ഇസ്ലാം ഭീകരത രാജ്യങ്ങളെ തകര്‍ത്തെന്ന് ക്രിസ്ത്യന്‍ വേദിയില്‍ മുരളീധരന്‍; അതേവേദിയില്‍ മറുപടിയുമായി ബ്രിട്ടാസ്
കണ്ണൂര്‍: ഇസ്ലാമിക ഭീകരത പല രാജ്യങ്ങളേയും തകര്‍ത്തു കളഞ്ഞെന്ന് മുതിര്‍ന്ന ബി ജെ പി നേതാവും കേന്ദ്ര മന്ത്രിയുമായ വി മുരളീധരന്‍. കണ്ണൂര്‍ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ മെത്രാഭിഷേകത്തിന് ശേഷം നടന്ന അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാഖ്, സിറിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ ഉദാഹരണങ്ങള്‍ നല്‍കി കൊണ്ട് ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ പള്ളികള്‍ക്ക് ഇസ്ലാമിക ഭീകരത വലിയ നഷ്ടമുണ്ടാക്കിയെന്ന് വി മുരളീധരന്‍ പറഞ്ഞു. ഇറാഖിലും സിറിയയിലും ഇന്ത്യയുടെ അയല്‍രാജ്യമായ ശ്രീലങ്കയിലും പോലും ധാരാളം ക്രിസ്ത്യന്‍ രക്തം ഒഴുകിയിട്ടുണ്ട്.
എല്ലാവരേയും സ്‌നേഹിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്ബോധിപ്പിച്ച സമയത്താണ് 2018 ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഇസ്ലാമിക തീവ്രവാദികള്‍ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്തത്,'' വിദേശകാര്യ സഹമന്ത്രിയായ വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക ഭീകരതയെക്കുറിച്ച് സഭാ നേതൃത്വത്തിന് ആശങ്കയുണ്ടെങ്കില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും മുരളീധരന്‍ പറഞ്ഞു. സഭയുടെ ആശങ്കയെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ വളരെ ആശങ്കയോടെയാണ് കാണുന്നതെന്നും ഉന്നയിക്കുന്ന വിഷയങ്ങളില്‍ നിഷേധാത്മക സമീപനം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സി പി ഐ എം നേതാവ് ജോര്‍ജ് എം തോമസും ഇടതു സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണിയും ലൗ ജിഹാദിനെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവച്ചെങ്കിലും പ്രസ്താവനകള്‍ പിന്‍വലിക്കേണ്ടി വന്നുവെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചാല്‍ ബിഷപ്പുമാര്‍ക്കെതിരെ കേസെടുക്കുന്നത് ആശങ്കാജനകമാണ്. ക്രിസ്ത്യന്‍ സ്ത്രീകളെ മതം മാറ്റാന്‍ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന് സഭാ നേതൃത്വത്തിനല്ലാതെ മറ്റാര്‍ക്ക് പറയാന്‍ കഴിയും? ക്രിസ്ത്യന്‍ സ്ത്രീകളെ ലൗ ജിഹാദില്‍ കുടുക്കിയതിന് നിരവധി തെളിവുകളുണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു.

അതേസമയം പരിപാടിയില്‍ സംസാരിച്ച സി പി ഐ എം എംപി ജോണ്‍ ബ്രിട്ടാസ് തന്റെ പ്രസംഗത്തില്‍ മന്ത്രിയെയോ ബി ജെ പിയെയോ പേരെടുത്ത് പറയാതെ തിരിച്ചടിച്ചു. അധികാരത്തിന്റെ ഗര്‍വുമായി വരുന്ന ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ സൂക്ഷിക്കുക എന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് പറഞ്ഞത്. സഭയുടെയും ക്രിസ്തീയ വിശ്വാസത്തിന്റെയും പാരമ്പര്യം ഓര്‍മപ്പെടുത്തിയാണ് ജോണ്‍ ബ്രിട്ടാസ് മറുപടി നല്‍കിയത്. കെ പി സി സി പ്രസിഡന്റ് കെ സുധാകരനും വേദിയിലുണ്ടായിരുന്നു എങ്കിലും മുരളീധരന്റെ വിവാദ പ്രസ്താവനയോട് പ്രതികരിച്ചില്ല.

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പാതയിലേക്ക് ക്രിസ്തുമത വിശ്വാസികള്‍ക്ക് ഒരിക്കലും നീങ്ങാനാവില്ലെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഒന്നിന്റെ പേരിലും മത സൗഹാര്‍ദത്തിന് പോറലേല്‍പ്പിക്കുന്ന നീക്കത്തിന് പിതാക്കന്മാരോ സഭയോ തയാറാവില്ലെന്നും യേശുക്രിസ്തു മതിലുകളല്ല, സമുദായത്തിനും സമൂഹത്തിനുമിടയില്‍ പാലമാണ് പണിതതെന്നും ബ്രിട്ടാസ് ഓര്‍മിപ്പിച്ചു. ഉത്തരേന്ത്യയിലെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം ഇവിടേക്കും വ്യാപിപ്പിക്കാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെറുപ്പും വിദ്വേഷവുമല്ല, നന്മയും സ്നേഹവുമാണ് കേരളം സമൂഹത്തിന് പകരുന്നത്, ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

'ഇസ്ലാമിക മതഭീകരത'യ്ക്കെതിരെ പ്രചാരണം ആരംഭിക്കാനുള്ള സംസ്ഥാന ബി ജെ പിയുടെ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ക്രിസത്യന്‍ പള്ളിയിലെ പരിപാടിയില്‍ കേന്ദ്രമന്ത്രിയുടെ പരാമര്‍ശം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏപ്രില്‍ 29 ന് പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കുമെന്നും മതഭീകരതയെ ചെറുക്കുന്നതിനുള്ള കര്‍മ്മ പദ്ധതി ആവിഷ്‌കരിക്കുമെന്നും അടുത്തിടെ സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications