ചോദ്യം ചെയ്യലിന് ശേഷം പിപി ദിവ്യ വീണ്ടും ജയിലില്‍; പോലീസിനോട് മൊഴി ആവര്‍ത്തിച്ചു
കണ്ണൂര്‍: അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷം കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസിലെ പ്രതിയായ പിപി ദിവ്യയെ കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. വെള്ളിയാഴ്ച്ച വൈകുന്നേരം നാലരയോടെ ദിവ്യയെ വീണ്ടും ജയിലില്‍ അടച്ചു. കണ്ണൂര്‍ പള്ളിക്കുന്നിലെ വനിതാ ജയിലിലെ റിമാന്‍ഡ് തടവുകാരിയാണ് ദിവ്യ. പോലീസ് ഹര്‍ജി നല്‍കിയതു പ്രകാരമാണ് പിപി ദിവ്യയെ ഒരു ദിവസത്തേക്ക് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വിട്ടു നല്‍കിയത്.
രണ്ട് ദിവസത്തേക്കായിരുന്നു ദിവ്യയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലേക്ക് ആവശ്യപ്പെട്ടത്. എന്നാല്‍ വൈകീട്ട് വരെയുള്ള സമയം മാത്രമേ കോടതി അനുവദിച്ചുള്ളു. വെള്ളിയാഴ്ച്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെയായിരുന്നു സമയം.

കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫിസില്‍ നിന്നും കണ്ണൂര്‍ അസി. പൊലിസ് കമ്മിഷണര്‍ ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തിലാണ് അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തത്. നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണ് പിപി ദിവ്യ ചെയ്തതെന്നാണ് വിവരം. താന്‍ യാത്രയയപ്പ് സമ്മേളനത്തില്‍ പങ്കെടുത്തത് കളക്ടര്‍ അരുണ്‍ കെ വിജയന്‍ ക്ഷണിച്ചിട്ടാണെന്നും എഡിഎമ്മിനെ വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നും ദിവ്യ പറഞ്ഞു.
ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന മുഖ്യമന്ത്രിയുടെ വാചകം സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ ഓര്‍മ്മിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്ന് പിപി ദിവ്യ പറഞ്ഞു. എന്നാല്‍ എഡിഎം ജീവനൊടുക്കുമെന്ന് കരുതിയില്ല. അത്തരമൊരു സാഹചര്യം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും ദിവ്യ പറഞ്ഞു. ഇതിനിടെ കണ്ണൂര്‍ നവീന്‍ ബാബുവിന്റെ മരണത്തില്‍ അറസ്റ്റിലായ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാന്‍ മാറ്റി. നവംബര്‍ അഞ്ചിന് കോടതി വാദം കേള്‍ക്കും. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക.












Click it and Unblock the Notifications