മെഡിക്കല്‍ കോളേജ് കാമ്പസില്‍ നടക്കുന്ന സിപിഎം സൊസൈറ്റിയുടെ കൈയേറ്റത്തില്‍ നടപടി വേണം';മാർട്ടിൻ ജോർജ്
കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് കാമ്പസിനകത്ത് സൊസൈറ്റിയുടെ മറവില്‍ നടക്കുന്ന സിപിഎമ്മിന്റെ കൈയേറ്റത്തില്‍ നടപടി വേണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. സിപിഎം. നിയന്ത്രണത്തിലുള്ള പാംകോസ് എന്ന സഹകരണ സ്ഥാപനത്തിന്റെ മറവില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റലും നിയമവിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു.
സര്‍ക്കാര്‍ സ്ഥാപനത്തിലെ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങളെല്ലാം ലംഘിച്ചാണ് ഇവിടെ നിന്നും പഴയ കെട്ടിടത്തിന്റെ വിലപിടിപ്പുള്ള മര ഉരുപ്പടികളൊക്കെ പുറമേക്ക് കടത്തുകയും ചെയ്യുന്നത്. കെട്ടിടത്തിന്റെ മേല്‍പ്പുര പൊളിച്ച് മര ഉരുപ്പടികള്‍ കടത്തിക്കൊണ്ടുപോയതായി പരിയാരം പോലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല.

കാന്റീന്‍ നടത്താന്‍ മുന്‍ ഭരണസമിതി അംഗീകാരം നല്‍കിയതിന്റെ മറവിലാണ് കാമ്പസിനകത്തെ പല സ്ഥലങ്ങളും കെട്ടിടങ്ങളും സിപിഎം സൊസൈറ്റി കൈയടക്കിയത്. 1960-ല്‍ കേരള ഗാന്ധി കെ.കേളപ്പന്‍ നിര്‍മിച്ച് തുറന്നുകൊടുത്ത ചാച്ചാജി വാര്‍ഡ് എന്ന ചരിത്രപ്രധാന കെട്ടിടം സഹകരണബാങ്കായി മാറ്റാനുള്ള നീക്കവും നടക്കുന്നുണ്ട്. ആവശ്യമായ അനുമതികളൊന്നുമില്ലാതെ ഭരണസ്വാധീനത്തില്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നടത്തുന്ന കൈയേറ്റങ്ങള്‍ അവസാനിപ്പിക്കണം.
സര്‍ക്കാരിന്റെയോ ആരോഗ്യവകുപ്പിന്റെയോ അംഗീകാരമോ അനുമതിയോ ഇല്ലാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്. ഈ വിഷയത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.
പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളജിനകത്തെ കെട്ടിടം സർക്കാറിൻ്റെയോ ആരോഗ്യ വകുപ്പിൻ്റെയൊ അനുമതിയില്ലാതെ സിപിഎം. നിയന്തണത്തിലുള്ള പാം കോസ് എന്ന സൊസൈറ്റി നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ തടയണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരിആവശ്യപ്പെട്ടു.
1960 ൽ കേരള ഗാന്ധി എന്ന പേരിലറിയപ്പെട്ട കേളപ്പജി നിർമ്മിച്ച് പരിയാരം ടി.ബി. സാനിറ്റേറിയത്തിന് കൈമാറിയ ചാച്ചാജി വാർഡ് എന്ന പേരിലറിയപ്പെടുന്ന കെട്ടിടം പൂർണ്ണമായും പൊളിച്ച് പാം കോസ് എന്ന സൊസൈറ്റിയുടെ പേരിൽ ബാങ്കായി മാറ്റുന്നതിനുള്ള ശ്രമമാണ് നടന്നുവരുന്നത്. മാത്രവുമല്ല, പുരാതനമായ ഈ കെട്ടിടത്തിലെ മര ഉരുപ്പടികൾ മുഴുവൻ കടത്തി കൊണ്ടു പോയ യതായും സംശയിക്കുന്നു. ഇതിനെതിരെ മുസ്ലിംലീഗ് ഇതിനകം തന്നെ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടുണ്ട്. ഇതുൾപ്പെടെ സമഗ്ര അന്വേഷണം നടത്തി അനധികൃത കൈയേറ്റം നിർത്തി വെക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിന് മുസ്ലിംലീഗ് നേതൃത്വം കൊടുക്കുമെന്നും കരീം ചേലേരി പ്രസ്താവനയിൽ പറഞ്ഞു.












Click it and Unblock the Notifications