കൂട്ടുപുഴയില്‍ എക്‌സൈസിനെ വെട്ടിച്ചു കടന്ന വാഹനവും പ്രതിയും കസ്‌റ്റഡിയില്‍; പിടിയിലായത് മലപ്പുറത്ത് നിന്ന്
ഇരിട്ടി: കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്‌റ്റില്‍ വാഹനം പരിശോധിക്കവെ എക്‌സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോവുകയും വഴിയരികില്‍ ഉപേക്ഷിക്കുകയും ചെയ്‌ത സംഭവത്തില്‍ വാഹനവും പ്രതിയും പിടിയില്‍. ബേപ്പൂര്‍ സ്വദേശി യാസര്‍ അറഫാത്തിനെയും ഇയാള്‍ സഞ്ചരിച്ച കെഎല്‍ 45 എം 6300 നമ്പര്‍ രജിസ്‌ട്രേഷനിലുളള വാഹനവും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി കണ്ടെത്തുകയായിരുന്നു. എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡും ഇരിട്ടി പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് വാഹനവും പ്രതിയെയും കണ്ടെത്തി കസ്‌റ്റഡിയിലെടുത്തത്.
ബാംഗ്ലൂരിൽ നിന്നും യാസര്‍ അറഫാത്ത് കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നുകള്‍ കണ്ടെത്തുന്നതിനും കൂട്ടുപ്രതികളെ കണ്ടെത്തുന്നതിനും എക്‌സൈസ് അന്വേഷണം വിപുലീകരിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ കൂട്ടുപുഴ എക്‌സൈസ് ചെക്ക് ഇന്‍ പോസ്റ്റ് ഇന്‍സ്‌പെക്ടര്‍ പി.കെ മുഹമ്മദ് ഷഫീഖ്, കണ്ണൂര്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ടി.ഷിജുമോന്‍, പ്രിവന്റീവ് ഓഫീസര്‍ കെ. പ്രദീപ് കുമാര്‍, സി. ഇ.ഒമാരായ സച്ചിന്‍ദാസ്, നിതിന്‍ ചോമാരി എന്നിവരും പൊലിസ് പാര്‍ട്ടിയില്‍ എസ്. ഐ സനീഷ്, സീനിയര്‍ സി.പി.ഒമാരായ അനൂപ്, ഷിജോയ്, ഷൗക്കത്തലി ,നിജീഷ് എന്നിവരുമാണ് ഉണ്ടായിരുന്നത്.

വെളളിയാഴ്ച്ച പുലര്‍ച്ചെ രണ്ടരമണിയോടെയായിരുന്നു സംഭവം. എക്‌സൈസ് ഉദ്യോഗസ്ഥന്‍ കെ.കെ ഷാജിയെയാണ് വാഹനത്തിനുളളില്‍ കയറി പരിശോധിക്കുന്നതിനിടെ വാഹനം ഓടിച്ചു പോവുകയും മൂന്നുകിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ കിളിയന്തറ ഭാഗത്ത് എത്തിയപ്പോള്‍ റോഡില്‍ തളളിയിറക്കിയതായും പരാതിയുണ്ട്. ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് കൊണ്ടുവന്ന് മലബാറിലെ ജില്ലകളില്‍ വിതരണം നടത്തുന്നയാളാണ് പിടിയിലായ യാസര്‍ അറഫാത്തെന്നാണ് എക്‌സൈസ്‌നല്‍കുന്ന വിവരം.
ഇയാള്‍ക്ക് വിപുലമായ മയക്കുമരുന്ന് കണ്ണികളുണ്ടെന്നാണ് വിവരം. ഇവര്‍ക്കായി എക്‌സൈസ് വലവിരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടുകൊണ്ടാണ് യാസര്‍ അറഫാത്ത് മയക്കുമരുന്ന് കൊണ്ടുവരുന്നത്. പ്രതിയെ ചോദ്യം ചെയ്‌തതിനു ശേഷം കോടതിയില്‍ ഹാജരാക്കിറിമാന്‍ഡ് ചെയ്‌തു. വരും ദിവസങ്ങളിലും കൂട്ടുപുഴ ചെക്ക്‌പോസ്‌റ്റില്‍ പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് അറിയിച്ചു.












Click it and Unblock the Notifications