അര്‍ജുനും ആകാശും സ്വയംപ്രഖ്യാപിത വിപ്ലവകാരികള്‍; പാര്‍ട്ടി ബോധമില്ലാത്തവരാണെന്ന് ഡിവൈഎഫ്‌ഐ
കണ്ണൂര്‍: സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതിയായ അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും ഡി വൈ എഫ് ഐയുമായുള്ള പോര് മുറുകുന്നു. ഡി വൈ എഫ് ഐയെ മറയാക്കിക്കൊണ്ട് ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ സംഘടനയുടെ നേതൃത്വം എന്ന നിലയില്‍ ഉത്തരവാദിത്തത്തോടെ അതിനോട് പ്രതികരിച്ചിട്ടുണ്ടെന്ന് മുന്‍ ഡി വൈ എഫ് ഐ ജില്ലാ അധ്യക്ഷനും സി പി എം ജില്ലാ കമ്മിറ്റി അംഗവുമായ മനു തോമസ് പറഞ്ഞു.
ഇവരാല്‍ തെറ്റിദ്ധരിക്കപ്പെട്ടവര്‍ ഇവരെ തിരിച്ചറിയുകയും ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും അവര്‍ക്ക് എന്താണ് പറയാനുള്ളതെന്നാല്‍ തുറന്നുപറയണമെന്ന് മനു തോമസ് പറഞ്ഞു. ബ്ലാക്ക് മെയില്‍ ചെയ്ത് അതിന് പിന്നില്‍ തലയൊളിപ്പിച്ച് നില്‍ക്കുന്ന പ്രസ്ഥാനമല്ല ഡി വൈ എഫ് ഐ. ഞങ്ങള്‍ക്കൊന്നും മറച്ചുവയ്ക്കാനില്ല. അതുകൊണ്ടാണ് ഞങ്ങള്‍ ഇത് പറയുന്നത്. ഇവര്‍ക്ക് ഏതെങ്കിലും കാലത്ത് സംഘടനയുമായി ബന്ധമുണ്ടായിരുന്നിരിക്കാം. ഇത്തരത്തിലുള്ള ആളുകള്‍ക്ക് എന്തെങ്കിലും പിശകുണ്ടെന്ന് വന്നാല്‍ അവരെ തിരുത്താന്‍ ശ്രമിക്കും. അതിന് തയ്യാറായില്ലെങ്കില്‍ ഒഴിവാക്കാനാണ് ശ്രമിക്കുകയെന്ന് മനു തോമസ് പറഞ്ഞു.

നമ്മുടെ നേതാക്കളുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുക. ആ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുക. ഇത് കാണുമ്പോള്‍ ജില്ലയ്ക്കകത്തും പുറത്തുനിന്നുള്ള ആളുകള്‍ ധരിക്കും ഇവര്‍ നേതാക്കളുടെ പ്രധാനപ്പെട്ട ആളുകളാണെന്ന്. പാര്‍ട്ടി നേതാവെന്ന നിലയില്‍ ആ നേതാക്കളോട് ആളുകള്‍ക്ക് സ്‌നേഹവും ബഹുമാനവും ഉണ്ടാകും. ആ സ്‌നേഹം ബഹുമാനവും ഈ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം നടത്തിയവന് കൂടി കിട്ടുകയാണെന്ന് മനു തോമസ് പറഞ്ഞു .
പി ജയരാജനെ പുകഴ്ത്തുന്നതോടെ ഇവര്‍ ഈ പാര്‍ട്ടിയല്ല എന്ന കാര്യം വ്യക്തമായെന്നും സി പി എമ്മില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും ഒരു നേതാവിനെ പുകഴ്ത്താനോ ഇകഴ്ത്താനോ സാധിക്കില്ല. പി ജയരാജനെ ഇഷ്ടപ്പെടുന്നവര്‍ തങ്ങളുടെ കീശയിലാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രമിക്കുന്നത് . സോഷ്യല്‍ മീഡിയയില്‍ അവര്‍ ചെ ഗുവേരെയേക്കാള്‍ വലിയ വിപ്ലവകാരികളാണെന്നും കാള്‍ മാര്‍ക്സിനെക്കാളും വലിയ ദാര്‍ശിനികരെന്നും വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും മനു തോമസ് പറഞ്ഞു.
അതേസമയം, കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതികളില്‍ ഒരാളായ അര്‍ജുന്‍ ആയങ്കിയെയും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെയും ഡി വൈ എഫ് ഐ കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. മനു തോമസിനെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് പരാതി . പിന്നാലെ സോഷ്യല്‍ മീഡിയ പോസ്റ്റുമായി ആര്‍ജുന്‍ ആയങ്കി രംഗത്തെത്തിയിരുന്നു .
കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ക്ക് ചാരപ്പണിയെടുക്കുന്ന പരിപാടി ഞാന്‍ ചെയ്തിട്ടില്ല, രാഷ്ട്രീയം ഉപ ജീവനമാര്‍ഗ്ഗം ആയിക്കാണുന്ന, രാഷ്ട്രീയ എതിരാളികളുമായി പങ്കുകച്ചവടം നടത്തുന്ന, അയിത്തം കല്പിച്ച അധോലോകത്തിലെ അതിഥികളായ അഭിനവ ആദര്‍ശ വിപ്ലവകാരികള്‍ ആരൊക്കെയാണെന്ന് ചൂണ്ടിക്കാണിക്കാനും നില്‍ക്കുന്നില്ല. വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കരുത് എന്നായിരുന്നു അര്‍ജുന്‍ ആയങ്കിഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത് .
ഒരു ജില്ലാ നേതാവ് ചാനലുകാര്‍ക്ക് വാര്‍ത്തകള്‍ ചോര്‍ത്തിക്കൊടുക്കുന്നു എന്നതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റില്‍ ആ ജില്ലാ നേതാവിനെ മെന്‍ഷന്‍ ചെയ്തു എന്നതിന്റെ അടിസ്ഥാനത്തില്‍ ആണ് സംഘടന എനിക്കെതിരെ പരാതി കൊടുത്തിട്ടുള്ളത്. പോസ്റ്റിട്ടയാള്‍ ഞാനല്ല, മെന്‍ഷന്‍ ചെയ്തു എന്നത് ഒഫന്‍സുമല്ല, എങ്കിലും മനഃപൂര്‍വ്വം എന്നെയും ഇതിലേക്ക് വലിച്ചിഴച്ച് മറ്റൊരു ദിശയിലേക്ക് വിഷയം കൊണ്ടെത്തിക്കുന്ന പ്രവണത ശരിയല്ലെന്നും അര്‍ജുന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.












Click it and Unblock the Notifications