കിളിയന്തറയില്‍ കാര്‍ വൈദ്യുതി തൂണിലിടിച്ച് ഡ്രൈവര്‍ മരിച്ചു
കണ്ണൂര്‍: അതിര്‍ത്തി ചെക്ക് പോസ്റ്റായ കിളിയന്തറയില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പേരട്ട നാഷനല്‍ ക്രഷറിലെ ഡ്രൈവര്‍ പേരട്ട കല്ലംതോട്ടിലെ പള്ളിപിരിയാടന്‍ വീട്ടില്‍ പി. പി പ്രമോദാ(50)ണ് മരിച്ചത്. ഇതേക്രഷറിലെ മാനേജര്‍ വയനാട് സ്വദേശി ശ്യാംജിത്ത്(40) ക്രഷര്‍ ജീവനക്കാരായ പേരട്ട സ്വദേശി ജയരാജന്‍ ചേലപ്പള്ളി(45) മെല്‍വിന്‍(35) എന്നിവരെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച്ച രാത്രി പന്ത്രണ്ടുമണിയോടെ കിളിയന്തറ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്. ഇരിട്ടി ഭാഗത്തു നിന്നും കൂട്ടപുഴ ഭാഗത്തേക്ക് വരികയായിരുന്ന വാഗണര്‍ കാര്‍ നിയന്ത്രണം വിട്ടു വൈദ്യുതി തൂണിലിടിച്ചു സമീപത്തെ മതിലിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഓടിച്ചിരുന്ന പ്രമോദ് സംഭവസ്ഥലത്തു വെച്ചുതന്നെ മരണമടഞ്ഞിരുന്നു.

ഗുരുതര പരുക്കേറ്റ മൂന്നുപേരെ പൊലിസും നാട്ടുകാരും ചേര്‍ന്ന് ആദ്യം ഇരിട്ടിയിലും പിന്നീട്കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. പ്രമോദിന്റെ മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. പ്രമോദ് ഓടിച്ചിരുന്നവാഗണര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ കുറിച്ചു ഇരിട്ടി പൊലിസ് അന്വേഷണം നടത്തിവരികയാണ്. പൊലിസ് കേസെടുത്തിട്ടുണ്ട്.
പേരട്ട കല്ലംതോട്ടിലെ പരേതനായ പള്ളിപിരിയാടാന്‍ ശങ്കരന്‍ നായരുടെയും പാലയാടന്‍ കല്യാണിയുടെയും മകനാണ് മരിച്ച പ്രമോദ്. ഏറെക്കാലമായി ക്രഷറിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ബിന്ദു. മക്കള്‍: സ്നേഹമോള്‍ (അധ്യാപിക കീഴുര്‍ വി.യു.പി സ്‌കൂള്‍) സഞ്ജയ്( ഐ.ടി. ഐ വിദ്യാര്‍ത്ഥി) മരുമകന്‍:വിനയരാജ്(മാനേജര്‍ ടാറ്റ പ്രൈവറ്റ് ലിമിറ്റഡ് കണ്ണൂര്‍) സഹോദരങ്ങള്‍: പ്രശാന്ത്(കണ്ടക്ടര്‍കുന്നോത്ത്) പ്രഭാവതി( എടക്കാനം).












Click it and Unblock the Notifications