അംഗന്‍വാടി വര്‍ക്കര്‍ നിയമനം രാഷ്ട്രീയപ്രേരിതമെന്ന് ആരോപണം, വിശദീകരണവുമായി സിപിഎം
ഇരിട്ടി: ഇരിട്ടി നഗരസഭയിലെ അംഗന്‍വാടി വര്‍ക്കര്‍ തസ്തികയിലേക്ക് രാഷ്ട്രീയ പ്രേരിതമായി പിന്‍വാതില്‍ നിയമനം നടത്തുന്നുവെന്ന ആരോപണം വിവാദമാകുന്നു. ആകെ 938 പേരാണ് ഈ തസ്തികയിലേക്ക് അപേക്ഷിച്ചത്. ഏഴ് ദിവസങ്ങളിലായി അഭിമുഖം നടത്തി തയ്യാറാക്കിയ പട്ടികയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ആകെ 70 പേരുളളതില്‍ ആദ്യ റാങ്കുകളിലെല്ലാം സിപിഎമ്മിന്റെ സ്വന്തക്കാരെന്നാണ് ഉയരുന്ന ആക്ഷേപം.
ഒന്നാം റാങ്ക് നഗരസഭയിലെ ഇപ്പോഴത്തെ സിഡിഎസ് ചെയര്‍പേഴ്‌സണ്‍, രണ്ടാം റാങ്ക് നഗരസഭയിലെ സിപിഎം കൗണ്‍സിലറുടെ ഭാര്യ, മൂന്നാമത് സിപിഎം കൗണ്‍സിലറുടെ സഹോദരന്റെ ഭാര്യ, നാലാം റാങ്ക് നേരത്തെ കൗണ്‍സിലറായിരുന്ന ഡിവൈഎഫ്‌ഐ വനിതാ നേതാവ്, അഞ്ചാം റാങ്കിലും സിപിഎം കൗണ്‍സിലറുടെ ഭാര്യ, നഗരസഭയിലെ താത്കാലിക ഡ്രൈവറായ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യക്ക് ആറാം റാങ്ക്, പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തോറ്റയാള്‍ ഏഴാമത്, എട്ടാം റാങ്കില്‍ സിപിഎം കൗണ്‍സിലര്‍ എന്നിങ്ങനെ ആദ്യ പതിനഞ്ചില്‍ നഗരസഭാ വൈസ് ചെയര്‍മാന്റെ മകളുള്‍പ്പെടെയുണ്ട്.

മൂന്ന് വര്‍ഷം കാലാവധിയുളളതാണ് പട്ടിക. ഇതിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്. ഇഷ്ടക്കാര്‍ക്ക് നിയമനം നല്‍കാന്‍ വഴിവിട്ട നീക്കം നടത്തിയെന്നാണ് പ്രതിപക്ഷ ആരോപണം. ബിപിഎല്‍ വിഭാഗത്തില്‍പെട്ടവരെയും വിധവകളെയുമുള്‍പ്പെടെ തഴഞ്ഞാണ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നിയമനം അട്ടിമറിച്ചതെന്നാണ് പരാതി. എന്നാല്‍ ഇതെല്ലാം നഗരസഭാ ഭരണസമിതി തളളുന്നു.
യോഗ്യതയാണ് മാനദണ്ഡമെന്നാണ് വിശദീകരണം. കൂടുതല്‍ മാര്‍ക്കുളളവര്‍ മുന്നിലെത്തിയെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ ശ്രീലത പറഞ്ഞു. റാങ്ക് പട്ടിക റദ്ദാക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. എന്നാല്‍ രാഷ്ട്രീയലക്ഷ്യം മാത്രമെന്ന് പറഞ്ഞ് ആവശ്യം തളളുകയാണ് സിപിഎം. അംഗന്‍വാടി റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ നടക്കുന്ന കുപ്രചരണങ്ങള്‍ തള്ളിക്കളയണമെന്ന് സിപിഎം ഇരിട്ടി ഏരിയ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പിഎസ്‌സി മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് അംഗനവാടി ജീവനക്കാരെ നിയമിക്കുന്നത്. ശിശുക്ഷേമ വികസന ഓഫീസര്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട്, മുന്‍സിപ്പല്‍ സെക്രട്ടറി, തുടങ്ങിയ ഉദ്യോഗസ്ഥരും മുന്‍സിപ്പല്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ എന്നിവര്‍ ഉള്‍പ്പെട്ട 11 അംഗ ഇന്റര്‍വ്യൂ ബോര്‍ഡ് നിലവിലുണ്ട്. ലഭിച്ച അപേക്ഷകളിന്മേല്‍ യോഗ്യത പരിശോധിച്ച് നേരത്തെ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് പിഎസ്‌സി മാനദണ്ഡം അനുസരിച്ച് എസ്എസ്എല്‍സി ആദ്യ തവണ പാസ് ആയവര്‍ക്ക് 70 മാര്‍ക്കും രണ്ടാം തവണ പാസ് ആയവര്‍ക്ക് 67 മാര്‍ക്ക് എന്നീ ക്രമത്തില്‍ നല്‍കുന്നത്.
