ഇക്കോ ടൂറിസത്തിൻ്റെ അനന്തസാധ്യതകൾ തേടി അകം തുരുത്തി ദ്വീപ്
ഇരിട്ടി: ഇക്കോ ടൂറിസത്തിൻ്റെ അനന്തസാധ്യതകൾ തേടി അകം തുരുത്തി ദ്വീപ്. ധർമ്മടം തുരുത്തു പോലെ സഞ്ചാരികളെ ആകർഷിക്കുന്നതിനാണ് അകം തുരുത്തി ദ്വീപിനെയും ഇക്കോ ടൂറിസം കേന്ദ്രമാക്കി ഒരുക്കാൻ പദ്ധതിയിടുന്നത്. കാഴ്ച്ചക്കാരിൽ പുഴയുടെയും പച്ചപ്പിൻ്റെയും വശ്യ ഭാവങ്ങൾ നിറയ്ക്കുന്ന കൊച്ചു ദ്വീപാണ് അകം തുരുത്തി. ഇരിട്ടി – എടക്കാനം – പഴശ്ശി പദ്ധതി റോഡിന്റെയും ഇരിട്ടി – തളിപ്പറമ്പ് തയുടെയും ഇടയിൽ ഇരിട്ടി നഗരസഭയിലെ വള്ള്യാടിനും പായം പഞ്ചായത്തിലെ പെരുവംപറമ്പിനും മദ്ധ്യത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.
പഴശ്ശി ജലാശയത്തിൽ നാല് ഭാഗവും ജലത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു പച്ചത്തുരുത്താണ് അകംതുരുത്തി ദ്വീപ്. 16 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ ദ്വീപ് കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ ടൂറിസം കേന്ദ്രമായി മാറാൻ സാധ്യതയുള്ള പ്രദേശമാണ്.

വൈവിധ്യമാർന്ന സസ്യ ലതാദികൾ കൊണ്ട് സമ്പുഷ്ടമാണ് ഇവിടം. ഇവിടെ സംസ്ഥാനത്തു തന്നെ ഏറെ ശ്രദ്ധയാകർഷിക്കുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുവാനുള്ള ശ്രമത്തിലാണ് പായം പഞ്ചായത്ത് അധികൃതർ. ഇതിന്റെ ഭാഗമായി നബാർഡ്, ജീവൻ ജ്യോതി പ്രതിനിധികൾ ദ്വീപ് സന്ദർശിച്ചു. എല്ലാതരം സഞ്ചാരികളെയും ആകർഷിക്കാൻ കഴിയുന്ന തരത്തിൽ ഇവിടെ വിവിധ സംവിധാനങ്ങൾ ഒരുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ചങ്ങാടമോ തൂക്കുപാലമോ നിർമ്മിച്ച് ദ്വീപിന് ചുറ്റും ജൈവ വേലി നിർമ്മിക്കുന്ന സംവിധാനം ആദ്യം നടപ്പിലാക്കാനാണ് പായം പഞ്ചായത്ത് ആലോചിക്കുന്നത്. തുടർന്ന് ദ്വീപിലെ പച്ചപ്പ് അതേപോലെ നിലനിർത്തി ഏറുമാടങ്ങളും, പെറ്റ് സ്റ്റേഷനുകളും, കുട്ടികൾക്ക് മുതിർന്നവർക്കും ഉൾപ്പെടെ ഉല്ലസിക്കുവാനുള്ള മറ്റ് സൗകര്യങ്ങളും ഒരുക്കുകയാണ് ലക്ഷ്യം.
കണ്ണൂർ ജില്ലയിൽ ദ്വീപ് സമൂഹങ്ങൾ വളരെ കുറച്ചു മാത്രമേയുള്ളൂ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ധർമ്മടം തുരുത്ത്. ചുറ്റും അറബിക്കടലാൽ വലയം ചെയ്യപ്പെട്ട ധർമ്മടം തുരുത്ത് തലശേരി പൈതൃകം ടൂറിസം പദ്ധതിയുടെ ഭാഗമായി ടൂറിസം സർക്യുട്ടിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ നിന്നും ദൃശ്യമാണ് ധർമ്മടം തുരുത്തിൻ്റെ മനോഹര കാഴ്ച്ചകൾ.












Click it and Unblock the Notifications