മുഴുവന്‍ പഞ്ചായത്തുകളിലും അടുത്ത വര്‍ഷത്തോടെ കളിക്കളം ഒരുക്കും: മന്ത്രി വി അബ്ദുറഹിമാന്‍
തളിപറമ്പ്:അടുത്ത വര്‍ഷത്തോടെ സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും കളിക്കളം ഒരുക്കുകയാണ് ലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തില്‍ ഡിസംബര്‍ 21 മുതല്‍ 31 വരെ നടക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള കായിക മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ 465 പഞ്ചായത്തുകളില്‍ കളിക്കളങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ 112 ഇടങ്ങളില്‍ കളിസ്ഥലം സജ്ജമാക്കാന്‍ സര്‍ക്കാരിനായി. ഇതിന്റെ ഭാഗമായി 1500 കോടി രൂപ ചെലവഴിച്ചു.ബാക്കിയുള്ള പഞ്ചായത്തുകളില്‍ അടുത്ത ഒരു വര്‍ഷത്തിനകം കളിക്കളങ്ങള്‍ ഒരുക്കാനാണ് ലക്ഷ്യം. കൂടുതല്‍ പേരെ കായിക മേഖലയിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ഉദേശിക്കുന്നത്.

വര്‍ധിച്ചു വരുന്ന ജീവിതശൈലി രോഗങ്ങള്‍ ഇല്ലാതാക്കാന്‍ കായിക പരിശീലനത്തിലൂടെ സാധിക്കും. ഒരു വ്യക്തി ആരോഗ്യത്തോടെ ഇരിക്കുക എന്നതിനര്‍ത്ഥം സന്തോഷത്തോടെ ഇരിക്കുന്നു എന്നാണ്. അതിനാല്‍ ശാരീരിക ക്ഷമത വര്‍ധിപ്പിക്കാന്‍ കൂട്ടായ പരിശ്രമം വേണമെന്നും മന്ത്രി പറഞ്ഞു.
മണ്ഡലത്തിലെ ഒമ്പത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടന്ന മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ടീമുകള്‍ തമ്മിലുള്ള ഫുട്‌ബോള്‍ മത്സരത്തോടെയാണ് മേള തുടങ്ങിയത്. നവംബര്‍ 22ന് കണ്ണൂര്‍ സര്‍വ്വകലാശാല ക്യാമ്പസില്‍ ബോക്‌സിങ്, 22 മുതല്‍ 27 വരെ മയ്യില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ്, 23 മുതല്‍ 25 വരെ മോറാഴ വായനശാല ഗ്രൗണ്ടില്‍ ഷട്ടില്‍, 26 മുതല്‍ 28 വരെ കൂവേരി ബ്രദേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ വോളിബോള്‍, 26ന് കരിങ്കല്‍ക്കുഴി ഭാവന ഗ്രൗണ്ടില്‍ കമ്പവലി, 27ന് കുറുമാത്തൂര്‍ സ്‌കൂളില്‍ കളരിപ്പയറ്റ്, പരിയാരം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ചെസ്സ്, മലപ്പട്ടം ഹയര്‍ സെക്കണ്ടറിയില്‍ ഹാന്‍ഡ് ബോള്‍, 29, 30 തീയ്യതികളില്‍ കെ എ പി ഗ്രൗണ്ടില്‍ അത്‌ലറ്റിക്‌സ്, 30 ന് മയ്യിലില്‍ പഞ്ചഗുസ്തി എന്നിവ നടക്കും.
കൂവോട് എ കെ ജി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ഒളിമ്പ്യന്‍ മേഴ്‌സി കുട്ടന്‍, ഫുട്‌ബോള്‍ താരം സി കെ വിനീത്, ധ്യാന്‍ചന്ദ് പുരസ്‌ക്കാര ജേതാവ് കെ സി ലേഖ എന്നിവര്‍ മുഖ്യാതിഥികളായി. തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, വാര്‍ഡ് കൗണ്‍സിലര്‍ എം വി സജീറ, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണ സമിതി അംഗം ബിനീഷ്, സംഘാടക സമിതി കണ്‍വീനര്‍ വി ജയന്‍, കൂവോട് ലേബര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രതിനിധി കെ കെ രത്‌നാകരന്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications