കണ്ണൂരില്‍ വീണ്ടും തെരുവുനായയുടെ ആക്രമണം; അഞ്ച് വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു
കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും തെരുവുനായയുടെ ആക്രമണം. തളിപ്പറമ്പ് ഞാറ്റുവയലില്‍ തെരുവുനായയുടെ അക്രമത്തില്‍ നിന്നും അഞ്ച് വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ഞാറ്റുവയിലെ ഉനൈസിന്റെ മകള്‍ ഹംദയെയാണ് മൂന്ന് നായ്ക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. തെരുവുനായകള്‍ കുട്ടികളെ അക്രമിക്കുന്ന സംഭവങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ വ്യാപകമാകുകയാണ്.
ബുധനാഴ്ച്ച രാവിലെ ഒമ്പതുമണിയോടെ സ്‌കൂളില്‍ പോകാനിറങ്ങിയ ഹംദയെ നായകള്‍ ആക്രമിക്കാനായി ഓടി വരികയായിരുന്നു. സ്‌കൂളിലേക്കിറങ്ങുന്നതിന് മുമ്പ് വീടിന് സമീപത്തേക്കുള്ള കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്ന ഹംദയ. റോഡിലിറങ്ങിയ പാടെ നായ്ക്കള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. നായ്ക്കളെ കണ്ട് ഹംദയ നിലവിളിക്കുന്നത് കേട്ട് സമീപത്ത് ഫര്‍ണിച്ചര്‍ പണിയെടുക്കുകയായിരുന്ന ആള്‍ ഓടിയെത്തി രക്ഷിക്കുകയായിരുന്നു.

കണ്ണൂര്‍ മുഴപ്പിലങ്ങാട് കെട്ടിനകത്ത് നിഹാല്‍ നൗഷാദെന്ന പതിനൊന്ന് വയസുകാരന്‍ തെരുവുനായ്ക്കളുടെ കടിയേറ്റു കൊല്ലപ്പെട്ടിരുന്നു. എടക്കാട് ജാന്‍വിയെന്ന നാല് വയസുകാരി വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ തെരുവുനായ്ക്കളുടെ കടിയേറ്റു ഗുരുതരാവസ്ഥയില്‍ ചികിത്സയിലുമാണ്. ഇതിനിടെ അക്രമകാരികളായ തെരുവുനായകളെ ദയാ വധത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ അപേക്ഷ ജൂലൈ 12 ന് വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്.
ആവശ്യം അടിയന്തിരമായി പരിഗണിക്കണമെന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ആവശ്യം പരിഗണിച്ച് കേസിലെ എതിര്‍കക്ഷികളോട് ജൂലൈ 7 നകം മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു. മുഴപ്പിലങ്ങാട് പതിനൊന്ന് വയസുകാരന്‍ നിഹാല്‍ തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടി ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയാണ് ഹര്‍ജി നല്‍കിയത്. കുട്ടികള്‍ അപകടകാരികളായ നായകള്‍ക്ക് ഇരയാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നുവെന്നും 2022ല്‍ മാത്രം ജില്ലാ പഞ്ചായത്ത് പരിധിയില്‍ 11,776 പേര്‍ക്ക് കടിയേറ്റുവെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി.
ഈ വര്‍ഷം ജൂണ്‍ പത്തൊമ്പത് വരെ മാത്രം കടിയേറ്റത് 6267 പേര്‍ക്കാണ്. തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ കടുത്ത ശ്രമം നടത്തുന്നുണ്ടെങ്കിലും ദിനംപ്രതി ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യമാണ്. ജനങ്ങളുടെ ഭീതിയകറ്റാന്‍ ഹര്‍ജി അടിയന്തരസ്വഭാവത്തോടെ പരിഗണിക്കണമെന്നും ദിവ്യ ആവശ്യപ്പെട്ടു.












Click it and Unblock the Notifications