പിപി ദിവ്യയെ അറസ്റ്റ് ചെയ്യണം: റോഡ് ഉപരോധിക്കുന്നതിനിടെ യൂത്ത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു
കണ്ണൂര്‍ : ആത്മഹത്യ പ്രേരണാ കുറ്റത്തിന് അറസ്റ്റിലായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരില്‍ വ്യാപക പ്രതിഷേധം. കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ പിപി.ദിവ്യയെ അറസ്റ്റ് ചെയ്യാതെ രക്ഷപ്പെടുത്താനുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധത്തിനിടെ അറസ്റ്റു ചെയ്ത യൂത്ത് ലീഗ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സ്റ്റേഷനിലുള്ളില്‍ നിന്നും സംഘര്‍ഷമുണ്ടായി.
പോലീസുമായി ഉന്തുംതള്ളും വാക്കേറ്റവും നടത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തങ്ങളെ മിനുട്ടുകള്‍ക്കുള്ളില്‍ അറസ്റ്റു ചെയ്ത പോലീസ് ക്രിമിനല്‍ കേസില്‍ പ്രതിയായ പിപി ദിവ്യയെ എന്തുകൊണ്ടു അറസ്റ്റുചെയ്യുന്നില്ലെന്നു ചോദിച്ചു ബഹളം വെച്ചു. തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെ കാല്‍ടെക്‌സിലെ ബാഫക്കി തങ്ങള്‍ മന്ദിരത്തില്‍ നിന്നും പ്രകടനമായാണ് ഇരുപതിലേറെ പ്രവര്‍ത്തകര്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന് മുന്‍പിലെത്തിയത്.

തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന് മുന്നിലുള്ള റോഡ് യൂത്ത് ലീഗ് ഉപരോധിക്കുകയായിരുന്നു. തുടര്‍ന്ന് റോഡ് ഉപരോധിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. പൊലിസ് സ്റ്റേഷന് ഉള്ളില്‍ നിന്നും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചുപ്രതിഷേധിച്ചു.സംസ്ഥാന സെക്രട്ടറി സി. കെ മുഹമ്മദലി, ജില്ലാ പ്രസിഡണ്ട് നസീര്‍ നെല്ലൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പിസി നസീര്‍, നേതാക്കളായ അലി മങ്കര, ഫൈസല്‍ ചെറുകുന്ന്, ഷംസീര്‍ മയ്യില്‍ തുടങ്ങിയ 20 ഓളം പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
ഇതേ തുടര്‍ന്ന് വലിച്ചിഴച്ച് സ്റ്റേഷനിലേക്ക് തങ്ങളെ അടച്ച പോലീസ് നടപടിയെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു ബഹളം വയ്ക്കുകയായിരുന്നു. കണ്ണൂര്‍ ടൗണ്‍എസ്.ഐ പി.പി ഷമീലിന്റെ നേതൃത്വത്തിലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കിയത്. കണ്ണൂര്‍ ടൗണ്‍ സി. ഐ ശ്രീജിത്ത് കോടെരിസ്റ്റേഷനിലെത്തി സമരക്കാരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് ബഹളം അവസാനിപ്പിച്ചത്. സംഭവത്തില്‍ ഇരുപതോളം പേര്‍ക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.
ദേശീയപാത ഉപരോധിച്ചതിനും പൊലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് പൊലിസ് കേസെടുത്തത്. ഇതിനിടെ പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹരജി ഈ മാസം 24ലേക്ക് തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി മാറ്റിവെച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്‍മാര്‍ക്കു മുന്‍പില്‍ പിപി ദിവ്യഹാജരായിട്ടില്ല. ഇവര്‍ ഇരിണാവിലെ വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നതായാണ് വിവരം. മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി തള്ളുകയാണെങ്കില്‍ അറസ്റ്റിലേക്ക് നീങ്ങാനാണ് പോലീസിന്റെ നീക്കം. സിപിഎം അഭിഭാഷകനായ അഡ്വ കെ വിശ്വനാണ് പിപി ദിവ്യയ്ക്കായി ഹാജരായത്.












Click it and Unblock the Notifications