ആന്തൂരില്‍ വീടു കുത്തി തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍
തളിപ്പറമ്പ്: ആന്തൂരില്‍ വീടു കുത്തി തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച കേസിലെ പ്രതിയായ അന്തര്‍ സംസ്ഥാന മോഷ്ടാവിനെ പൊലിസ് അറസ്റ്റു ചെയ്തു. ആന്ധ്രാപ്രദേശ് സ്വദേശിയായ ഉമേഷ് റെഡ്ഡിയാണ് (39) വെള്ളിയാഴ്ച്ച വൈകിട്ട് കണ്ണൂര്‍ തോട്ടടയില്‍ വെച്ചു തളിപ്പറമ്പ് പൊലിസിന്റെ പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് ആന്തൂര്‍ കാവിന് സമീപത്തെ ചേനന്‍ തങ്കമണിയുടെ (75) വീട്ടിലാണ് ഇയാള്‍ കവര്‍ച്ച നടത്തിയത്.
ഇവിടെ നിന്നും കിടപ്പുമുറിയിലെ അലമാര കുത്തി തുറന്ന് രണ്ട് ലക്ഷം രൂപയും ഒന്നേമുക്കാല്‍ പവന്‍ സ്വര്‍ണ മാലയുമാണ് പ്രതി മോഷ്ടിച്ചത്. സംഭവത്തില്‍ കേസെടുത്ത് തളിപ്പറമ്പ് ഡി.വൈ.എസ്.പി പ്രദീപന്‍ കണ്ണി പൊയിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

തളിപ്പറമ്പ് പൊലിസ് ഇന്‍സ്‌പെക്ടര്‍ ഷാജി പട്ടേരി, എസ്.ഐ ദിനേശന്‍ കൊതേരി എന്നിവരുടെ നേതൃത്വത്തിലാണ് രഹസ്യവിവരം ലഭിച്ചതു പ്രകാരം പ്രതിയെ തോട്ടടയില്‍ നിന്നും പിടികൂടിയത്. ആന്ധ്രാപ്രദേശ് സ്വദേശിയായ ഉമേഷ് വര്‍ഷങ്ങളായി കന്യാകുമാരിയിലാണ് താമസം.
ട്രെയിന്‍ മാര്‍ഗം കേരളത്തിലെത്തി ഇയാള്‍ വിവിധയിടങ്ങളില്‍ മോഷണം നടത്തിയതിനു ശേഷം കോയമ്പത്തൂരിലേക്ക് മുങ്ങുകയാണ് പതിവെന്ന് പൊലിസ് പറഞ്ഞു. ജൂലായ് 30ന് കുടുംബ സമേതം പറശിനിക്കടവിലെത്തി മുറിയെടുത്ത് താമസിച്ചതിനു ശേഷമാണ് ഇയാള്‍ മോഷണം പ്‌ളാന്‍ ചെയ്തത്.
തങ്കമണിയുടെ വീടിന് പരിസരത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍, ലോഡ്ജുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയെ വലയിലാക്കാന്‍ പൊലിസിനെ സഹായിച്ചത്. തങ്കമണിയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച രണ്ടു ലക്ഷം രൂപ പ്രതിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ഒന്നേമുക്കാല്‍ പവന്റെ മാല താന്‍ മോഷ്ടിച്ചിട്ടില്ലെന്നാണ് ഇയാള്‍ പൊലിസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. കേസ് അന്വേഷണത്തില്‍ എസ്.ഐ നാരായണന്‍ നമ്പൂതിരി എ.എസ്.മുഹമ്മദാലി, അരുണ്‍ പ്രമോദ് ന'ജയദേവന്‍ ഷിജോ അഗസ്റ്റിന്‍, നൗഫല്‍ അഞ്ചില്ലത്ത്, അഷ്‌റഫ് എന്നിവരുള്‍പ്പെടുന്ന പൊലിസ് സംഘവും പങ്കെടുത്തു.
മോഷണം നടന്ന് പതിനെട്ടാം മണിക്കൂറില്‍ തന്നെ പ്രതിയെ വലയിലാക്കിയത് തളിപറമ്പ് പൊലിസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ്. മോഷ്ടാവ് ഉമേഷാണെന്ന് വിരലടയാള പരിശോധനയില്‍ തന്നെ പൊലിസിന് വ്യക്തമായിരുന്നു. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കേരളം എന്നിങ്ങനെ മൂന്ന് സംസ്ഥാനങ്ങളില്‍ അതിവിദഗ്ദ്ധനും തന്ത്രശാലിയുമായ ഉമേഷിനെതിരെ മോഷണ കേസുകളുണ്ട്. കേരളത്തിലെത്തിയാല്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെയുള്ള എല്ലാ ജില്ലകളിലും മോഷണം നടത്തിയിട്ടുള്ള ഇയാളുടെ പേരില്‍ മലപ്പുറം, വയനാട്, തൃശുര്‍ ജില്ലകളിലാണ് കൂടുതല്‍ കേസുകളുള്ളത്.
ഇതില്‍ ഗുരുവായൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ക്ഷേത്ര നഗരങ്ങളില്‍ കുടുംബ സമേത മെത്തി ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്തതിനു ശേഷമാണ് ഇയാള്‍ വന്‍ കവര്‍ച്ചകള്‍ ആസൂത്രണം ചെയ്തിരുന്നത്. പരിസര പ്രദേശത്തെ വീടുകളില്‍ ചെന്ന് ടിവി ഫ്രിഡ്ജ്, കംപ്യൂട്ടര്‍ എന്നിവയുടെ റിപ്പേര്‍ ജോലിയുണ്ടോയെന്നു അന്വേഷിച്ചെത്തിയാണ് മോഷണം നടത്തേണ്ട വീടുകള്‍ കണ്ടു വയ്ക്കുന്നത്. വീടുകളുടെ അകത്തു കയറി രൂപഘടന മനസിലാക്കിയതിനു ശേഷമാണ് ആളില്ലാത്ത സമയം കുത്തി തുറന്ന് അകത്തു കയറുന്നത്.












Click it and Unblock the Notifications