തലശേരി-മാഹി ബൈപ്പാസില്‍ അപകടങ്ങള്‍ പെരുകുന്നു; സുരക്ഷാ സംവിധാനമൊരുക്കണമെന്ന് പ്രദേശവാസികള്‍
തലശേരി: കണ്ണൂരില്‍ റോഡപകടങ്ങള്‍ ക്രമാതീതമായി കൂടുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധിയാളുകളാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത്. മൈസൂർ-ബാംഗ്ലൂർ ഹൈവേയുടെതിന് സമാനമായി പുതുതായി നിര്‍മിച്ച തലശേരി-മാഹി ബൈപ്പാസ് റോഡിലും അപകടങ്ങള്‍ വര്‍ധിക്കുന്നത് ജനങ്ങളില്‍ ആശങ്കയുണര്‍ത്തുകയാണ്.
ആറുവരിപ്പാതയില്‍ പാലിക്കേണ്ട ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പ്രധാന വില്ലനായി മാറുന്നത്. ഈസ്റ്റ് പള്ളൂരില്‍ ചൊക്ലിസ്പിന്നിങ് മില്‍ റോഡ് കടന്നു പോകുന്ന ബൈപാസ് സിഗ്നല്‍ പോസ്റ്റിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടന്നത്. ബൈപാസ് തുറന്ന് 50 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സിഗ്നല്‍ ജങ്ഷനില്‍ അറുപതിലേറെ അപകടങ്ങള്‍ നടന്നു. പലതും സിഗ്നല്‍ സംവിധാനം അറിയാതെ വാഹനങ്ങള്‍ മുന്നോട്ട് എടുത്തപ്പോള്‍ സംഭവിച്ചതാണ്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെട്ടത്.

ഇരുചക്ര വാഹനം ഓടിക്കുന്നവരുടെ പിഴവ് കാരണം സംഭവിക്കുന്ന അപകടങ്ങള്‍ സംഭവസ്ഥലത്തുതന്നെ സംസാരിച്ച് തീര്‍പ്പാക്കുന്നത് ഇവിടെ പതിവു കാഴ്ചയാണ്. 15 കേസുകള്‍ മാത്രമാണ് പൊലീസിനു മുന്നിലേക്ക് എത്തിയത്. സിഗ്നല്‍ മാറുന്നത് ശ്രദ്ധിക്കാതെ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരാണ് അപകടമുണ്ടാക്കുന്നതെന്ന് സിഗ്നല്‍ പോസ്റ്റില്‍ ഡ്യൂട്ടിയിലുഉള്ള പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
മൂന്നു വരിയില്‍ വാഹനങ്ങള്‍ മറികടക്കുന്നത് എങ്ങനെയെന്ന് അറിയാത്തതും യു ടേണിന് അനുവാദമില്ലാത്ത സ്ഥലത്ത് വാഹനം തിരിക്കാന്‍ ശ്രമിക്കുന്നതും അപകടമുണ്ടാക്കുന്നുണ്ട്. സര്‍വീസ് റോഡ് ഉപയോഗിക്കുന്നതു തോന്നിയതു പോലെയാണെന്നും പരാതിയുണ്ട്.
സര്‍വീസ് റോഡില്‍ എവിടെ നിന്നാണ് ബൈപാസില്‍ പ്രവേശിക്കേണ്ടത് എന്നതിലും ചില ഡ്രൈവര്‍മാര്‍ക്ക് ധാരണയില്ല. ഈസ്റ്റ് പള്ളൂരില്‍ നിന്നും പാറാല്‍ ഭാഗം വരെ ബൈപാസിന്റെ ഇടത് ഭാഗത്ത് സര്‍വീസ് റോഡ് പൂര്‍ണമല്ല. ഫലത്തില്‍ യു ടേണ്‍ സംവിധാനം ലംഘിച്ചും ഈ ഭാഗത്ത് തോന്നിയതു പോലെ വാഹനങ്ങള്‍ കടന്നു പോകുന്നുണ്ട്.
ഈസ്റ്റ് പള്ളൂരില്‍ സിഗ്നല്‍ സംവിധാനം ഫലപ്രദമായി നടപ്പാക്കാന്‍ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. ബൈപാസ് വൈദ്യുതീകരിച്ച് വിളക്കുകള്‍ സ്ഥാപിക്കാത്തതും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാത്തതും രാത്രികാലങ്ങളില്‍ അപകടങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നുണ്ട്. അമിത വേഗതയിലാണ് ബൈപ്പാസ് റോഡില്‍ വാഹനങ്ങള്‍ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നത്. അപകടനിരക്ക് കൂടാന്‍ ഇതും കാരണമാകുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.












Click it and Unblock the Notifications