ആറളം പുനരധിവാസ മേഖലയില്‍ 220 പേര്‍ക്ക് ഭൂമിവിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനമായി
ഇരിട്ടി: കണ്ണൂരിലെ മലയോര മേഖലയിലെ പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് തലചായ്ക്കാനിടമെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. ആറളം പുനരധിവാസ മേഖലയില്‍ വാസയോഗ്യമായ 555 പ്ലോട്ടുകള്‍ പഞ്ചായത്ത് ഭരണ സമിതി അംഗീകരിച്ച 220 പേര്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൈവശരേഖ അനുവദിക്കാന്‍ നടപടി സ്വീകരിക്കുന്നതിന് ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ക്ക് ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) നിര്‍ദേശം നല്‍കി.
ഇവിടെ ജൂലൈ അഞ്ചിന് 307 കൈവശാവകാശ രേഖകള്‍ റദ്ദുചെയ്തത് ഒരുമാസ കാലാവധി കഴിഞ്ഞതിനാല്‍ പ്ലോട്ടുകളുടെ സര്‍വേ ആരംഭിക്കുന്നതിന് ഇരിട്ടി തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയതായും ജില്ലാ വികസനസമിതിയില്‍ അറിയിച്ചു.

കരിന്തളം-വയനാട് 400 കെവി വൈദ്യുതി ലൈനിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് സ്ഥലം നഷ്ടപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കാനും പ്രവൃത്തി ഉടന്‍ ആരംഭിക്കാനും ജില്ലാ ഭരണസംവിധാനം അടിയന്തരമായി ഇടപെടണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് കെഎസ്ഇബി ചെയര്‍മാന്‍ പങ്കെടുക്കുന്ന യോഗം ചൊവ്വാഴ്ച കണ്ണൂരില്‍ ചേരുമെന്ന് എഡിഎം കെ നവീന്‍ ബാബു അറിയിച്ചു. പ്രധാനപ്പെട്ട റൂട്ടുകളില്‍ രാത്രി ബസുകള്‍ സര്‍വീസ് നടത്താത്തതിന് പരിഹാരം കാണാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉടന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു. കണ്ണൂര്‍ ജില്ലയില്‍ മാലിന്യം തളളുന്നതിനെതിരെയുളള നടപടി ശക്തമാക്കാനും തീരുമാനിച്ചു.
നിടുംപൊയില്‍ ചുരത്തില്‍ മാലിന്യം തള്ളുന്നത് തടയാന്‍ പരിശോധനയും പട്രോളിങ്ങും ശക്തമാക്കിയെന്നും കണിച്ചാര്‍ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ റോഡരികില്‍ കമ്പിവേലി നിര്‍മിച്ചിട്ടുണ്ടെന്നും ഡിഎഫ്ഒ അറിയിച്ചു. പഴയങ്ങാടി റെയില്‍വേ അടിപ്പാതയിലെ ഗതാഗതപ്രശ്‌നം പരിഹരിക്കാന്‍ പുതിയ അടിപ്പാത നിര്‍മിക്കുന്നതിന് നിര്‍ദേശം സമര്‍പ്പിച്ചതായി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സോയില്‍ പൈപ്പിങ് പ്രതിഭാസത്തെത്തുടര്‍ന്ന് വീടുകള്‍ അപകടാവസ്ഥയിലായ കേളകം കൈലാസംപടിയിലെ കുടുംബങ്ങളുടെ പുനരധിവാസ നടപടികള്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. ഇതുകാരണം നിരവധി കുടുംബങ്ങളെയാണ് മാറ്റിപാര്‍പ്പിച്ചിട്ടുളളത്.












Click it and Unblock the Notifications