സികെപിയുടെ വെളിപ്പെടുത്തലില്‍ തെളിയുന്നത് സിപിഎം നേതൃത്വത്തിന്റെ ജീര്‍ണത: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്
കണ്ണൂര്‍: മുന്‍ എംഎല്‍എയും സിപിഎം സംസ്ഥാന സമിതി അംഗവുമായിരുന്ന സികെപി പദ്മനാഭന്റെ തുറന്നു പറച്ചില്‍ സിപിഎം നേതൃതലത്തിലെ ജീര്‍ണത ഒരിക്കല്‍ കൂടി പ്രകടമാക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. പാര്‍ട്ടി നേതാക്കളുടെ വഴിപിഴച്ച പോക്കിനെ വിമര്‍ശിച്ചാല്‍ അത്തരം നേതാക്കളെ പിന്നീട് പാര്‍ട്ടിയില്‍ വെച്ചുപൊറുപ്പിക്കില്ല എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് സികെപി പദ്മനാഭന്റെ അനുഭവം.
ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി ശശിക്കെതിരെ പരാതി നല്‍കിയതാണ് കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറിയായിരുന്ന സികെപി പദ്മനാഭനെതിരായ നടപടിയില്‍ കലാശിച്ചതെന്ന് വ്യക്തമാണ്. സംശുദ്ധ വ്യക്തിത്വത്തിന് ഉടമയായ സികെപി പത്മനാഭനെതിരേ സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് പാര്‍ട്ടി അച്ചടക്ക നടപടിയെടുത്തത്. യഥാര്‍ത്ഥത്തില്‍ കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റിയുടെ അക്കൗണ്ടില്‍ നിന്നും തുക പിന്‍വലിച്ചത് ആരൊക്കെയെന്ന് സികെപി പദ്മനാഭന്‍ വ്യക്തമാക്കുന്നുണ്ട്.

കൃത്യമായ ഗൂഢാലോചന നടത്തി സികെപി പത്മനാഭനെ കുടുക്കുകയായിരുന്നുവെന്ന് വേണം അനുമാനിക്കാന്‍. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിച്ചു മാനസികമായി തളര്‍ത്തി തന്നെ നിത്യ രോഗിയാക്കിയത് സിപിഎം നേതൃത്വമാണെന്ന സികെപി പദ്മനാഭന്റെ തുറന്നുപറച്ചില്‍ അങ്ങേയറ്റം വേദനാജനകമാണ്.
പാര്‍ട്ടിയിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരെ 51 വെട്ട് വെട്ടി കൊല്ലാന്‍ മാത്രമല്ല മാനസികമായി തകര്‍ത്ത് നിത്യരോഗിയാക്കി കൊല്ലാക്കൊല ചെയ്യാനും സിപിഎം നേതൃത്വം ഒരുമ്പെടുമെന്നതിന്റെ ദൃഷ്ടാന്തമാണ് സികെപി പത്മനാഭന്‍. എന്താണ് സികെപി ചെയ്ത തെറ്റെന്നു തെളിവു സഹിതം വിശദീകരിക്കാന്‍ സിപിഎം നേതൃത്വം തയ്യാറാകുമോ? സികെപി പദ്മനാഭനെ ജാഗ്രതക്കുറവിന്റെ പേരു പറഞ്ഞ് തരംതാഴ്ത്തിയ സിപിഎം നേതൃത്വമാണ് രക്തസാക്ഷി ഫണ്ട് ക്രമക്കേടില്‍ ആരോപണ വിധേയനായ പയ്യന്നൂരിലെ നേതാവിനെ ജില്ലാ കമ്മിറ്റിയില്‍ തിരിച്ചു കൊണ്ടു വരുന്നത്.
പിണറായി വിജയനെ അനുകൂലിക്കുന്നവര്‍ക്ക് എന്തു തെറ്റ് ചെയ്താലും സംരക്ഷണം ലഭിക്കും. പാര്‍ട്ടിയുടെ വഴിപിഴച്ച പോക്കിനെ എതിര്‍ക്കുന്നവര്‍ കുറ്റവാളികളുമാകും. അടുത്തിടെ സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്ന മനു തോമസ് തുറന്നു പറഞ്ഞതും ഇതേ വസ്തുതയാണ്. സികെപി പദ്മനാഭനെ പോലെ ഒരു മുതിര്‍ന്ന നേതാവ് മനസു തകര്‍ന്നു പറഞ്ഞ വാക്കുകള്‍ സിപിഎം നേതൃത്വത്തിനെതിരേ ആഞ്ഞു തറക്കുന്ന കൂരമ്പുകളാണ്.
ഇത്തരമൊരു അപചയത്തിലേക്ക് ഈ പാര്‍ട്ടിയെ തള്ളിവിട്ട നേതൃത്വത്തെ യഥാര്‍ഥ സിപിഎം അണികള്‍ പാഠം പഠിപ്പിക്കുക തന്നെ ചെയ്യുമെന്ന് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സിപിഎം മുന്‍സംസ്ഥാന സമിതിയംഗമായ സികെപി പദ്മനാഭന്‍ തന്നെ രോഗിയാക്കിയതിനു പിന്നില്‍ സിപിഎം നേതൃത്വമെടുത്ത അച്ചടക്കനടപടിയാണെന്നു കണ്ണൂരിലെ ഒരു പ്രാദേശിക ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.












Click it and Unblock the Notifications