സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ നടപടി വേണം: എം.വി ജയരാജന്‍
കണ്ണൂര്‍; കൊളച്ചേരി സര്‍വീസ് സഹകരണ ബേങ്കിനെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജന്‍. സര്‍ക്കാര്‍ ക്ഷേമപെന്‍ഷനുകള്‍ രാഷ്ട്രീയവല്‍ക്കരിക്കാനും തട്ടിപ്പ് നടത്താനുമായി നിയമവിരുദ്ധമായി വിതരണം ചെയ്യുകയാണ് ബാങ്ക് ചെയ്തതെന്ന് ജയരാജൻ വിമർശിച്ചു.

ഓണത്തിന് മുമ്പ് 3200 രൂപ വീതമാണ് പെന്‍ഷന്‍ തുക വിതരണം ചെയ്യുന്നത്. സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍ അട്ടിമറിക്കാന്‍ പരിശ്രമിച്ചതാണ് യു.ഡി.എഫ് സര്‍ക്കാര്‍. എല്‍.ഡി.എഫ് അധികാരത്തില്‍ വന്നതോടെ പെന്‍ഷന്‍ തുക 600 ല്‍ നിന്നും 1200 രൂപയായി വര്‍ദ്ധിപ്പിക്കുകയും കൃത്യമായി വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. കൃത്യമായി പെന്‍ഷന്‍ വിതരണം ചെയ്യാന്‍ ബജറ്റില്‍ തുക വകയിരുത്തുകയും പെന്‍ഷന്‍ കമ്പനി ഉണ്ടാക്കുകയും ചെയ്തപ്പോള്‍ അതിനെ തകര്‍ക്കാന്‍ ശ്രമിച്ചവരാണ് യു.ഡി.എഫ്.
പെന്‍ഷന്‍ വാങ്ങുന്നവരുടെ വീടുകളില്‍ പോയി നേരില്‍കണ്ട് തുക നല്‍കണമെന്നാണ് വ്യവസ്ഥ. ഓരോ വീട്ടിലും പെന്‍ഷന്‍ വിതരണം ചെയ്യുന്ന ജീവനക്കാര്‍ക്ക് വീടൊന്നിന് 50 രൂപ പ്രതിഫലവും നല്‍കുന്നുണ്ട്. എന്നാല്‍ വീടുകളില്‍ കയറാതെ ലീഗ് ഓഫീസില്‍ എത്തിച്ചേരാന്‍ ലീഗ് മെമ്പര്‍ വാട്ട്‌സ്അപ്പിലൂടെ സന്ദേശം നല്‍കുകയും, അവിടെ വെച്ച് വിതരണം ചെയ്യുകയും ചെയ്തത് നിയമവിരുദ്ധമായ നടപടിയാണ്. കൊളച്ചേരി സര്‍വ്വീസ് സഹകരണ ബേങ്കിന്റെ പരിധിയില്‍ വരുന്ന പാമ്പുരുത്തിയിലാണ് ഈ സംഭവമെങ്കിലും ഇത് ഒറ്റപ്പെട്ട കാര്യമല്ല. സമഗ്രമായ അന്വേഷണം നടത്തുകയും ചട്ടവിരുദ്ധമായി പെന്‍ഷന്‍ വിതരണം ചെയ്ത ബേങ്ക് ഭരണസമിതിയുടെയും ബേങ്ക് ജീവനക്കാരുടെയും പേരില്‍ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് എം.വി ജയരാജന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications