വാക്ക് പാലിച്ച് സുരേഷ് ഗോപി; ബിജെപി സ്ഥാനാര്‍ത്ഥിയായതിന്റെ പേരില്‍ വീട്ടില്‍ നിന്നിറക്കി വിട്ട യുവതിക്ക് വീട്
കണ്ണൂര്‍: ബി ജെ പി സ്ഥാനാര്‍ത്ഥിയായതിന്റെ പേരില്‍ വീട്ടില്‍ നിന്നിറക്കി വിട്ട യുവതിക്ക് വീട് നിര്‍മിച്ച് നല്‍കി നടനും മുന്‍ എം പിയുമായ സുരേഷ് ഗോപി. കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയിലെ യുവതിക്കാണ് സുരേഷ് ഗോപി വാഗ്ദാനം ചെയ്തത് പ്രകാരം വീട് നിര്‍മ്മിച്ച് നല്‍കിയത്.
കഴിഞ്ഞ ദിവസം വീടിന്റെ താക്കോല്‍ ദാനം സുരേഷ് ഗോപി നേരിട്ടെത്തി നിര്‍വഹിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ പേരിലാണ് വീട്ടില്‍ നിന്ന് രഞ്ജിതാ ദീപേഷ് പുറത്താക്കപ്പെട്ടത്. ചെറുതാഴം പഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായിരുന്നു രഞ്ജിതാ ദീപേഷ്.

എന്നാല്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായതോടെ ഇവര്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു. ഇത് ചര്‍ച്ചയായതോടെയാണ് അന്നത്തെ ബി ജെ പി ജില്ലാ പ്രസിഡന്റ് കെ രഞ്ജിത്ത്, അന്ന് രാജ്യസഭാ എം പിയായിരുന്ന സുരേഷ് ഗോപിയെ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് വീട് നിര്‍മ്മിച്ച് നല്‍കാം എന്ന് സുരേഷ് ഗോപി വാഗ്ദാനം ചെയ്യുകയും ചെയ്തു.

താന്‍ വാഗ്ദാനം ചെയ്തത് നിറവേറ്റി എന്നാണ് വീടിന്റെ താക്കോല്‍ കൈമാറി കൊണ്ട് സുരേഷ് ഗോപി പറഞ്ഞത്. ഇതില്‍ കൂടുതല്‍ സന്തോഷം എന്താണ് വേണ്ടത് എന്നും സുരേഷ് ഗോപി ചോദിച്ചു. വീരഞ്ചിറയിലാണ് രഞ്ജിതാ ദീപേഷിന് നിര്‍മ്മിച്ച് കൊടുത്ത വീട് സ്ഥിതി ചെയ്യുന്നത്. താക്കോല്‍ ദാനത്തിന് എത്തിയ സുരേഷ് ഗോപിയെ ബി ജെ പി നേതാക്കളും നാട്ടുകാരും ചേര്‍ന്നാണ് സ്വീകരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ പേരാണ് വീടിന് നല്‍കിയിരിക്കുന്നത്. ഹീര ഭവന്‍ എന്നാണ് വീടിന് പേര് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച രഞ്ജിത 138 വോട്ട് നേടിയിരുന്നു. സി പി ഐ എമ്മിന് വലിയ സ്വാധീനമുള്ള മേഖലയാണ് ഇത്.

ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, ബി ജെ പി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത്, കെ തമ്പാന്‍, സി നാരായണന്‍, ബിജു എളകുഴി, പ്രഭാകരന്‍ കടന്നപ്പളളി, കെ പി അരുണ്‍, മധു മാട്ടൂല്‍ എന്നിവരും ഒപ്പുമുണ്ടായിരുന്നു.












Click it and Unblock the Notifications