കുടിയാൻമലയിൽ വയോധികയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി; കേസിൽ ഭർത്താവ് അറസ്‌റ്റിൽ
ആലക്കോട്: കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ കുടിയാൻ മലയിൽ ഭാര്യയെ ഭർത്താവ് ഇരുമ്പ് പാര കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. നെല്ലിക്കുറ്റി സ്വദേശി നാരായണനാണ് ഭാര്യ മേട്ടുപുറത്തെ ഭവാനിയെ (75) കൊലപ്പെടുത്തിയത്. ബുധനാഴ്ച്ചപുലർച്ചയായിരുന്നു സംഭവം. ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അതേ തുടർന്നുണ്ടായ സംഘർഷത്തിനുമൊടുവിലാണ് നാരായണൻ ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. അതേ സമയം, നാരായണന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.
ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്തിട്ടുണ്ട്. പ്രതിയുടെ. മൊഴിയെടുത്തിയതിനു ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. തലയ്ക്കടിയേറ്റ ഭവാനിയെ അയൽ വാസികൾ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കുടിയാൻമല എസ്.ഐയുടെ നേതൃത്വത്തിലാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. ഭവാനിയുടെ കൊലപാതക വാർത്തയറിഞ്ഞ് നടുങ്ങിയിരിക്കുകയാണ് നെല്ലിക്കുറ്റി ഗ്രാമം.

വിവരമറിഞ്ഞ് ജനപ്രതിനിധികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ സംഭവ സ്ഥലത്തെത്തിയിരുന്നു വീട്ടിൽ ആരും ഇല്ലാത്ത സമയത്താണ് കൊലപാതകം നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവം അറിഞ്ഞ അയൽവാസികളാണ് കുടിയാൻ മല പോലീസിനെ വിവരമറിയിക്കുന്നത്. ഭവാനിയുടെ മരണത്തെ തുടർന്ന് പോലീസ് ഭർത്താവ് നാരായണനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.
വയോധികരായ ദമ്പതികൾ തമ്മിൽ കുടുംബ കലഹം പതിവാണെന്നാണ് നാട്ടുകാർ പോലീസിന് നൽകിയ മൊഴി. കൊലപാതകത്തിന് ഉപയോഗിച്ച ഇരുമ്പ് പാര പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണൂരിൽ നിന്നെത്തിയ ഫോറൻസിക് വിഭാഗവും പരിശോധന നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചെറുപുഴയിൽ മറ്റൊരു സംഭവത്തിൽ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഇതിനു ശേഷമാണ് മലയോര മേഖലയിൽ നാടിനെ നടുക്കിയ മറ്റൊരു സംഭവം കൂടി നടക്കുന്നത്.












Click it and Unblock the Notifications