കാനായിയുടെ മറ്റൊരു ശില്പം കൂടി വിസ്മൃതിയിലേക്ക്
കണ്ണൂര്‍: കണ്ണൂര്‍ പയ്യാമ്പലം പാര്‍ക്കില്‍ സ്ഥാപിക്കപ്പെട്ട കാനായിയുടെ മറ്റൊരു ശില്പം കൂടി വികസനത്തിന്റെ പേരില്‍ ഇല്ലാതാക്കുന്നു. നേരത്തെ ലോകപ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമന്റെ അമ്മയും കുഞ്ഞും ശില്പവും കാടുമൂടി നശിച്ചിരുന്നു. കന്റോണ്മെന്റുമായുള്ള നിയമതര്‍ക്കമാണ് ഒട്ടേറെ സൗഹൃദയരെ ആകര്‍ഷിച്ചിരുന്ന കാനായിയുടെ മണ്ണില്‍ തീര്‍ത്ത അമ്മയും കുഞ്ഞുമെന്ന വിശ്രുത ശില്പത്തെ ഇല്ലാതാക്കിയത്.
ഇതിനു സമാനമായി ഇവിടെ തന്നെയുള്ള മറ്റൊരു ശില്പമായ റിലാക്സിങ് എന്ന ശില്പമാണ് ഇപ്പോള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നത്. റോപ് വേ നിര്‍മാണമാണ് കാനായിയുടെ രണ്ടാമത്തെ ശില്പത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നത്. ടൂറിസം പ്രമോഷന് കൗണ്‍സിലാണ് റോപ്വേ സൃഷ്ടിക്കാനായി ടവര്‍ നിര്‍മിക്കുന്നത്. ഇതിന് തൊട്ടുതാഴെയാണ് ശില്പമെന്നുള്ളതു കൊണ്ടു തന്നെ ഇതു തകര്‍ക്കപ്പെടാനാണ് സാധ്യതയെന്ന് ചിത്രകാരന്മാര് പറയുന്നു.
വിനോദസഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിരുന്ന പയ്യാമ്പലത്തിന്റെ ഹൈലെറ്റ്സ് തന്നെയായിരുന്നു പാര്‍ക്കിലെ കാനായി ശില്പങ്ങള്. കൊവിഡ് നിയന്ത്രണങ്ങള്‍ അയഞ്ഞതോടെ കഴിഞ്ഞ മാസമാണ് പാര്‍ക്ക് നവീകരണത്തിന് ശേഷം വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചത്. ഇതിനിടെയാണ് സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി റോപ് വേനിര്മിക്കാന് തീരുമാനിച്ചത്.
ഏഴ് പേരെയും തരിപ്പണമാക്കി, ടിക്കറ്റ് ടു ഫിനാലെയില്‍ ദില്‍ഷയ്ക്ക് കൂടുതല്‍ പോയന്റ്, ഫൈനലില്‍
ഇതിനാകട്ടെ മെറ്റല്‍ ഇറക്കിയത് കാനായിയുടെ റിലാക്സിങ് ശില്പത്തിന്റെ മുകളിലാണ്. ഇതാണ് ഏറെ വിവാദത്തിനിടയാക്കിയത്. ഇതറിഞ്ഞ് കേരള ചിത്രകാലപരിഷത്ത് ഭാരവാഹികള്‍ സ്ഥലം സന്ദര്‍ശിച്ചു. കാനായിയുടെ റിലാക്സിങ് ശില്പം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ ഡി.ടി.പി.സി സെക്രട്ടറി ജെ.കെ ജിജേഷ് കുമാര്‍, കലക്ടര്‍ ആര്. ചന്ദ്രശേഖര്‍, മേയര്‍ ടി.ഒ മോഹനന് എന്നിവര്‍ക്ക് നിവേദനം നല്കി.