ഓട്ടോറിക്ഷ ചാര്‍ജ് നിരക്ക് വിവാദം: വിശദീകരണം ആര്‍ടിഒയാണ് നല്‍കേണ്ടതെന്ന് മേയര്‍
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ ഓട്ടോറിക്ഷ ചാര്‍ജുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടത് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറാണെ വിശദീകരണവുമായി മേയര്‍ മുസ്ലിഹ് മഠത്തില്‍ രംഗത്തെത്തി. പ്രീപെയ്ഡ് ഓട്ടോ സംവിധാനം പുനസ്ഥാപിക്കല്‍, ഓട്ടോ പാര്‍ക്കിംഗ്, കെ എം സി നമ്പറിംഗ് തുടങ്ങി വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണുന്നതിനു വേണ്ടിയാണ് ഓട്ടോ തൊഴിലാളി യൂണിയനുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വ്യാപാരസംഘടനകള്‍, പ്രസ് ക്ലബ്ബ് എന്നിവരുടെ പ്രതിനിധികള്‍ ട്രാഫിക് റെഗുലേറ്ററി അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി യോഗം വിളിച്ചു ചേര്‍ത്തത്.
യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ പ്രതിനിധികള്‍ക്കും സംസാരിക്കുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും അവസരം നല്‍കിയിട്ടുണ്ട്. ഒരാള്‍ക്ക് തന്നെ നിരവധി പെര്‍മിറ്റുകളുണ്ടെന്ന് യോഗത്തില്‍ ആക്ഷേപം വന്നിട്ടുള്ളതും, ആര്‍ ടി ഒ കെ സി നമ്പര്‍ വെരിഫിക്കേഷന്‍ നടത്തി ഒരു മാസത്തിനകം ലിസ്റ്റ് കോര്‍പ്പറേഷനില്‍ നല്‍കുന്നതാണ് എന്ന് അറിയിച്ചതു പ്രകാരവും, ഒരാള്‍ക്ക് ഒരു പെര്‍മിറ്റ് മാത്രം എന്ന് നിശ്ചയിച്ച് കെ സി നമ്പര്‍ വെരിഫിക്കേഷന്‍ നടത്തി ഒഴിവു വരുന്ന നമ്പറുകള്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ളവര്‍ക്കും, നഗരത്തിലുള്ളവര്‍ക്കും മുന്‍ഗണന നല്‍കി അനുവദിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

കോര്‍പ്പറേഷനിലെയും കോര്‍പ്പറേഷന്‍ പരിധിക്ക് പുറത്തെയും ഓട്ടോ ചാര്‍ജ്ജ് സംബന്ധിച്ച് ആര്‍ ടി ഒ യോഗത്തില്‍ നടത്തിയ പരാമര്‍ശമാണ് പത്രവാര്‍ത്തയായി വന്നിട്ടുള്ളത്. അതിനാല്‍ ആര്‍ ടി ഒ നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണം നല്‍കേണ്ടത് ആര്‍ ടി ഒ യാണെന്ന് മേയര്‍ മുസ്ലിഹ് മഠത്തില്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ഓട്ടോചാര്‍ജ്ജ്, ടൗണ്‍ പരിധി എന്നിവ നിശ്ചയിച്ച് കൊണ്ട് പ്രസ്തുത യോഗത്തില്‍ തീരുമാനം എടുത്തിട്ടില്ലാത്തതാണ്.
കോര്‍പ്പറേഷന്‍ പരിധിയില്‍ ചില ഓട്ടോകളില്‍ ടി പി സ്റ്റിക്കറുകള്‍ പതിച്ച് ഓടുന്നതിലെ നിയമസാധുത സംബന്ധിച്ച് യോഗത്തില്‍ പങ്കെടുത്ത ചില ഓട്ടോ തൊഴിലാളി യൂണിയനുകള്‍ തന്നെ ചോദ്യം ചെയ്തിട്ടുള്ളതും ടി പി സ്റ്റിക്കറോ ടി പി നമ്പറോ കോര്‍പ്പറേഷന്‍ അനുവദിച്ചിട്ടില്ലാത്തതും, ആയത് ആര്‍ ടി ഒയും അനുവദിച്ചിട്ടില്ലെന്ന് ആര്‍ ടി ഒ വിശദീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ടി പി സ്റ്റിക്കര്‍ സ്വമേധയാ ഓട്ടോകളില്‍ നിന്നും നീക്കം ചെയ്യുന്നതിനും, നീക്കം ചെയ്യാത്ത പക്ഷം ട്രാഫിക് പോലീസും ആര്‍ ടി ഒ യും ഇടപെട്ട് നീക്കം ചെയ്യുന്നതിന് തീരുമാനിച്ചിട്ടുള്ളതുമാണ്.
ഓട്ടോ സ്റ്റാന്റുകളില്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. പ്രീപെയ്ഡ് നഗരപരിധി, നിരക്ക് നിശ്ചയിക്കല്‍ എന്നിവ സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സബ്കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്ത് കൊണ്ട് ഒരു മാസത്തിനുള്ളില്‍ തീരുമാനം എടുക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. മേല്‍ യോഗ തീരുമാനങ്ങളില്‍ ആരും തന്നെ ആ സമയത്ത് എതിര്‍പ്പ് അറിയിച്ചിട്ടില്ലാത്തതുമാണ്.
വസ്തുത ഇതായിരിക്കെ കോര്‍പ്പറേഷന്‍ ഓട്ടോതൊഴിലാളികള്‍ക്ക് എതിരാണെന്ന രൂപത്തിലുള്ള കുപ്രചരണങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ വിട്ട് നില്‍ക്കണമെന്നും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനാണ് കോര്‍പ്പറേഷന്‍ പ്രാധാന്യം നല്‍കുന്നതെന്നും, ഓട്ടോതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗം തൊഴിലാളികളുടെയും ക്ഷേമത്തിന് കോര്‍പ്പറേഷന്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്നും, സംഘര്‍ഷങ്ങള്‍ ഇല്ലാതെ, കോര്‍പ്പറേഷനിലെ എല്ലാ സ്ഥലങ്ങളിലുമുള്ള ഓട്ടോ തൊഴിലാളികളും ഐക്യത്തോടെയും സൗഹൃദത്തോടെയും തൊഴില്‍ ചെയ്യുന്നതിനാവശ്യമായ നടപടികള്‍ക്ക് കോര്‍പ്പറേഷന്‍ പ്രതിജ്ഞാബദ്ധമാണെന്നും മേയര്‍ മുസ്ലിഹ് മഠത്തില്‍ പ്രസ്താവനയില്‍ അറിയിച്ചു.












Click it and Unblock the Notifications