സാഹിത്യത്തിലും ചിത്രം വരയിലും ആധുനികതയ്ക്ക് പ്രചോദനമായി:എപി കുഞ്ഞിക്കണ്ണന് ജന്മനാട്ടിൽ അന്ത്യവിശ്രമം
കണ്ണൂർ: മാഹി മലയാള കലാഗ്രാമം സ്ഥാപകനും വ്യവസായിയുമായിരുന്ന എ.പി കുഞ്ഞിക്കണ്ണന് പിറന്ന നാട് അന്ത്യവിശ്രമ സ്ഥലമൊരുക്കും. എ.പി കുഞ്ഞിക്കണ്ണന്റെ
( 94) ഭൗതികശരീരം ചൊവ്വാഴ്ച്ച തലശേരിക്കടുത്തെ ചൊക്ളിയിലെ തറവാട് വീട്ടിലേക്ക് കൊണ്ടുവരും. സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് ചൊക്ളിയിലെ ആക്കൂൽ തറവാട് വീട്ടുവളപ്പിൽ നടക്കും. തിങ്കളാഴ്ച്ച രാവിലെ എ.പി കുഞ്ഞിക്കണ്ണന്റെ ഭൗതിക ശരീരം തിങ്കളാഴ്ച്ച ചെന്നൈയിൽ കോടാമ്പക്കത്ത് അശോക് അവന്യൂവിൽ 19/10 നമ്പർ വസതിയിൽ പൊതു ദർശനത്തിന് വയ്ക്കും.
എ.പി കുഞ്ഞിക്കണ്ണൻ ത്യാഗ നിർഭരമായ ജീവിതത്തിന് ഉടമയായ ഗാന്ധിയൻ സോഷ്യലിസ്റ്റായിരുന്നു. ദിവസങ്ങൾക്ക് മുൻപ് ന്യൂമോണിയ ബാധിച്ചു ചികിത്സയിലിരിക്കെ ഞായറാഴ്ച്ച വൈകുന്നേരം ചെന്നൈയിലെ സ്വാകാര്യ ആശുപത്രിയിൽ നിന്നാണ് ഈ ലോകത്തോട് വിട പറഞ്ഞത്.

ഗാന്ധിയനും സോഷ്യലിസ്റ്റുമായിരുന്ന എ.പി കുഞ്ഞികണ്ണൻ കണ്ണൂർ ചൊക്ളി മേന പ്ര ആക്കൂൽ വീട്ടിൽ പരേതരായ കൃഷ്ണന്റെയും ചിരുതയുടെയും മകനായി 1928 - ഡിസംബർ ഒൻപതിനാണ് ജനിച്ചത്.
ദരിദ്രമായ ചുറ്റുപാടിൽ നിന്ന് പതിനെട്ടാം വയസിൽ തൊഴിൽ തേടി മദിരാശിയിലേക്ക് വണ്ടി കയറി. സെൻട്രൽ സ്‌റ്റേഷനടുത്തെ ഹോട്ടലിലെ ജീവനക്കാരനായാണ് തുടക്കം. എം.പി ദാമോദരനെ പരിചയപ്പെട്ടത് ജീവിതത്തിൽ വഴിത്തിരിവായത്. പുസ്തകങ്ങളുമായി കൂട്ടുകൂടിയതോടെ വായന ലഹരിയായി. മദ്രാസ് ഹാർബർ, റെയ്സ് കോഴ്സ്, ആർമി ക്യാംപ് എന്നിവ ട ങ്ങളിൽ ക്യാംപ് ക്യാന്റീൻ ആരംഭിച്ചു പതുക്കെ വ്യാപാര മേഖലയിലേക്ക് ചുവടു വെച്ചു. പിന്നീട് വെസ്റ്റേൺ ഏജൻസി സ് എന്ന സ്ഥാപനം തുടങ്ങി.
എ.പിയുടെ മദ്രാസിലെ കാശ്മീർ ലോഡ്ജ് മലയാളികളായ എഴുത്തുകാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ചലച്ചിത്ര മേഖലയിലുള്ളവരുടെയും താവളമായിരുന്നു. എം.ഗോവിന്ദനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കെ.എ കൊടുങ്ങല്ലൂർ, എം.വി ദേവൻ, ടി.പത്മനാഭൻ തുടങ്ങി കലയിലും സാഹിത്യത്തിലും രാഷ്ട്രീയത്തിലും സൗഹ്യദങ്ങളുടെ വലിയ നിര അദ്ദേഹത്തിനുണ്ടായിരുന്നു.
സ്വന്തം നാട്ടിൽ ഒരു കലാ സ്ഥാപനമെന്ന അദ്ദേഹത്തിന്റെ സ്വപ്നമാണ് മാഹിയിൽ മയ്യഴി പുഴയുടെ തീരത്ത് മലയാള കലാഗ്രാമം യാഥാർത്ഥ്യമാക്കിയത്. ക്ളാസിക്ക് കലാരൂപങ്ങളെ പ്രോത്സാഹിപിക്കുകയെന്ന ലക്ഷ്യത്തോടെ എ.പി.കുഞ്ഞികണ്ണൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 1993 - ലാണ് മലയാള കലാഗ്രാമം തുറന്നത്.
മുപ്പതു വർഷത്തിനിടെ ഇവിടെ നിന്ന് നൂറു കണക്കിന് വിദ്യാർത്ഥികൾ നൃത്തത്തിലും ചിത്രമെഴുത്തിലും സംഗീതത്തിലുമെല്ലാം പ്രാവീണ്യം നേടി. കള്ളിമുൾചെടികൾ നിറഞ്ഞ തരിശ് നിലമായിരുന്ന ചെന്നെ നഗരത്തിനടുത്ത ഊത്തു കോട്ടയിലെ കൊടും ചൂടുള്ള പ്രദേശത്ത് മാവുകൾ നട്ടുപിടിപ്പിച്ച് ഹരിത സമൃദ്ധമാക്കി പരിസ്ഥിതി സ്നേഹി എന്ന നിലയിലും തന്റെ പേര് തമിഴ് നാട്ടിലും ശ്രദ്ധേയമാക്കി.
ചെന്നൈയിലെ കലാ സാംസ്കാരിക രംഗത്തും നിശബ്ദ സാന്നിധ്യമായിരുന്ന എ.പി കുഞ്ഞികണ്ണൻ അവിവാഹിതനായിരുന്നു. തമിഴ് നാട്ടിൽ സാംസ്കാരിക മേഖലയിൽ പ്രവർത്തിച്ചിരുന്ന ഒട്ടേറെ പേർ അദ്ദേഹവുമായി വ്യക്തിബന്ധം പുലർത്തിയിരുന്നു. മലയാള സാഹിത്യത്തിൽ ആധുനികതയുടെ തീപ്പൊരി ചിന്നി ചിതറിയത് എ പി കുഞ്ഞിക്കണ്ണനോടൊപ്പമുള മദിരാശി കാലത്താണ്. സാഹിത്യത്തിൽ മാത്രമല്ല ചിത്രകലയിലും എ.പിയുമായി അടുപ്പമുള്ളവരാണ് നവീന ഭാവുകത്വം സൃഷ്ടിച്ചത്.












Click it and Unblock the Notifications