വിളക്കും തറ മൈതാനം സൈനികർ പൂർണമായും വേലി കെട്ടി അടച്ചു
കണ്ണൂര്‍: വേലികെട്ടുന്നതുമായ തര്‍ക്കം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളിനു മുന്നിലെ വിളക്കുംതറ മൈതാനത്തിനു ചുറ്റും പട്ടാളം വേലി കെട്ടി. ഇന്നലെ അര്‍ധരാത്രിയോടെയാണ് പട്ടാളത്തിന്റെ നേതൃത്വത്തില്‍ കോണ്‍ക്രീറ്റ് തൂണും ഇരുമ്പ് മുള്ള് കമ്പിയും ഉപയോഗിച്ച് വേലി കെട്ടി അടച്ചത്. ഇതോടെ സ്‌കൂളിലേക്ക് വഴികള്‍ അടഞ്ഞു.
സംഭവത്തില്‍ പ്രതിരോധ മന്ത്രാലയം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും അടുത്ത ആഴ്ചയിലേക്ക് കേസ് മാറ്റി വെക്കുകയും ചെയ്തിരിക്കുകയാണ്. വേലി കെട്ടിയതിനെതിരേ സ്‌കൂള്‍ അധികൃതര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി നിര്‍ദ്ദേശം. കണ്ണൂര്‍ കന്റോണ്‍മെന്റ് ഏരിയയില്‍ സെന്റ് മൈക്കല്‍സ് സ്‌കൂളിന് മുന്നിലെ ഒന്നരയേക്കര്‍ വരുന്ന മൈതാനം സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ റാലികള്‍ തുടങ്ങുന്ന സ്ഥലവും 2500 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന്റെ വഴിയുമായിരുന്നു.

കഴിഞ്ഞ ദിവസം തൊഴിലാളികളുമായി വേലി കെട്ടാന്‍ പട്ടാളമെത്തിയപ്പോള്‍ നേതാക്കളും ജനപ്രതിനിധികളുമെത്തി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ വേലികെട്ടാനുള്ള ശ്രമം സൈന്യം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഞായറാഴ്ച രാത്രിയോടെ പട്ടാളം വേലി കെട്ടി പൂര്‍ത്തിയാക്കുകയായിരുന്നു. പ്രതിരോധ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ് മതില്‍ കെട്ടുന്നതെന്നും തീരുമാനം മാറ്റണമെങ്കില്‍ കേന്ദ്രത്തെ സമീപിക്കുകയാണ് വേണ്ടതെന്നും ഡിഎസ്സി അധികൃതര്‍ ജനപ്രതിനിധകളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഗ്രൗണ്ട് ഏറ്റെടുക്കരുതെന്ന് ആവശ്യപ്പെട്ട് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഒപ്പിട്ട നിവേദനം രാഷ്ട്രപതിക്കും അയച്ചിട്ടുണ്ട്.












Click it and Unblock the Notifications