നഴ്‌സറി ടീച്ചര്‍ പരിശീലനം പൂര്‍ത്തീകരിച്ച് സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്ക് മൂന്ന് ശതമാനം മാര്‍ക്ക് അധികമായി ലഭിക്കും. ഇന്റ്റര്‍വ്യൂ ബോര്‍ഡിന് നല്‍കാവുന്ന ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് പതിനഞ്ചാണ്. നിലവില്‍ നടന്ന നിയമങ്ങളില്‍ നിധിന ഒന്നാം ഘട്ടം എസ്എസ്എല്‍സി പാസ്സാവുകയും നഴ്‌സറി ടീച്ചര്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ള അപേക്ഷക എന്ന നിലയ്ക്ക് 73 മാര്‍ക്ക് നേരത്തെ നേടുകയും ചെയ്തിരുന്നു.
കൂടികാഴ്ച്ചയില്‍ 13.4 മാര്‍ക്കും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ അര്‍ഹതയിലാണ് നിധിനയ്ക്ക് നിയമനം ലഭിച്ചത്. രണ്ടാമത് നിയമനം നേടിയ സികെ രെസ്ന റാങ്ക് പട്ടികയില്‍ 10ാം സ്ഥാനത്തുള്ള ഉദ്യോഗാര്‍ത്ഥിയാണ്. സര്‍ട്ടിഫിക്കറ്റ് ഇനത്തില്‍ 70 മാര്‍ക്കും കൂടി കാഴ്ച്ചയില്‍ 13.8 മാര്‍ക്കും കിട്ടിയ രെസ്ന 10ാം റാങ്ക് ആണെങ്കിലും ഒബിസി സംവരണം വഴിയാണ് നിയമാനുസരണം നിയമനം ലഭിച്ചത്.
മൂന്നാമതായി നിയമനം ലഭിച്ച അശ്വതി രണ്ടാം റാങ്ക് കാരിയാണ്. എസ്ടി വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥിയാണിവര്‍. ഭര്‍ത്താവ് മുന്‍സിപ്പല്‍ കൗണ്‍സിലറാണെന്നുള്ളത് അയോഗ്യതയായി കണക്കാക്കാന്‍ കഴിയില്ല. നിലവില്‍ എസ്ടി പ്രൊമോട്ടര്‍ കൂടിയായ അശ്വതിയുടെ നിയമനവും പിഎസ്‌സി മാനദണ്ഡ പ്രകാരമാണ്. നാലാമത്തെ നിയമനം ശിശുക്ഷേമ വികസന വകുപ്പിന്റെ ഉത്തരവ് വഴി ഹെല്‍പ്പര്‍ തസ്തികയിലുള്ള ആള്‍ക്ക് വര്‍ക്കറായി പ്രൊമോഷന്‍ ലഭിച്ചതാണ്.
സിപിഎം ഏരിയ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെ നടന്നതെന്ന തരത്തിലുള്ള നെറികെട്ട പ്രചാരണം നടത്തുന്നത് ശരിയല്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. അഞ്ചാം നിയമനം അംഗന്‍വാടി വിഭാഗത്തില്‍ നടക്കുന്ന പൊതു സഥലമാറ്റം വഴി മറ്റൊരു പഞ്ചായത്തില്‍ നിന്നും സ്ഥലം മാറി വന്നതുമാണ്. ഇതിലും പാര്‍ട്ടിക്ക് ബന്ധമുള്ളതുമല്ല. ഇനി 2025ല്‍ ആണ് നിയമനം നടക്കേണ്ടത്.
24ാം റാങ്ക് കാരിയായ ഷിംനയ്ക്കാണ് അര്‍ഹതയുള്ളത്. ഇത് പട്ടികജാതി സംവരണം അനുസരിച്ചാണ്. 2026 ലും ഒരു ഒഴിവിലേക്കാണ് നിയമനം നടക്കുക. ഈ നിലയിലാണ് 2026 വരെയുള്ള ഏഴു നിയമനങ്ങള്‍. 2012ലാണ് നിലവിലെ റാങ്ക് ലിസ്റ്റിനായുള്ള അപേക്ഷ ക്ഷണിച്ചത്. ഇതില്‍ നിന്ന് പിഎസ്‌സി മാനദണ്ഡ പ്രകാരം റാങ്ക് പട്ടിക തയ്യാറാക്കുന്നത് നഗരസഭയല്ലെന്നത് ഇതിന്റെ ഘടന പരിശോധിക്കുന്നവര്‍ക്ക് ഒറ്റ നോട്ടത്തില്‍ മനസ്സിലാകും
ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെട്ട രണ്ടോ മൂന്നോ ജനപ്രതിനിധികള്‍ അവിഹിതമായി ഇടപ്പെട്ടുവെന്നും സമ്മര്‍ദ്ദം ചെലുത്തി തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ വസ്തുത മനസ്സിലാക്കാതെ സിപിഎം വിരുദ്ധ പ്രചാരണമാണ് നടത്തുന്നത്. കൃത്യമായ യോഗ്യതയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ലിസ്റ്റില്‍ യാതൊരു ഇടപെടലും പാര്‍ട്ടി നടത്തിയിട്ടില്ല. നിയമന അധികൃതര്‍ നഗരസഭയല്ല എന്നും ശിശുക്ഷേമ വികസന ഓഫീസര്‍ ആണെന്നും ആര്‍ക്കും മനസ്സിലാവുന്ന കാര്യമാണ്.
വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ചിലര്‍ നടത്തുന്ന സമരം തിരിച്ചറിയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം ഇരിട്ടി ഏരിയ സെക്രട്ടറി കെവി സക്കീര്‍ ഹുസൈന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ പിപി അശോകന്‍, വൈവൈ മത്തായി, ഇഎസ് സത്യന്‍, കെജി ദിലീപ് എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications