കുരുമുളക് പൊടിയെറിഞ്ഞ് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കേസിലെ പ്രതികള്‍ റിമാന്‍ഡില്‍
കണ്ണൂര്‍:കണ്ണൂര്‍ നഗരത്തിലെ പ്രമുഖ വ്യവസായിയും കെട്ടിടനിര്‍മാതാവുമായ ഉമ്മര്‍ക്കുട്ടിയെ കണ്ണില്‍ കുരുമുളക് പൊടിയെറിഞ്ഞു ആക്രമിച്ചു മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കേസിലെ പ്രതികളായ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. കണ്ണൂര്‍ ടൗണ്‍ പൊലിസാണ് പ്രതികളെ ശാസ്ത്രീയ അന്വേഷണത്തിലൂടെ പിടികൂടിയത്. പ്രതികളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ മെയ് ആറിന് രാത്രി എട്ടുമണിയോടെ കണ്ണൂര്‍ പ്‌ളാസയിലെ മെട്രോബില്‍ഡിങ്ങിലാണ് കേസിനാസ്പദമായ സംഭവം. ഇവിടെ മുകള്‍ നിലയിലുളള ഉമ്മര്‍കുട്ടിയുടെ ഓഫീസില്‍ കയറി മുളക് പൊടി കണ്ണിലെറിഞ്ഞ് അക്രമിച്ച് ഫോണ്‍ കവര്‍ന്ന കേസില്‍ മൂന്ന് പ്രതികളെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് പിടികൂടിയത്. കോയ്യോട് സ്വദേശി ഹാരിസ് (35), മട്ടന്നൂര്‍ സ്വദേശികളായ നൗഫല്‍ ( 39 ), ഷിഹാബ് (37) എന്നിവരാണ് പിടിയിലായത്.

ഉമ്മര്‍ക്കൂട്ടിയുടെ ഫോണ്‍ തട്ടിയെടുത്ത് അതിലെ സ്വകാര്യ വിഡിയോസ് കൈക്കലാക്കി ബ്‌ളാക്ക് മെയില്‍ ചെയ്ത പണം തട്ടാനായിരുന്നു പ്രതികളുടെ ലക്ഷ്യം. ഫോണ്‍ തട്ടിയെടുക്കാന്‍ പദ്ധതി ആവിഷകരിച്ചത് ഹാരിസാണെന്ന് പൊലിസ് പറഞ്ഞു. ഹാരിസിന്റെ സുഹൃത്തക്കളായ നൗഫല്‍, ഷിഹാബ് എന്നിവരെ ഉള്‍പ്പെടുത്തി ഫോണ്‍ തട്ടിയെടുക്കാന്‍ പല തവണ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ഇതിനൊടുവിലാണ് മുളക് പൊടി പ്രയോഗം നടത്തിയത്. ഉമ്മര്‍കുട്ടിയുടെ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതികളെ പൊലിസിന് തിരിച്ചറിയാന്‍ സഹായിച്ചത്. സൈബര്‍ പൊലിസിന്റെ സഹായത്തോടെ നടത്തിയ ടവര്‍ ലൊക്കേഷനില്‍ പ്രതികളുടെ മൊബൈല്‍ ഫോണ്‍ ഈസമയത്ത് ബില്‍ഡിങിലുണ്ടെന്ന് വ്യക്തമായിരുന്നു.
അന്വേഷണത്തിന് കണ്ണൂര്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലിസ് ബിനു മോഹന്‍ നേതൃത്വംനല്‍കി.എസ്. ഐമാരായ അരുണ്‍ നാരായണന്‍, നസീബ്, എ. എസ്. ഐ അജയന്‍ എന്നിവരും പങ്കെടുത്തു. വര്‍ഷങ്ങള്‍ക്കു മുന്‍പ് രാഷ്ട്രപതിയുടെ വ്യാജലെറ്റര്‍ പാഡുണ്ടാക്കി അനധികൃത കെട്ടിടനിര്‍മാണത്തില്‍ അനുമതി ലഭിക്കുന്നതിനായി കണ്ണൂര്‍ കോര്‍പറേഷന്‍ സെക്രട്ടറിക്ക് കത്തു നല്‍കിയ കേസിലെ പ്രതിയാണ് ഉമ്മര്‍കുട്ടി. ഇയാള്‍ക്കെതിരെ അന്നത്തെ കോര്‍പറേഷന്‍ സെക്രട്ടറിയുടെ പരാതിയില്‍ പൊലിസ് കേസെടുത്തിരുന്നു. കണ്ണൂര്‍ ടൗണ്‍ പൊലിസാണ് ഉമ്മര്‍കുട്ടിക്കും സഹോദരനുമെതിരെ പൊലിസ്‌കേസെടുത്തത്.












Click it and Unblock the Notifications