ഗണപതി ക്ഷേത്രക്കുളം നവീകരിക്കാന്‍ 64 ലക്ഷം രൂപ അനുവദിച്ച് ഷംസീര്‍; അനുമതി മിത്ത് വിവാദത്തിനിടെ
കണ്ണൂര്‍: മിത്ത് വിവാദത്തിനിടെ സ്വന്തം മണ്ഡലത്തിലെ ഗണപതി ക്ഷേത്രത്തിലെ കുളം നവീകരിക്കാന്‍ 64 ലക്ഷം രൂപ അനുവദിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷംസീര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത് തലശ്ശേരി മണ്ഡലത്തിലെ ഗണപതി ക്ഷേത്രക്കുളത്തിന്റെ നവീകരണത്തിന് 64 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിരിക്കുന്നത്. തലശ്ശേരി കോടിയേരിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ജില്ലയിലെ തന്നെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നായ കാരാല്‍തെരുവില്‍ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്. പഴമയുടെ പ്രൗഢി നിലനിര്‍ത്തികൊണ്ട് കുളം ഏറെ മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നത് എന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത മാസം ആകുമ്പോഴേക്കും ക്ഷേത്രകുളം നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഷംസീര്‍ ഗണപതിയേയും ഹൈന്ദവ വിശ്വാസത്തേയും അവഹേളിച്ചു എന്ന തരത്തില്‍ സംഘപരിവാറും എന്‍ എസ് എസും പ്രചരണം നടത്തുന്നതിനിടെയാണ് നടപടി എന്നത് ശ്രദ്ധേയമാണ്. എറണാകുളത്തെ കുന്നത്തുനാട് മണ്ഡലത്തില്‍ നടപ്പാക്കുന്ന വിദ്യാജോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു സ്പീക്കറുടെ വിവാദ പ്രസംഗം. മിത്തുകളെയും വ്യക്തികളെയും ഉയര്‍ത്തിപ്പിടിക്കുന്നതിനു പകരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്നായിരുന്നു ഷംസീര്‍ പറഞ്ഞത്.
ഇതാണ് വിവാദത്തിനാധാരമായത്. വിദ്യാഭ്യാസ മേഖലയില്‍ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണം എന്നും ഇന്നത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ മാത്രമാണ് എന്നുമാണ് ഷംസീര്‍ പറഞ്ഞിരുന്നത്. തന്റെ കാലത്തൊക്കെ വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് ഉത്തരം റൈറ്റ് സഹോദരങ്ങളാണെന്നായിരുന്നെന്നും എന്നാല്‍ ഇന്ന് പറയുന്നത് ലോകത്തെ ആദ്യത്തെ വിമാനം പുഷ്പക വിമാനമാണെന്നാണ് എന്നായിരുന്നു ഷംസീര്‍ പറഞ്ഞത്.
പാഠപുസ്തകങ്ങള്‍ക്ക് അകത്ത് ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം വ്യക്തികളെ പ്രോത്സാഹിപ്പിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. കൗരവപ്പടയുണ്ടായത് ഇന്‍ഫെര്‍ട്ടിലിറ്റി ട്രീറ്റ്മെന്റിലൂടെയാണെന്ന് പഠിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പ്ലാസ്റ്റിക് സര്‍ജറി വൈദ്യശാസ്ത്രത്തിലെ പുതിയ കണ്ടുപിടിത്തമാണ്. എന്നാല്‍, പ്ലാസ്റ്റിക് സര്‍ജറി ഹിന്ദുത്വ കാലത്തേ ഉള്ളതാണെന്നാണ് ഇവിടെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയത് മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഗണപതിയാണെന്നാണ് പറയുന്നതെന്നും ഇങ്ങനെ ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രോത്സാഹിപ്പിക്കുകയാണ് എന്നുമായിരുന്നു ഷംസീര്‍ പറഞ്ഞത്. അതേസമയം ഷംസീറിന്റെ പരാമര്‍ശത്തിന് എതിരെ വിശ്വഹിന്ദു പരിഷത്തും ബി ജെ പിയുമെല്ലാം പരാതി നല്‍കിയിട്ടുണ്ട്. ഷംസീര്‍ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്നാണ് എന്‍ എസ് എസിന്റേ ആവശ്യം.












Click it and Unblock the Notifications