സമരം അവസാനിച്ചിട്ടും കാര്യമില്ല! കണ്ണൂരിൽ നിന്നുള്ള 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി
കണ്ണൂർ: മുന്നറിയിപ്പില്ലാതെ ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തത് എയർ ഇന്ത്യ എക്സപ്രസിന്റെ സർവീസുകളെ കാര്യമായി ബാധിച്ചിരുന്നു. ഇപ്പോൾ ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാന സർവീസുകൾ റദ്ദാക്കുന്നത് തുടരുകയാണ്. കണ്ണൂരിൽ നിന്നുള്ള രണ്ട് സർവീസുകൾ ഇന്നും റദ്ദാക്കി. പുലർച്ചെ 5. 15 ന് പുറപ്പെടേണ്ടിയിരുന്ന ദമാം, 9. 20 നുള്ള അബുദാബി വിമാനങ്ങളാണ് സർവീസ് നടത്താത്തത്. വിവരം യാത്രക്കാരെ അറിയിച്ചിരുന്നതായി എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പറയുന്നു.
റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക തിരിച്ച് വാങ്ങുകയോ ലഭ്യമായ മറ്റൊരു ദിവസത്തേക്ക് ബുക്കിംഗ് മാറ്റുകയോ ചെയ്യാമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസിന്റെ 75 സർവീസുകൾ ഇന്നലെ മുടങ്ങിയിരുന്നു. ഇന്നും 50 സർവ്വീസ് വരെ മുടങ്ങിയേക്കാം എന്നാണ് സൂചനകൾ. നാളെയോടെ ഏകദേശം പൂർവ സ്ഥിതിയിലേക്ക് വരുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ജീവനക്കാരുടെ മുന്നറിയിപ്പില്ലാത്ത സമരം കാരണം 30 കോടി രൂപ കമ്പനിക്ക് നഷ്ടമുണ്ടായതായാണ് വിവരം. എന്നാൽ ഇതേക്കുറിച്ച് സ്ഥാപനം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വ്യാഴാഴ്ച വൈകീട്ട് ചീഫ് ലേബർ കമ്മീഷണറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. മിന്നൽ പണിമുടക്കിന്റെ പേരിൽ പിരിച്ചുവിട്ട 25 പേരെ തിരിച്ചെടുത്തിരുന്നു. 3 ദിവസത്തിനിടെ 245 സർവീസുകളാണ് മുടങ്ങിയത്. അതേ സമയം ജീവനക്കാർ ഉയർത്തിയ പ്രശ്നങ്ങൾ പരിശോധിച്ച് പരിഹരിക്കുമെന്ന് കമ്പനി അധികൃതർ ഉറപ്പ് നൽകിയതായാണ് റിപ്പോർട്ട്.
യോഗ്യതയ്ക്ക് അനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ലെന്ന കാര്യമുൾപ്പെടെ ചൂണ്ടിക്കാണിച്ചായിരുന്നു ജീവനക്കാരുടെ സമരം. ചൊവ്വാഴ്ച രാത്രി മുതലാണ് മുൻകൂട്ടി അറിയിക്കാതെ ജീവനക്കാർ ജോലിയിൽ നിന്ന് വിട്ട് നിന്നത്. മുൻകൂട്ടി നോട്ടീസ് നൽകാതെ മെഡിക്കൽ ലീവെടുത്താണ് ജീവനക്കാർ പ്രതിഷേധിച്ചത്.
മുന്നറിയിപ്പില്ലാതെ കൂട്ടത്തോടെ അവധിയെടുത്ത 30 ക്യാബിൻ ക്രൂ അംഗങ്ങളെ ആയിരുന്നു എയർ ഇന്ത്യ എക്സ്പ്രസ് ജോലിയിൽ നിന്നും പുറത്താക്കിയിരുന്നത്. മുൻകൂട്ടി അറിയിക്കാതെ ജോലിയിൽ നിന്ന് വിട്ടുനിന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയായിരുന്നു ജീവനക്കാരെ പിരിച്ചുവിട്ടത്. മിന്നൽ സമരം കാരണം നിരവധി യാത്രക്കാരാണ് വലഞ്ഞത്. ധാരളം വിമാനങ്ങൾ റദ്ദാക്കേണ്ട സഹചര്യം വന്നെന്നും അത് വഴി മുഴുവൻ ഷെഡ്യൂളും തടസ്സപ്പെട്ടെന്നും യാത്രക്കാർക്ക് വളരെയധികം അസൗകര്യം ഉണ്ടാക്കിയെന്നും എയർലൈൻ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications