'സികെപിയോട് തന്നെ ചോദിക്ക് ,ഇതിനൊക്കെ എന്ത് മറുപടി നൽകാൻ'; പ്രതികരിച്ച് എംവി ഗോവിന്ദൻ
തളിപ്പറമ്പ്:താൻ രോഗിയാവാൻ കാരണം പാർട്ടിണെന്ന സികെപി പത്മനാഭന്റെ പ്രതികരണത്തിന് മറുപടിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഈക്കാര്യം എന്തടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഈകാര്യം ചർച്ച ചെയ്യുമോ യെന്ന ചോദ്യത്തിന് എവിടെ ചർച്ച ചെയ്യാനെന്നായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മറുപടി.
താൻ രോഗിയായത് പാർട്ടി അച്ചടക്ക നടപടിയെടുത്തതു കാരണമാണെന്നും പാർട്ടിയിലെ വിഭാഗീയതയുടെ ഇരയാണ് താനെന്നുമായിരുന്നു സികെപിയുടെ ആരോപണം.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ തിരിച്ചടി പ്രകൃതി നിയമമാണെന്നും അതിൽ താൻ സന്തോഷിക്കുന്നുവെന്നും സികെപി പറഞ്ഞിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റതിൻ്റെ ക്ഷീണം മറയ്ക്കാൻ തെറ്റുതിരുത്തൽ രേഖ നടപ്പിലാക്കി വരുന്നതിനിടെയാണ് മുൻ സംസ്ഥാന കമ്മിറ്റിയംഗം തന്നെ തനിക്ക് നീതി കിട്ടിയില്ലെന്ന പരാതിയുമായി പാർട്ടിക്കെതിരെ പരസ്യമായി രംഗത്തുവന്നത്.

സികെപിയുടെ പ്രതികരണം പാർട്ടി സംസ്ഥാന നേതൃത്വത്തിലും അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. പാർട്ടി അന്വേഷണം നടത്തി കുറ്റവിമുക്തനാക്കിയ പി ശശിക്കെതിരെയുള്ള ആരോപണം തള്ളിക്കളയാൻ കഴിയില്ലെന്ന സികെ.പിയുടെ അഭിപ്രായ പ്രകടനം പാർട്ടി തീരുമാനം അംഗീകരിക്കാത്തതിൻ്റെ തെളിവാണെന്നും ചില നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഈ സാഹചര്യത്തിൽ മാടായി ഏരിയാ കമ്മിറ്റി അംഗമായ സി.കെ.പി പാർട്ടിക്കെതിരെ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമായാണ് വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ അച്ചടക്കനടപടി അനിവാര്യമാണെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. മാടായി ഏരിയാ കമ്മിറ്റി യോഗം അടിയന്തിരമായിവിളിച്ച് ഈ കാര്യം ചർച്ച ചെയ്യുമെന്നാണ് സി.പി.എമ്മിൽ നിന്നും ലഭിക്കുന്ന വിവരം. നേതൃത്വം എന്ത് നിലപാടായിരിക്കും വിഷയത്തിൽ സ്വീകരിക്കുകയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.












Click it and Unblock the Notifications