തടവുചാടിയ പ്രതി റിമാന്‍ഡില്‍, പിടിയിലായത് തമിഴ്‌നാട് കാരക്കുടിയില്‍ നിന്നും
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവു ചാടിയ പ്രതി പിടിയിൽ.ചാല കൊയ്യാട് സ്വദേശി ഹര്‍ഷാദ്(34) ആണ് പിടിയിലായത്. ഇയാൾ കാരക്കുടിയിൽ ഒളിവിൽ കഴിയുകയായിരുന്നു. ഹര്‍ഷാദിന് ഒളിച്ചു താമസിക്കാന്‍ സൗകര്യമൊരുക്കിയ കാമുകി തമിഴ് നാട് കാരക്കുടി സ്വദേശിനി അപ്‌സര(24)യെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരേയും ണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ഹര്‍ഷാദിനെ രക്ഷപ്പെടാന്‍ സഹായിച്ച മരുമകന്‍ റിസ്വാനെ നേരത്തെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളില്‍ നിന്നാണ് ഹര്‍ഷാദ് തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചത്. ഈക്കഴിഞ്ഞ ജനുവരി 14ന് രാവിലെ ആറുമണിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കാവല്‍ക്കാരെ കബളിപ്പിച്ച് ഹര്‍ഷാദ് മരുമകനായ റിസ്വാനൊപ്പം റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ജയില്‍ വളപ്പിലെ പത്രമെടുക്കാനെന്ന വ്യാജേനെ സംഭവ ദിവസം രാവിലെ പുറത്തിറങ്ങിയ ഇയാള്‍ പെട്ടെന്ന് ജയില്‍ വളപ്പിന് പുറത്തേക്ക് ചാടി ദേശീയപാതയില്‍ സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയ ബൈക്കില്‍ റിസ്വാനൊപ്പം രക്ഷപ്പെടുകയായിരുന്നു. മയക്കുമരുന്ന് കേസില്‍ പത്തുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടായിരുന്നു ഹര്‍ഷാദ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയത്. കണ്ണവം പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ എം.ഡി. എ കടത്തിയതിനാണ് ഇയാള്‍ അറസ്റ്റിലായത്.

ജയിലിനകത്തു സൗമ്യശീലം പ്രകടിപ്പിച്ചിരുന്ന പ്രതിയെ ജയില്‍ ഉദ്യോഗസ്ഥരുടെ വിശ്വാസം നേടിയെടുത്തതിനാല്‍ വെല്‍ഫെയര്‍ ഓഫീസില്‍ ഡ്യൂട്ടിക്കായി നിയോഗിക്കുകയായിരുന്നു. ബംഗ്‌ളൂരില്‍ നിന്നും വാടകയ്‌ക്കെടുത്ത ബൈക്കിലെത്തിയ റിസ്വാനാണ് ജയിലിന് പുറത്തെത്തിയ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചത്. ആദ്യം ബംഗ്‌ളൂരിലെത്തിയ ഹര്‍ഷാദ് പിന്നീട് ഡല്‍ഹിയിലേക്കും അവിടെ നിന്നും നേപ്പാളിലേക്കും കടന്നിരുന്നു. ഇതിനു ശേഷമാണ് തമിഴ്‌നാട് കാരക്കുടിയിലെ കാമുകിയായ അപ്‌സരയുടെ അടുത്തെത്തുന്നത്. അപ്‌സര താമസിച്ചിരുന്ന സ്ഥലത്തു നിന്നും പതിനഞ്ച് കിലോമീറ്റര്‍ അകലെ ഒരു അപ്പാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്താണ് ഇയാള്‍ ഒളിവു ജീവിതം നയിച്ചിരുന്നത്. ടാറ്റു ആര്‍ടിസ്റ്റായ അപ്‌സര തലശേരിയിലെ ഒരു സ്ഥാപനത്തില്‍ ടാറ്റുപഠനത്തിന് എത്തിയപ്പോഴാണ് ഹര്‍ഷാദുമായി പരിചയത്തിലാവുന്നത്. എസ്. ഐമാരായ സവ്യസാചി, അജയന്‍, എ. എസ്. ഐമാരായ രഞ്ജിത്ത്, നാസര്‍, ഷൈജു, ഷിജി, റിനില്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.












Click it and Unblock the Notifications