ആത്മകഥാ വിവാദം:ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി
കണ്ണൂർ : ആത്മകഥ വിവാദത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജൻ്റെ മൊഴി എടുത്ത് അന്വേഷണ സംഘം. കണ്ണൂരിലെ കീച്ചേരിയിലുള്ള വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. ഡിസി രവിയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. പുസ്തക പ്രകാശനത്തിനായി കരാർ ഇല്ലെങ്കിലും ധാരണ ഉണ്ടായിരുന്നെന്നാണ് നേരത്തേ ഡിസി ജീവനക്കാർ മൊഴി നൽകിയത്.
കഴിഞ്ഞ ദിവസങ്ങളിൽ മൊഴി രേഖപ്പെടുത്തുന്നതിനായി അന്വേഷണ സംഘം ഇപി ജയരാജനെ ബന്ധപ്പെട്ടിരുന്നുവെങ്കിലും സമ്മേളന തിരക്കുകൾ ഉണ്ടായിരുന്നതിനാൽ മൊഴി രേഖപ്പെടുത്താൻ സാധിച്ചിരുന്നില്ല. ഡിസി ബുക്സ് അധികൃതരുടെ മൊഴിയും ഇപിയുടെ മൊഴിയും തമ്മിൽ വൈരുദ്ധ്യങ്ങളുണ്ടോയെന്ന് കണ്ടെത്തിയ ശേഷം കോട്ടയം ജില്ലാ പൊലിസ് മേധാവി സംസ്ഥാന പൊലിസ് മേധാവിയ്ക്ക് റിപ്പോർട്ട് നൽകും.ഡിസി രവിയുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാണ് അന്തിമ റിപ്പോർട്ട് തയ്യാറാക്കുക.

ചേലക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസമായിരുന്നു ഇപി ജയരാജന്റെ ആത്മകഥ സംബന്ധിച്ച വിവാദം ഉടലെടുത്തത്. ഇതിന് പിന്നാലെ ജയരാജൻ ഡിജിപിക്ക് പരാതി നൽകുകയായിരുന്നു. അതേ സമയം ആത്മകഥാ വിവാദത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് ഇപി ജയരാജൻ പറയുന്നത്. സി. പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ അദ്ദേഹം നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. തന്നെ കുടുക്കാൻ ആ സൂത്രിതമായി നീക്കം നടക്കുന്നുണ്ടെന്നും ഇതിൻ്റെ ഭാഗമായാണ് ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ ആത്മകഥ പ്രസിദ്ധീകരിക്കുന്നുവെന്ന വ്യാജ പുറത്തുവന്നത് എന്നാണ് ജയരാജൻ പറഞ്ഞത്. ഈ വാദം അംഗീകരിച്ചു കൊണ്ടു പാർട്ടി ഈക്കാര്യത്തിൽ ഇ.പി ജയരാജനൊപ്പമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. ഈ കാര്യത്തിൽ സി.പി.എം പാർട്ടി തലത്തിൽ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാത്രമേ പാർട്ടി നേതൃത്വം കൂടുതൽ നടപടികളിലേക്ക് കടക്കുകയുള്ളുവെന്നാണ് വിവരം.












Click it and Unblock the Notifications