കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്; കണ്ണൂർ വനിതാ കോളേജിൽ കെഎസ്‌യുവിന് പത്തുവർഷത്തിന് ശേഷം അട്ടിമറി വിജയം
കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു തിളക്കമാർന്ന വിജയം നേടിയെന്ന് ജില്ലാ നേതൃത്വം. എസ്എഫ്ഐ കാലങ്ങളായി കയ്യടക്കി വച്ചിരുന്ന പാർട്ടി ഗ്രാമങ്ങളിലെ കോളേജുകളിലുൾപ്പെടെ വൻ തിരിച്ചുവരവാണ് കെഎസ്‌യുവിനുണ്ടായതെന്ന് ജില്ലാ നേതാക്കൾ പറഞ്ഞു.
വർഷങ്ങൾക്കുശേഷം മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ് കോളേജിൽ മത്സരിച്ച 46ഇടത്തിൽ 31ലും വിജയിച്ച് ചരിത്ര മുന്നേറ്റമുണ്ടാക്കി. ഇടത് പാർട്ടി ഗ്രാമമായ തിമിരിയിലെ ബിഎൽഎം കോളേജിൽ പതിനെട്ട് വർഷത്തിനുശേഷം ആദ്യമായി യൂണിറ്റ് രൂപീകരിച്ച് മത്സരിച്ചപ്പോൾ കോട്ട തകർത്ത് യൂണിയൻ ചെയർമാനിലൂടെ കെ.എസ്.യു മിന്നും വിജയം നേടി. ഇതോടൊപ്പം തന്നെ നിലവിൽ കെ.എസ്.യു യൂണിയൻ ഭരിക്കുന്ന മുഴുവൻ കോളേജുകളിലും ഭരണം നിലനിർത്തുകയും പ്രധാനപ്പെട്ട രണ്ട് കോളേജുകൾ എസ്.എഫ്.ഐയിൽ നിന്ന് തിരിച്ചു പിടിക്കുകയും ചെയ്‌തു.

കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ്,മാടായി കോ-ഓപ്പറേറ്റീവ് കോളേജ്,ഇരിട്ടി എം.ജി കോളേജ്,ആലക്കോട് മേരി മാതാ കോളേജ്,പൈസക്കിരി ദേവമാതാ കോളേജ്,നവജ്യോതി കോളേജ് ചെറുപുഴ,ഡി പോൾ കോളേജ് എടത്തൊട്ടി എന്നിവിടങ്ങളിൽ യൂണിയൻ ഭരണം നിലനിർത്തിയപ്പോൾ പത്തു വർഷത്തിനു ശേഷം കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവൺമെന്റ് വനിതാ കോളേജും കഴിഞ്ഞവർഷം നഷ്ടപ്പെട്ട അങ്ങാടിക്കടവ് ഡോൺബോസ്കോ കോളേജും കെഎസ്‌യു എസ്എഫ്ഐയിൽ നിന്ന് തിരിച്ചു പിടിക്കുകയും പിടിക്കുകയും ചെയ്‌തു.
കെഎസ്‌യുവിന് ജില്ലയിലെ ക്യാമ്പസുകളിൽ ഉണ്ടായ തിളക്കമാർന്ന വിജയം കഴിഞ്ഞകാലങ്ങളിൽ കെഎസ്‌യു ഉയർത്തിപ്പിടിച്ച വിദ്യാർത്ഥി പക്ഷ നിലപാടുകൾക്കുള്ള വിദ്യാർത്ഥി മനസ്സിന്റെ അംഗീകാരമാണെന്നും സമാനതകളില്ലാത്ത വിജയം സമ്മാനിച്ച പ്രബുദ്ധരായ വിദ്യാർത്ഥികളെ നെഞ്ചോട് ചേർക്കുന്നുവെന്നും കെഎസ്‌യു ജില്ലാ പ്രസിഡണ്ട് എംസി അതുൽ പറഞ്ഞു. എന്നാൽ ജില്ലയിലെ ബഹുഭൂരിപക്ഷം കോളേജുകളിലും എസ്എഫ്ഐമിന്നും ജയം നേടിയെന്ന് എസ്എഫ്ഐ ജില്ലാ നേതൃത്വം അവകാശപ്പെട്ടു.












Click it and Unblock the Notifications