മദ്‌റസാ പഠനവും ഡിജിറ്റലാകുന്നു, അലിഫ് ഇസ്ലാമിക് ലേര്‍ണിങ് ആപ്പ് രൂപികരിച്ച് കണ്ണൂരിലെ യുവാക്കള്‍
കണ്ണൂര്‍: പുതുസാങ്കേതികതയുടെ കരുത്തില്‍ മദ്‌റസാപഠനവും ഡിജിറ്റലാകുന്നു. വീട്ടിലോ, എവിടെ വേണമെങ്കിലും ഇരുന്ന് മദറ്‌സാ പഠനത്തിനുളള സകല സംവിധാനങ്ങളും ഈ മൊബൈല്‍ ആപ്പിലൂടെപഠിതാക്കള്‍ക്ക് ലഭിക്കും.
എല്ലാം ഡിജിറ്റലാകുന്ന കാലത്ത് മദ്രസ പഠനവും ഡിജിറ്റല്‍ രൂപത്തില്‍ അവതരിപ്പിക്കുകയാണ് കണ്ണൂരിലെ ഒരു കൂട്ടം യുവാക്കള്‍. ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്പ് വഴി സമഗ്രമായ മദ്രസ പഠന സംവിധാനം തയ്യാറാക്കിയിരിക്കുന്ന 'അലിഫ് ഇസ്ലാമിക് ലേര്‍ണിങാണ് ഏറെ ശ്രദ്ധനേടിയിരിക്കുന്നത്.

വീഡിയോ ക്ലാസ്സുകള്‍, ടെക്സ്റ്റ് ബുക്കുകള്‍, അനിമേഷന്‍ വീഡിയോസ്, ചരിത്ര കഥകള്‍, ഗെയിമുകള്‍ തുടങ്ങിയ സങ്കേതങ്ങള്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥിയുടെ സൗകര്യമനുസരിച്ചു ലോകത്തെവിടെ നിന്നും ഏതു സമയത്തും പഠനം നടത്താന്‍ അലിഫ് സഹായിക്കും. ചെറിയ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കുമൊക്കെ വ്യവസ്ഥാപിതമായ ഇസ്ലാമിക പഠനം സംവിധാനിച്ചിരിക്കുന്ന പ്രത്യേക കോഴ്‌സുകളും അലിഫിന്റെ പ്രത്യേകതയാണ്.
പുതിയ മദ്രസാ വര്‍ഷാരംഭം മുതല്‍ വളരെ വലിയ സ്വീകാര്യതയാണ് അലിഫിന് കിട്ടിക്കൊണ്ടിരിക്കുന്നത്. 'സ്‌കൂള്‍ സമയക്രമം മൂലവും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസ സമ്പ്രദായം കാരണമായും വേണ്ടവിധം മതപഠനം നടത്താന്‍ സാധിക്കാത്ത വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ഞങ്ങളോട് ആശങ്ക പങ്കുവെച്ചിരുന്നു. മാത്രമല്ല, ഒരു മതപണ്ഡിത കുടുംബത്തില്‍ നിന്ന് വരുന്നവര്‍ എന്ന നിലയ്ക്ക് ഉസ്താദുമാരും ഈ വിഷയത്തില്‍ അവരുടെ ആശങ്കകള്‍ ഞങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
അതുപോലെ തന്നെ കേരളത്തിന് പുറത്തു കുടുംബ സമേതം താമസിക്കുന്ന രക്ഷിതാക്കള്‍ അവിടങ്ങളില്‍ കുട്ടികള്‍ക്ക് മദ്രസ വിദ്യാഭ്യാസം നല്‍കാനുള്ള വിഷമതകളെ പറ്റിയും സംസാരിച്ചിരുന്നു. ഈ ആശങ്കകളും വിഷമതകളുമാണ് ഞങ്ങളെ അലിഫ് തയ്യാറാക്കുന്നതിലേക്ക് എത്തിച്ചത്'- കമ്പനിയുടെ സ്ഥാപകരായ മുബശ്ശിര്‍ ഹസന്‍, സുഹൈബ് അബ്ദുല്‍ റഊഫ് എന്നിവര്‍ പറയുന്നു. നിലവില്‍ മലയാള ഭാഷയില്‍ ആന്‍ഡ്രോയിഡ് ഫോണുകളിലാണ് അലിഫ് ലഭ്യമായിട്ടുള്ളത്.
ഇംഗ്ലീഷ്, ഉറുദു ഭാഷകളിലും മറ്റു ഇസ്ലാമിക കര്‍മശാസ്ത്ര ശാഖകളിലും കണ്ടെന്റുകള്‍ തയ്യാറാക്കി ആപ്പിള്‍ ഫോണുകളില്‍ കൂടി പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. പുതിയ നിക്ഷേപകര്‍ എത്തുന്നതോടെ പുതിയ ഉയരങ്ങള്‍ സഞ്ചരിക്കാനൊരുങ്ങുകയാണ് അലിഫിന്റെ പിന്നണിക്കാര്‍.












Click it and Unblock the Notifications