ടാങ്കര്‍ ലോറിയില്‍ നിന്നും ആസിഡ് ചോര്‍ന്ന സംഭവം; വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കേസെടുത്ത് പോലീസ്
പഴയങ്ങാടി: രാമതെരുവില്‍ ടാങ്കര്‍ ലോറിയില്‍ നിന്നും ആസിഡ് ചോര്‍ന്ന സംഭവത്തിൽ ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. സംഭവത്തെ തുടർന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി കൊല്ലം തട്ടമല സോജ മന്‍സിലില്‍ എസ് അഫ്‌സാന (20) യുടെ പരാതിയിലാണ് നടപടി. എ.പി. 21. ടി. വൈ. 6169 നമ്പര്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍ക്കെതിരെയാണ് പഴയങ്ങാടി പൊലിസ് കേസെടുത്തത്.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. മംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് ടാങ്കര്‍ ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന ഹൈഡ്രോ ക്ലോറിക് ആസിഡാണ് ചോര്‍ന്നത്. ആസിഡ് ചോർന്നതിനെ തുടര്‍ന്ന് ശ്വാസ തടസം അനുഭവപ്പെട്ട എട്ട് വിദ്യാര്‍ത്ഥിനികളെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും രണ്ടു പേരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരമാണ് ആസിഡ് ചോര്‍ച്ചയുണ്ടായത്. തുടർന്ന് അഗ്നിശമന സേനയും പോലീസും ഇടപെട്ട് ടാങ്കര്‍ ലോറി സമീപത്തെ ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റിയിരുന്നു. ഇതിനു ശേഷം ഹൈഡ്രോ ക്ലോറിക്ക് ആസിഡ് മറ്റൊരു ടാങ്കറിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശനിയാഴ്ച രാവിലെ മറ്റൊരു ടാങ്കര്‍ ലോറി എത്തിച്ച് ആസിഡ് മാറ്റാനുള്ള ശ്രമത്തിനിടെയാണ് നഴ്‌സിങ് കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളെ നാട്ടുകാരുടെ സഹായത്തോടെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications