കൊറോണ പ്രതിരോധം: കണ്ണൂരിൽ കലക്ടർ സർവകക്ഷി, സംഘടനാ നേതാക്കളുടെ അടിയന്തിര യോഗം!!
കണ്ണൂർ: സംസ്ഥാനത്ത് കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലാ കലക്ടർ ടി വി സുഭാഷ് രാഷ്ടീയ പാർട്ടികളുടെയും മറ്റു സംഘടനകളുടെയും സംയുക്ത യോഗം വിളിച്ചു. ബുധനാഴ്ച്ച രാവിലെ 10 മണിക്ക് കലക്ടറുടെ ചേമ്പറിലായിരന്നു യോഗം. വിവിധ സാമുദായിക സംഘടനാ പ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പൊതു പരിപാടികൾ ഒഴിവാക്കണമെന്ന മന്ത്രിസഭാ നിർദ്ദേശം യോഗത്തിൽ ചർച്ചയാകും കൊറോണ പ്രതിരോധത്തിന്റെ ഭാഗമയി ജില്ലയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വിമാനത്താവളത്തിൽ നേരത്തെ തന്നെ ആരോഗ്യ വകുപ്പ് കർശന പരിശോധന നടത്തി വരുന്നുണ്ട്.
ജില്ലാ ആശുപത്രിയിൽ ഐസോലേഷൻ വാർഡ് പ്രവർത്തിക്കുന്നുണ്ട്. രോഗബാധയുണ്ടെന്ന് സംശയിക്കുന്നവർ ഇവിടെ നിരീക്ഷണത്തിലാണ്. വിദേശത്തു നിന്നും വരുന്നവരുടെ ലിസ്റ്റ് ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരം ആളുകളെ സർക്കാർ ആശുപത്രിയുമായി ബന്ധപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ഇതിനു പുറമേ ആവശ്യമായ മാസ് കുകളും മറ്റു സംവിധാനങ്ങളും ജില്ലയിലെ മെഡിക്കൽ സ്‌റ്റോറുകളിലും മറ്റിടങ്ങളിലും ഒരുക്കിയിട്ടുണ്ട്. കെഎസ്ആർടിസിയിലും കലക്ടറേറ്റിലും മറ്റു സർക്കാർ ഓഫിസുകളിലും പഞ്ചിങ് സംവിധാനം എടുത്തു കളഞ്ഞിട്ടുണ്ട്. ആരോഗ്യ വകുപ്പിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അടിയന്തിര ഘട്ടത്തിലല്ലാതെ അവധി അനുവദിക്കില്ല.

ഓഡിറ്റോറിയങളിൽ ബുക്ക് ചെയ്ത വിവാഹങ്ങളെ കുറിച്ച് വിശദ വിവരങ്ങൾ തേടിയിട്ടുണ്ട്. ഉത്സവങ്ങളും മറ്റു പൊതു ചടങ്ങുകളും നിയന്ത്രണ വിധേയമായി മാത്രമേ നടത്താൻ വിടുകയുള്ളൂ. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി വിവിധ രാഷ്ട്രീയ പാർട്ടികൾ അതത് പൊതുപരിപാടികൾ റദ്ദ് ചെയ്തിട്ടുണ്ട്. പാർട്ടി പ്രവർത്തകർ ഗ്രാമ ഗ്രാമാന്തരങ്ങളിൽ ബോധവൽക്കരണവും ശുചീകരണ പ്രവർത്തനങ്ങളും നടത്തും. കുടുംബശ്രീയടക്കമുള്ള സന്നദ്ധ സേവാ സംഘടനകൾ ഇതിനായി രംഗത്തിറങ്ങും. കലക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ വിവിധ വകുപ്പ് മേധാവികളും പോലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കും.












Click it and Unblock the Notifications