നിര്‍മ്മാണം പൂര്‍ത്തിയായിട്ടും പ്രവര്‍ത്തനം തുടങ്ങിയില്ല: നോക്കുകുത്തിയായി മാഹിയിലെ ബോട്ടുജെട്ടികള്‍
തലശേരി: ഇനിയും പ്രവര്‍ത്തനക്ഷമമാകാതെ മലബാര്‍ റിവര്‍ ക്രൂസ് ടൂറിസത്തിന്റെ ഭാഗമായി നിര്‍മ്മിച്ച മയ്യഴിപ്പുഴയിലെ ബോട്ട് ജെട്ടികള്‍ നോക്കുകുത്തിയാവുന്നു. നിര്‍മ്മാണം പൂര്‍ത്തിയായ ജെട്ടികളുടെ ഉദ്ഘാടനം ഇതുവരെ നടന്നിട്ടില്ല. നേരത്തെ ഉദ്ഘാടനം ചെയ്തവ ഇതുവരെ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല. ടൂറിസം മേഖലയില്‍ കുതിപ്പേകുമെന്നു പ്രതീക്ഷിച്ചിരുന്ന പദ്ധതിയാണ് നിലവില്‍ നോക്കുകുത്തിയായിരിക്കുന്നത്.
മയ്യഴിപ്പുഴയെയും വിനോദ സഞ്ചാരമേഖ മേഖലയില്‍ ഉള്‍പ്പെടുത്തി 2019 ല്‍ തറക്കല്ലിട്ടവയാണ് ഈ ബോട്ടു ജെട്ടികള്‍. പ്രാദേശിക വിനോദ സഞ്ചാര വികസനവും അനുബന്ധ തൊഴില്‍ മേഖലയുടെ സാധ്യതയും കണക്കിലെടുത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വന്‍പദ്ധതിയായിരുന്നു ഇത്. മോന്താലിലും പാത്തിക്കലിലും പരിസരങ്ങളിലും പുഴയോരത്ത് ധാരാളം വ്യാപാര സ്ഥാപനങ്ങള്‍ ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.

ന്യൂ മാഹി മുതല്‍ പെരിങ്ങത്തൂര്‍ വരെ ആറ് ജെട്ടികളുണ്ട്. പാനൂര്‍ നഗരസഭയില്‍ പെട്ട മോന്താലിലെ ബോട്ട് ജെട്ടിയും ന്യൂ മാഹി ബോട്ട് ജെട്ടിയുടെയും ഉദ്ഘാടനം ഗംഭീരമായി തന്നെയായിരുന്നു നടന്നത് . ന്യൂ മാഹിയിലും മോന്താലിലും സ്വകാര്യ സംരഭകര്‍ ടിക്കറ്റ് വെച്ച് ബോട്ട് യാത്ര നടത്തിയിരുന്നെങ്കിലും സുരക്ഷ സംവിധാനങ്ങളില്ലാത്തതിനാല്‍ അധികൃതര്‍ തടയുകയായിരുന്നു..ഇവിടുത്തെ സാഹസിക ബോട്ട് യാത്രയെക്കുറിച്ചും വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. ജെട്ടികള്‍ കേന്ദ്രീകരിച്ച് സമൂഹ ദ്രോഹികള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതായും പരാതിയുണ്ട്
ഇതിനിടെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ന്യൂ മാഹി ബോട്ട് ജെട്ടിയിലേക്കുള്ള പ്രവേശനവും നിയന്ത്രിച്ചു. പെരിങ്ങത്തൂര്‍,കരിയാട് കിടഞ്ഞി എന്നീ ജെട്ടികളാണ് നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടനത്തിനായി കാത്തിരിക്കുന്നത്. പാനൂര്‍ നഗരസഭയിലാണ് രണ്ട് ജെട്ടികളും. ജെട്ടികളുടെ നിലവിലെ അവസ്ഥ വിലയിരുത്താന്‍ മാസങ്ങള്‍ക്ക് മുമ്പ് വിനോദ സഞ്ചാര വകുപ്പിലെ ഉദ്യോഗസ്ഥരെത്തിയിരുന്നു. ആയോധനകല യിലധിഷ്ഠിതമായതാണ് മയ്യഴിപ്പുഴയിലെ വിനോദസഞ്ചാര പദ്ധതി. കേരളീയ വാസ്തു ശൈലിയില്‍ നിര്‍മ്മിച്ച രണ്ട് ജെട്ടികളിലും സൗരോര്‍ജ്ജ വിളക്കുകളുള്‍പ്പെടെ ആധുനിക സംവിധാനങ്ങളൊക്കെ നേരത്തേ സ്ഥാപിച്ചിരുന്നു .വലുതും ചെറുതുമായ സഞ്ചാരബോട്ടുകള്‍
സുരക്ഷിതമായി അടുപ്പിക്കാനുള്ള സംവിധാനങ്ങളൊക്കെ ജെട്ടികളിലുണ്ട്. വില്യം ലോഗന്റെ മലബാര്‍മാന്വലില്‍ ഇടം പിടിച്ച പ്രശസ്തമായ പെരിങ്ങളം കടവിലാണ് പെരിങ്ങത്തൂരിലെ ബോട്ട് ജെട്ടി. കിടഞ്ഞിയിലെ നിര്‍ദ്ദിഷ്ട തുരുത്തി മുക്ക് പാലത്തിന്റെ പദ്ധതി പ്രദേശത്തോട് ചേര്‍ന്നാണ് കരിയാട് കിടഞ്ഞി ബോട്ട് ജെട്ടിയുള്ളത്. ഇതിനടുത്താണ് സഞ്ചാരികളെത്താറുള്ള നടുത്തുരുത്തി ദ്വീപ്. ബോട്ട് ജെട്ടികളുടെ നിര്‍മ്മാണം നേരത്തെ തന്നെ പൂര്‍ത്തിയായി ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു.
ഇതിനെല്ലാം പുറമെ പെരിങ്ങത്തൂരില്‍ തന്നെ കോഴിക്കോട് ജില്ലയുടെ ഭാഗത്ത് മറ്റൊരു ജെട്ടിയുടെ നിര്‍മ്മാണവും നടന്നു വരികയാണ്. ഈ ജെട്ടികളെയെല്ലാം ബന്ധപ്പെടുത്തി മയ്യഴി പുഴയില്‍ ഏത് രീതിയിലാണ് അധികൃതര്‍ വിനോദസഞ്ചാര പദ്ധതികള്‍ നടത്തുക എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സഞ്ചാരികളും നാട്ടുകാരും. എന്നാല്‍ പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുന്നത് സാഹസിക വിനോദ സഞ്ചാരികളെ നിരാശയിലാഴ്ത്തിയിട്ടുണ്ട്.












Click it and Unblock the Notifications