്‍ഡും, മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.ബാംഗ്‌ളൂരില്‍ നിന്നാണ് ഹാരിസ് മയക്കുമരുന്ന് വാങ്ങിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇയാളുടെ കൂട്ടാളികളുണ്ടോയെന്നു അന്വേഷിച്ചുവരികയാണ്. മൊബൈല്‍ ഫോണ്‍ പരിശോധിക്കുമെന്നും സിനുകൊയില്യത്ത് പറഞ്ഞു. കണ്ണൂരില്‍ ഹാരിസ് ഇറങ്ങിയത് എം. ഡി. എം. എ കൈമാറാനാണ് എത്തിയതെന്നും ആര്‍.പി. എഫ് ഇന്‍സ്‌പെക്ടര്‍ ബിനോയ് ആന്റണി പറഞ്ഞു. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ അടുത്തകാലത്തു നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നും പ്രതിയെകൂടുതല്‍ ചോദ്യം ചെയ്തതിനു ശേഷം വടകര നാര്‍ക്കോട്ടിക്ക് കോടതിയില്‍ ഹാജരാക്കുമെന്നും എക്‌സൈസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും അറിയിച്ചു.കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ആദ്യമായാണ് ഇത്രയും വലിയ എം.ഡി. എം. എ സിന്തറ്റിക്ക് മയക്കുമരുന്ന് ശേഖരം പിടികൂടുന്നത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ നഗരത്തിലെ പ്‌ളാസയില്‍ നിന്നും റെഡിമെയ്ഡ് വസ്ത്രങ്ങളുടെ മറവില്‍ മയക്കുമരുന്ന് കൈപ്പറ്റാനെത്തിയ ദമ്പതികളില്‍ നിന്നും ഒരു കോടിയുടെ മയക്കു മരുന്ന് പിടികൂടിയിരുന്നു. ഈ കേസില്‍ അറസ്റ്റിലായ ദമ്പതികള്‍ ഉള്‍പ്പെടെ പതിനൊന്നു പേര്‍ ഇപ്പോഴും റിമാന്‍ഡിലാണ്.












Click it and Unblock the Notifications