എഡിഎമ്മിന്റെ മരണം: പ്രത്യേക അന്വേഷണ സംഘത്തില്‍ നിലവിലുള്ള ഉദ്യോഗസ്ഥനെ നിലനിര്‍ത്തി
കണ്ണൂര്‍: പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിനെ തുടര്‍ന്ന് കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ പ്രത്യേക പോലീസ് അന്വേഷണ സംഘത്തിന് ചുമതല നല്‍കാന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടത് നിലവില്‍ കേസ് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെ നിലനിര്‍ത്തിക്കൊണ്ട്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍ അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ളതാണ് പ്രത്യേക അന്വേഷണ സംഘം. കണ്ണൂര്‍ എസിപി ടികെ. രത്‌നകുമാര്‍ കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ശ്രീജിത്ത് എന്നിവര്‍ ഉള്‍പ്പെടെ നാലംഗ സംഘമാണ് അന്വേഷണ സംഘത്തിലുള്ളത്.
കണ്ണൂര്‍ റേഞ്ച് ഡിഐജിക്ക് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല നല്‍കിയിട്ടുണ്ട്. ഉത്തരമേഖലാ ഐജിയാണ് വിവാദ സംഭവത്തില്‍ അന്വേഷണം നടത്തിയത്. കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റ ചുമത്തപ്പെട്ട മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 29 ന് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും. കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിവരുന്നത്.
ജൂനിയര്‍ ഉദ്യോഗസ്ഥന്‍ കലക്ടറില്‍ നിന്നും ഉള്‍പ്പെടെയുള്ളവരില്‍ നിന്നും മൊഴിയെടുത്തതിനെതിരെ പ്രതിപക്ഷ സംഘടന നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. കണ്ണൂരിലെ സിപിഎം നേതൃത്വവുമായി ഏറ്റവും അടുപ്പം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനാണ് ശ്രീജിത്ത് കൊടേരി. നേരത്തെ ചക്കരക്കല്ലിലേക്ക് സ്ഥലം മാറ്റപ്പെട്ട ഇദ്ദേഹത്തെ പാര്‍ട്ടി നേതൃത്വത്തിന്റെ പ്രത്യേക താല്‍പര്യപ്രകാരം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് തന്നെ നിയോഗിക്കുകയായിരുന്നു.
ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കേസിന് വലിയ പുരോഗതിയില്ലാത്തതിനാല്‍ കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുമെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ കണ്ണൂരിന് പുറത്തു നിന്നുള്ള ഐപിഎസ് പദവിയുള്ള ഓഫീസറെ അന്വേഷണ ചുമതല ഏല്‍പ്പിക്കണമെന്ന അഭിപ്രായം മരണമടഞ്ഞ നവീന്‍ ബാബുവിന്റെ ബന്ധുക്കള്‍ ഉന്നയിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോടാണ് ഇക്കാര്യം ഉന്നയിച്ചത്. ഇതിനിടെ ഒളിവില്‍ കഴിയുന്ന പിപി ദിവ്യയെ പോലീസ് ചോദ്യം ചെയ്യുന്നത് മുന്‍കൂര്‍ ജാമ്യ ഹര്‍ജി 29 ന് തലശേരി സെഷന്‍സ് കോടതി കേസ് പരിഗണിക്കുന്നതുവരെ കാത്തു നില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യ ഹര്‍ജി പരിഗണിച്ചില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യം തേടി പിപി ദിവ്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ സാധ്യതയേറെയാണ്.












Click it and Unblock the Notifications